കൊല്ലം: കൊട്ടിയത്ത് സ്കൂൾ വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം. സമീപത്തെ ടാർ മിക്സിങ് പ്ലാന്റിൽ നിന്നുള്ള പുക ശ്വസിച്ചതിനെ തുടർന്നാണ് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായത് എന്നാണ് പ്രാഥമിക നിഗമനം. കൊട്ടിയത്തെ ഓക്സിലിയം സ്കൂളിലെ മുപ്പതിലേറെ വിദ്യാർഥികളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് സ്കൂളിലെ ക്ലാസുകള്‍ അവസാനിപ്പിച്ചു. മൂന്ന് കുട്ടികളെ ഐ.സി.യുവിൽ ഉൾപ്പെടെ പ്രവേശിപ്പിക്കേണ്ടിവന്നു. വൈകിട്ടോടെയാണ് ഭൂരിഭാഗം കുട്ടികളും ആശുപത്രിവിട്ടത്.
കൊട്ടിയം സൂര്യന്പൊയ്കയില് പ്രവര്‍ത്തിക്കുന്ന ടാര്‍ മിക്സിങ് പ്ലാന്റില്‍നിന്നുള്ള പുകയും രൂക്ഷഗന്ധവുമാണ് കുട്ടികളുടെ അസ്വസ്ഥതയ്ക്ക് കാരണമെന്നാണ് നാട്ടുകാരുടെ പരാതി. സ്കൂളില്‍നിന്ന് ഏകദേശം 300 മീറ്റര്‍ മാത്രം അകലെയാണ് പ്ലാന്റ് പ്രവര്‍ത്തിക്കുന്നത്. പ്ലാന്റില്‍നിന്ന് ഉയരുന്ന പുക ജനവാസ മേഖലയിലേക്ക് വ്യാപിക്കുന്നതായി നേരത്തെയും പരാതിയുണ്ടായിരുന്നു. പ്രദേശത്തെ മുതിര്‍ന്നവര്‍ക്കും പുകയും ഗന്ധവും കാരണം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിട്ടുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. കുട്ടികൾ വീണ്ടും ആശുപത്രിയിലായതോടെ നാട്ടുകാരും രക്ഷകർത്താക്കളും ഉൾപ്പെടെ വൻ ജനാവലിയാണ് സ്ഥലത്ത് തടിച്ചുകൂടിയത്.
പ്ലാന്റിന്റെ പ്രവര്‍ത്തനത്തിനെതിരെ നേരത്തെ നാട്ടുകാര്‍ പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നല്‍കിയെങ്കിലും പ്ലാന്റ് ഉടമകള്‍ കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടിയതായാണ് വിവരം. പ്ലാന്റിന് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് അധികൃതരും ഉടമകളും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിയിലും പ്രദേശവാസികള്‍ ആശങ്ക ഉന്നയിച്ചിരുന്നു.
1200ലധികം കുട്ടികള്‍ പഠിക്കുന്ന സ്കൂളിന് സമീപമാണ് പ്ലാന്റ് പ്രവര്‍ത്തിക്കുന്നത്. പ്ലാന്റ് പ്രവര്‍ത്തിക്കുമ്പോള്‍ കാറ്റിനൊപ്പം പുകയും രൂക്ഷഗന്ധമുള്ള വാതകങ്ങളും ജനവാസ മേഖലയിലേക്ക് എത്തുന്നതായാണ് നാട്ടുകാരുടെ ആരോപണം. മൂന്ന് മാസം മുമ്പും പ്ലാന്റിനെതിരെ പ്രദേശവാസികള്‍ പരാതി ഉയര്‍ത്തിയിരുന്നു.
സംഭവത്തെ തുടര്‍ന്ന് കൊട്ടിയം പൊലിസ് സ്ഥലത്തെത്തി. കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം മാത്രമാണ് അനുഭവപ്പെട്ടതെന്നും മറ്റ് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നുമാണ് വിവരം. പ്ലാന്റിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന ആവശ്യവുമായി പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തി.
അതേസമയം സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. ജില്ല കലക്ടർ, മലിനീകരണ നിയന്ത്രണ ബോർഡ് എൻവയോൺമെന്റൽ എൻജിനീയർ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എന്നിവർ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ അംഗം വി. ഗീത ആവശ്യപ്പെട്ടു.
SUMMARY: 54 children in hospital after inhaling fumes from Kotiat tar mixing plant
















