ഡൽഹി: ഔദ്യോഗിക ചടങ്ങുകളില്‍ ഇനി വന്ദേമാതരം ആലപിക്കുന്നത് നിർബന്ധം. ദേശീയപതാക ഉയർത്തല്‍, രാഷ്ട്രപതിയുടെ സന്ദർശനം, രാഷ്ട്രപതിയുടെ അഭിസംബോധന തുടങ്ങിയ ചടങ്ങുകളില്‍ ആണ് വന്ദേമാതരം നിർബന്ധമാക്കിയത്. ഇത് സംബന്ധിച്ച് ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കി. ദേശീയ ഗീതത്തിൻ്റെ 150-ാം വാർഷികത്തോട് അനുബന്ധിച്ചാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവ്.
വന്ദേമാതരത്തിന്റെ 6 ചരണങ്ങള്‍ ഉള്ള മൂന്ന് മിനിറ്റ് 10 സെക്കൻഡ് ദൈർഘ്യമുള്ള പതിപ്പ് ആണ് നിർബന്ധമാക്കിയത്. ഗവർണർമാരുടെ പരിപാടികളിലും വന്ദേമാതരം നിർബന്ധമാക്കി. വന്ദേമാതരം ആലപിക്കുന്ന ഇത്തരം ചടങ്ങുകളില്‍ സദസിലുള്ളവർ എഴുന്നേറ്റു നില്‍ക്കണമെന്നും ദേശീയ ഗാനവും ദേശീയഗീതവും ചൊല്ലുന്ന ചടങ്ങുകളില്‍ വന്ദേമാതരം ആദ്യം ആലപിക്കണമെന്നും ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നു.
സിനിമകളിലോ ഡോക്യുമെൻ്ററികളിലോ ദേശീയഗീതം ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ പ്രേക്ഷകർ എഴുന്നേറ്റ് നില്‍ക്കേണ്ടതില്ല. ദേശീയഗീതം ആലപിക്കാവുന്ന ചടങ്ങുകളുടെ പട്ടികയില്‍ സ്കൂള്‍ അസംബ്ലികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിയമപ്രകാരം, ദേശീയ ഗാനത്തെ തടസ്സപ്പെടുത്തുകയോ മറ്റുള്ളവരെ ബഹുമാനിക്കാതിരിക്കുകയോ ചെയ്യുന്ന ഏതൊരു വ്യക്തിക്കും പരമാവധി മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാം.
SUMMARY: Vande Mataram mandatory at official functions: Central government issues new guidelines
















