തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിനുള്ള 11 അംഗങ്ങളടങ്ങിയ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക ബിജെപി കേന്ദ്ര നേതൃത്വം പുറത്തുവിട്ടു. ഇതോടെ ആകെ 97 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ ആയി. കഴിഞ്ഞ തവണ തിരുവനന്തപുരം മണ്ഡലത്തില്‍ മത്സരിച്ച നടൻ കൃഷ്‌ണകുമാറിന് ഇക്കുറി സീറ്റില്ല. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ രണ്ട് പ്രമുഖ നേതാക്കള്‍ക്ക് സീറ്റ് നല്‍കിയിട്ടുണ്ടെന്നതാണ് പ്രധാന പ്രത്യേകതകളില്‍ ഒന്ന്.
നടന്‍ വിവേക് ഗോപന്‍ അരുവിക്കരയില്‍ നിന്നാണ് ജനവിധി തേടുന്നത്. പീരുമേട് വി രതീഷ്, പുതുപ്പള്ളി രവീന്ദ്രനാഥ് വാകത്താനം, മാവേലിക്കര അജിമോന്‍, അടൂര്‍ പന്തളം പ്രതാപന്‍, ചവറ കെ ആര്‍ രാജേഷ്, ചടയമംഗലം ആര്‍എസ് അരുണ്‍ രാജ്, ചിറയന്‍കീഴ് ബിഎസ് അനൂപ്, തിരുവനന്തപുരം കരമന ജയന്‍, അരുവിക്കര വിവേക് ഗോപന്‍, കോവളം ടി എന്‍ സുരേഷ്, നെയ്യാറ്റിന്‍കര രാജശേഖരന്‍ നായര്‍ എന്നിവരാണ് മറ്റു സ്ഥാനാർഥികള്‍.
ബി എസ് അനൂപ്, ആര്‍ എസ് അരുണ്‍ രാജ് എന്നിവര്‍ കോണ്‍ഗ്രസ് വിട്ടാണ് ബിജെപിയില്‍ എത്തിയത്. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അതൃപ്തിക്ക് പിന്നാലെയാണ് ഇവര്‍ ബിജെപിയില്‍ ചേര്‍ന്നത്. 2021ല്‍ ചിറയിന്‍കീഴില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആയിരുന്നു ബി എസ് അനൂപ്. യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ആയിരുന്നു ആര്‍ എസ് അരുണ്‍ രാജ്.
അതേസമയം, ബിജെപിയുടെ രണ്ടാംഘട്ട സ്ഥാനാർഥി കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 39 പേരുടെ പട്ടികയായിരുന്നു പുറത്തുവിട്ടത്. മുൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ആറന്മുളയിലും റിയാലിറ്റി ഷോ താരം റോബിൻ രാധാകൃഷ്‌ണൻ കുണ്ടറയിലും മത്സരിക്കും. നാട്ടികയില്‍ സിപിഐ വിട്ടുവന്ന നിലവിലെ എംഎല്‍എ സിസി മുകുന്ദനാണ് സ്ഥാനാർഥി.
SUMMARY: BJP’s third phase list; Serial star Vivek Gopan in Aruvikkara
















