കോഴിക്കോട്: കോഴിക്കോട് വെച്ച് തീവണ്ടിക്ക് നേരെയുണ്ടായ കല്ലേറിൽ വിദ്യാർഥിനിക്ക് ഗുരുതരമായി രുക്കേറ്റ സംഭവത്തിൽ പ്രതി പിടിയിൽ. കടലുണ്ടി വടക്കുമ്പാട് സ്വദേശി കൃഷ്ണകുമാറാണ് (30) തിങ്കളാഴ്ച റെയിൽവേ പൊലീസിന്റെ പിടിയിലായത്. പ്രതി ലഹരി ഉപയോഗിച്ച ശേഷം ട്രെയിനിന് നേരെ കല്ലെറിയുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.
കഴിഞ്ഞ മാസം 30ന് ആയിരുന്നു സംഭവം. ആലുവയിലെ ഹോസ്റ്റലിൽനിന്ന് ട്രെയിനിൽ കോഴിക്കോട് പുറമേരിയിലെ വീട്ടിലേക്ക് വരുന്നതിനിടെ എരഞ്ഞോളി താഴേക്കുനിയിൽ ഐശ്വര്യക്കാണ് (22) കല്ലേറിൽ പരുക്കേറ്റത്. ആലപ്പുഴ കണ്ണൂർ എക്സിക്യൂട്ടിവ് എക്സ്പ്രസിന് നേരെയായിരുന്നു കല്ലേറ് നടന്നത്. ഫറോക്കിനും കടലുണ്ടിക്കും ഇടയില്‍ വെച്ചായിരുന്നു സംഭവം.
കല്ലേറില്‍ ഐശ്വര്യയുടെ താടിയെല്ലിന് ഗുരുതരമായി പരുക്കേറ്റു. ഇടതുവശത്തെ രണ്ടു പല്ലുകള്‍ നഷ്ടമാവുകയും ചുണ്ടിനു മുറിവേല്‍ക്കുകയും ചെയ്തു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഐശ്വര്യക്ക് സംഭവം നടന്ന് 20 ദിവസം കഴിഞ്ഞിട്ടും ഭക്ഷണം പോലും കഴിക്കാനാവാത്ത സ്ഥിതിയാണ്. ആലുവ യുസി കോളേജിലെ ബയോ ഇന്‍ഫര്‍മാറ്റിക് പിജി വിദ്യാര്‍ഥിയാണ് ഐശ്വര്യ.
SUMMARY: Stone pelting at train; Suspect arrested in case of serious injury to student














