ബെംഗളൂരു: സ്കൂളിൽ ജങ്ക് ഫുഡ് കഴിച്ചതിന് ഏഴാം ക്ലാസ് വിദ്യാർഥിനിയെ അധ്യാപകൻ മർദിച്ചതായി പരാതി. ദക്ഷിണ ബെംഗളൂരുവിലെ എസ്.ജി. പാല്യയിലെ സ്വകാര്യ സ്കൂളിലാണ് സംഭവം. ക്ലാസ് മുറിയിൽ വെച്ച് വിദ്യാർഥിനിയെ അധ്യാപകൻ അടിച്ചതായാണ് കുടുംബത്തിന്റെ ആരോപണം.
വിദ്യാർഥിനി സ്കൂളിൽ കൊണ്ടുവന്ന ഭക്ഷണത്തിന് പകരം ജങ്ക് ഫുഡ് കഴിച്ചതാണ് അധ്യാപകനെ പ്രകോപിപ്പിച്ചതെന്നാണ് പ്രാഥമിക വിവരം. സംഭവത്തെ തുടർന്ന് വിദ്യാർഥിനി വീട്ടിലെത്തിയപ്പോൾ മാതാപിതാക്കളോട് വിവരം പറയുകയായിരുന്നു. തുടർന്ന് കുടുംബം സ്കൂൾ അധികൃതരെ സമീപിക്കുകയും അധ്യാപകനെതിരെ നടപടി ആവശ്യപ്പെടുകയും ചെയ്തു. കുട്ടിയെ അധ്യാപകന് മർദിച്ച സാഹചര്യത്തെ കുറിച്ചും സ്കൂൾ അധികൃതർ സ്വീകരിച്ച നടപടികളെക്കുറിച്ചും അന്വേഷണം നടക്കുകയാണ്.
വിദ്യാർഥികളെ ശാരീരികമായി ശിക്ഷിക്കുന്നത് സംബന്ധിച്ച നിയമങ്ങളും വിദ്യാഭ്യാസ വകുപ്പിന്റെ മാർഗനിർദേശങ്ങളും നിലനിൽക്കുന്ന സാഹചര്യത്തിൽ സംഭവം ഗൗരവത്തോടെയാണ് കാണുന്നത്. അധ്യാപകന്റെ ഭാഗത്തുനിന്നുണ്ടായ പെരുമാറ്റത്തെക്കുറിച്ച് സ്കൂൾ അധികൃതരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പരിശോധിച്ചുവരികയാണ്.
സംഭവത്തിൽ അധ്യാപകനെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്നും ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. കുട്ടിയുടെ മൊഴിയും സ്കൂളിലെ മറ്റ് വിദ്യാർഥികളുടെയും അധ്യാപകരുടെയും വിവരങ്ങളും അന്വേഷണത്തിന്റെ ഭാഗമായി ശേഖരിക്കും.
SUMMARY: Complaint alleges teacher beat up seventh grade student for eating junk food at school
















