കോട്ടയം: സൗത്ത് സുഡാനില്‍ നിന്നെത്തിയ 52കാരിക്ക് എബോളയെന്ന് സംശയം. ഇവർ നിലവില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ പാലായിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പനിയെത്തുടർന്ന് ഇവർ ചികിത്സ തേടിയിരുന്നു. സംശയം തോന്നിയതോടെ ആരോഗ്യവകുപ്പ് ഇടപെട്ട് ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഐസൊലോഷൻ വാർഡില്‍ കഴിയുന്ന രോഗിയെ നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. എബോള രോഗത്തിനുണ്ടാകുന്ന മറ്റ് ലക്ഷണങ്ങളൊന്നും ഇവർക്കില്ല. ഇന്നലത്തെ അപേക്ഷിച്ച് പനിയില്‍ നേരിയ വ്യത്യാസമുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സ്‌ത്രീയില്‍ നിന്ന് ശേഖരിച്ച സാംപിള്‍ തിരുവനന്തപുരത്തേക്ക് പരിശോധനയ്‌ക്കായി അയച്ചിരുന്നു.
ഇതിന്റെ ഫലം ലഭിച്ചാല്‍ മാത്രമേ എബോളയാണോ എന്ന് സ്ഥിരീകരിക്കാനാകൂ. തുടർചികിത്സ ഉള്‍പ്പെടെയുള്ള കാര്യത്തില്‍ തീരുമാനമെടുക്കാൻ മെഡിക്കല്‍ ബോർഡ് രൂപീകരിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
SUMMARY: Ebola suspected; 52-year-old woman under observation in Kottayam















