തിരുവനന്തപുരം: സാമൂഹ്യമാധ്യമങ്ങളില്‍ മില്‍മയുടെ പേരില്‍ പ്രചരിക്കുന്ന ‘വാര്‍ഷികാഘോഷ സമ്മാന പദ്ധതി’ സന്ദേശങ്ങള്‍ വ്യാജമാണെന്ന് മില്‍മ. വാട്‌സ്‌ആപ്പിലൂടെ ലിങ്കുകള്‍ സഹിതം വ്യാപകമായി പ്രചരിക്കുന്ന ഈ സന്ദേശങ്ങളില്‍ വീണ് കബളിക്കപ്പെടരുതെന്ന് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. വ്യാജ ലിങ്കില്‍ ക്ലിക്ക് ചെയ്ത് വ്യക്തിഗത വിവരങ്ങളും ബാങ്ക് വിവരങ്ങളും നല്‍കിയ ചിലര്‍ക്ക് സാമ്പത്തിക നഷ്ടമുണ്ടായതായി പരാതികള്‍ ലഭിച്ചതോടെയാണ് മില്‍മ ഔദ്യോഗിക വിശദീകരണുവുമായി രംഗത്തെത്തിയത്.
വിവിധ വാട്‌സ്‌ആപ്പ് ഗ്രൂപ്പുകളിലൂടെയും വ്യക്തിഗത സന്ദേശങ്ങളിലൂടെയും ഈ തട്ടിപ്പ് വ്യാപകമായി പ്രചരിക്കുന്നതായും അധികൃതര്‍ അറിയിച്ചു. സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ മില്‍മയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളിലൂടെ സന്ദേശം വ്യാജമാണെന്നും ആരും ലിങ്ക് തുറക്കുകയോ മറ്റുള്ളവര്‍ക്ക് കൈമാറുകയോ ചെയ്യരുതെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. 46 വര്‍ഷത്തിലേറെ പാരമ്പര്യമുള്ള മില്‍മയുടെ വിശ്വാസ്യത ദുരുപയോഗം ചെയ്താണ് തട്ടിപ്പുകാര്‍ ആളുകളെ കബളിപ്പിക്കാന്‍ ശ്രമിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.
പൊതുജനങ്ങളുടെ വിശ്വാസം ദുരുപയോഗം ചെയ്യുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരേ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്നും അറിയിച്ചു. വ്യാജ സന്ദേശങ്ങളും ലിങ്കുകളും സാമൂഹ്യമാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും സംഭവത്തില്‍ ഔദ്യോഗിക പരാതി പോലിസിന് കൈമാറിയതായും മില്‍മ അറിയിച്ചു. സംശയാസ്പദമായ ലിങ്കുകളിലും സന്ദേശങ്ങളിലുമുള്ള വിവരങ്ങള്‍ പങ്കുവയ്ക്കാതിരിക്കാനും വ്യക്തിഗത ബാങ്ക് വിവരങ്ങള്‍ നല്‍കാതിരിക്കാനും പൊതുജനങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
SUMMARY: Scam on WhatsApp in the name of ‘Milma anniversary gift’; Milma warns against clicking on links















