ബെംഗളൂരു: ബെംഗളൂരുവിലെ ഒരു അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ അച്ഛനും മകനും തമ്മിലുണ്ടായ തർക്കത്തിനൊടുവിൽ മകൻ അച്ഛനെ കൊലപ്പെടുത്തി. നേപ്പാൾ കാളികോട്ട് സ്വദേശി ചന്ദ്ര ഷാഹി (58) ആണ് മരിച്ചത്. ഇയാളുടെ മകന്‍ ദ്രോണ ബഹാദൂർ ഷാഹിയെ (38) വാർത്തൂർ പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച വൈകിട്ടാണ് സംഭവം.
പോലീസ് പറയുന്നതനുസരിച്ച് ഇരുവരും നേരത്തെ കിഴക്കൻ ബെംഗളൂരുവിലെ സോമപുര ഗേറ്റ് പ്രദേശത്ത് സെക്യൂരിറ്റി ഗാർഡുമാരായി ജോലി ചെയ്തിരുന്നു. വെള്ളിയാഴ്ചയാണ് പിതാവായ ചന്ദ്ര ഷാഹി പുതിയൊരു അപ്പാർട്ട്മെന്റ് കോംപ്ലക്സിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലിയിൽ പ്രവേശിച്ചത്. ഞായറാഴ്ച ജോലി അന്വേഷിച്ചാണ് മകൻ ദ്രോണ അപ്പാർട്ട്മെന്റിലെത്തിയത്. വൈകിട്ട് ഏഴുമണിയോടെ അച്ഛനും മകനും തമ്മിൽ രൂക്ഷമായ വാക്കുതർക്കമുണ്ടായി. ഇതിനിടെ ദ്രോണ ഇരുമ്പ് വടികൊണ്ട് ചന്ദ്രയെ മർദിക്കുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ ചന്ദ്രയെ ഉടൻ തന്നെ ഗുഞ്ജൂരിലെ കെആർഐഎസ്എസ് ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി വിക്ടോറിയ ആശുപത്രിയിലേക്കും മാറ്റി.എന്നാൽ തിങ്കളാഴ്ച പുലർച്ചെയോടെ ചികിത്സയ്ക്കിടെ അദ്ദേഹം മരണത്തിന് കീഴടങ്ങി.ചന്ദ്ര ഷാഹിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചതായി പോലീസ് അറിയിച്ചു. സംഭവത്തിൽ വാർത്തൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
SUMMARY: Son beats father to death with iron rod in Bengaluru; Nepali national arrested
















