ബെംഗളൂരു: ബെംഗളൂരു-മൈസൂരു ആക്സസ്-കൺട്രോൾഡ് ഹൈവേയിലെ (NH-275) ടോൾ പ്ലാസകളിൽ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) ടോൾ നിരക്ക് വീണ്ടും വർധിപ്പിച്ചു. ഏപ്രിൽ ഒന്നിന് ടോൾ ഫീസ് വർധിച്ചതിന് പിന്നാലെയാണ് വീണ്ടും നിരക്ക് വർധന. ബുധനാഴ്ച മുതൽ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു. 119 കിലോമീറ്റർ ദൈർഘ്യമുള്ള ഹൈവേയിലെ മൂന്ന് ടോൾ പ്ലാസകളിലും പുതിയ നിരക്ക് ബാധകമാണ്.
കാറുകൾ, ജീപ്പുകൾ, വാനുകൾ, ലൈറ്റ് മോട്ടോർ വാഹനങ്ങൾ എന്നിവയുടെ ഒറ്റ യാത്രയ്ക്കുള്ള ടോൾ 180 രൂപയിൽ നിന്ന് 185 രൂപയായി വർധിപ്പിച്ചു.24 മണിക്കൂറിനുള്ളിലുള്ള മടക്കയാത്രയാണെങ്കിൽ 275 രൂപ നൽകിയാൽ മതി. ഇത്തരം വാഹനങ്ങൾക്കുള്ള പ്രതിമാസ പാസ് 5,940-ൽ നിന്ന് 6,100 രൂപയായി വർധിപ്പിച്ചു.
ടോൾ പ്ലാസയിൽനിന്ന് 20 കിലോമീറ്ററിനുള്ളിൽ താമസിക്കുന്ന യോഗ്യരായ താമസക്കാർക്കുള്ള പ്രാദേശിക പ്രതിമാസ പാസ് തുകയായ 360 രൂപയിൽ മാറ്റമില്ല.
മിനി ബസുകൾ, ഗുഡ്‌സ് വാഹനങ്ങൾ എന്നിവയ്ക്ക് ഒറ്റ യാത്രയ്ക്ക് 295 രൂപ നൽകണം. ട്രക്കുകൾക്കും ബസുകൾക്കും (രണ്ട് ആക്സിൽ) 620 രൂപയാണ് ഫീസ്. മൂന്ന് ആക്സിൽ വാണിജ്യ വാഹനങ്ങൾക്ക് 675, ഹെവി കൺസ്ട്രക്ഷൻ മെഷിനറികൾക്കും മൾട്ടി-ആക്സിൽ വാഹനങ്ങൾക്കും (4 -6 ആക്സിൽ) 970, ഏഴോ അതിലധികമോ ആക്സിലുകളുള്ള വലിയ വാഹനങ്ങൾക്ക് ഒറ്റ യാത്രയ്ക്ക് 1,180 രൂപ എന്നിങ്ങനെയാണ് നിരക്ക് പുതുക്കിയത്.
SUMMARY: Toll rates on Bengaluru-Mysore route increased again
















