സൻആ: പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി ആളികത്തിച്ച് യമനിലെ ഹൂതികള്‍. ചെങ്കടലിലെ മുഴുവന്‍ തീരപ്രദേശത്തിന്റെ നിയന്ത്രണവും ഹൂതികള്‍ പിടിച്ചെടുത്തതായി റിപോര്‍ട്ട്. അതീവ തന്ത്രപ്രധാനമായ മോഖ തുറമുഖ നഗരം പിടിച്ചെടുത്തതിന് പിന്നാലെയാണ് തീരപ്രദേശം കൈയടക്കിയത്. യെമൻ സർക്കാരിന്റെ സേനയുമായി ദിവസങ്ങളോളം നീണ്ട രൂക്ഷമായ ഏറ്റുമുട്ടലിനൊടുവിലാണ് പ്രദേശം ഹൂതികളുടെ പൂർണ നിയന്ത്രണത്തിലായത്. ഇതുവരെ അന്താരാഷ്ട്ര അംഗീകാരമുള്ള യെമൻ സർക്കാരിന്റെ നിയന്ത്രണത്തിലായിരുന്നു ഈ മേഖല.
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര പാതകളിലൊന്നായ ഏഷ്യയെയും യൂറോപ്പിനെയും ബന്ധിപ്പിക്കുന്ന സുപ്രധാന സമുദ്രപാതയുടെ പ്രവേശന കവാടമായ ബാബുൽ-മന്ദബ് കടലിടുക്കിൽ നിന്ന് വെറും 75 കിലോമീറ്റർ അകലെ മാത്രമാണ് ഇപ്പോൾ ഹൂതികൾ നിലയുറപ്പിച്ചിരിക്കുന്നത്. ഈ നിർണായക മുന്നേറ്റം അന്താരാഷ്ട്ര ചരക്കുനീക്കത്തെയും ആഗോള ഊർജ്ജ വിപണിയെയും അതീവ ഗുരുതരമായ പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്.
ചെങ്കടലിനെയും ഏഡൻ ഉൾക്കടലിനെയും ബന്ധിപ്പിക്കുന്ന ഈ കടലിടുക്ക് ആഗോള കപ്പൽ ഗതാഗതത്തിലെ നിർണായക പാതയാണ്. ഈ മേഖലയിലൂടെയാണ് ഭക്ഷണം ഉൾപ്പെടെയുള്ള സഹായസാധനങ്ങൾ യെമനിലെത്തുന്നത്. അതിനാൽ ഹൂതികളുടെ മുന്നേറ്റം യുദ്ധഭീഷണി മാത്രമല്ല, രാജ്യത്തെ നേരത്തെ തന്നെ ഗുരുതരമായിരുന്ന മാനുഷിക പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കാനും സാധ്യതയുണ്ട്. പ്രതിവർഷം ഏകദേശം ഒരു ട്രില്യൺ ഡോളർ മൂല്യമുള്ള ചരക്കുകളാണ് ഈ ചെങ്കടൽ ഇടനാഴിയിലൂടെ കടന്നുപോകുന്നത്. അതിനാൽ ഇവിടെ കപ്പൽഗതാഗതം തടസപ്പെട്ടാൽ ആഗോള വിതരണശൃംഖലയെ മൊത്തത്തിൽ ബാധിക്കും.
ഇറാന് അനുകൂല വിഭാഗമായ ഹൂതികള്‍ക്ക് പ്രധാനപ്പെട്ട ഒരു കപ്പല്‍പാതയുടെ പൂര്‍ണ്ണ നിയന്ത്രണം കൈക്കലാക്കാന്‍ കഴിഞ്ഞാല്‍ അത് വലിയ പ്രത്യാഘാതങ്ങളായിരിക്കും ഉണ്ടാക്കുക. ചെങ്കടല്‍ തീരത്തിന്റെയും അവിടത്തെ ചില ദ്വീപുകളുടെയും മേലുള്ള നിയന്ത്രണം അവര്‍ക്ക് കിട്ടിയാല്‍ സൗദി അറേബ്യയ്ക്കും അമേരിക്കയ്ക്കും കനത്ത തിരിച്ചടിയാകും. അറേബ്യന്‍ ഉപദ്വീപിന്റെ എതിര്‍വശങ്ങളിലായി പാശ്ചാത്യ കപ്പല്‍ ഗതാഗതത്തെ നിയന്ത്രിക്കുന്ന രണ്ട് പ്രധാന ഇടനാഴികളായ ചെങ്കടലിന്റെ തെക്കേ അറ്റത്തുള്ള ബാബ് അല്‍-മന്ദബ്, പേര്‍ഷ്യന്‍ ഗള്‍ഫിലെ ഹോര്‍മുസ് കടലിടുക്ക് എന്നിവയുടെ മേല്‍ ഇറാനും അതിന്റെ സഖ്യകക്ഷികളും കൂടുതല്‍ നിയന്ത്രണം സ്ഥാപിക്കുന്നതിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.
യെമനില്‍ 2014ൽ ആരംഭിച്ച ആഭ്യന്തരയുദ്ധവും തുടർന്നുണ്ടായ മാനുഷിക പ്രതിസന്ധിയും രാജ്യത്തെ അപ്പാടെ തകർത്തിരുന്നു. ഏകദേശം 1.5 ലക്ഷം പേർ കൊല്ലപ്പെട്ടെന്നാണ് കണക്കുകൾ. ദശലക്ഷക്കണക്കിന് ആളുകൾ പട്ടിണിയുടെയും ഭക്ഷ്യക്ഷാമത്തിന്റെയും വക്കിലെത്തുകയും ചെയ്തു. അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട യെമൻ സർക്കാരും ഹൂതികളും തമ്മിലുള്ള പോരാട്ടത്തിന് 2022ൽ വെടിനിർത്തലിലൂടെ താൽക്കാലിക ശമനമുണ്ടായി. സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യത്തിന്റെ പിന്തുണയും സർക്കാരിനുണ്ടായിരുന്നു. എന്നാൽ അടുത്തിടെയുണ്ടായ സംഭവവികാസങ്ങൾ ഈ വെടിനിർത്തലിന്റെ അടിത്തറ തന്നെ ഇളക്കുകയാണ്.
SUMMARY: Houthis make a significant advance in the Red Sea; global trade routes and West Asia face a severe crisis.
















