കോഴിക്കോട്: പ്രിയങ്ക ഗാന്ധി എംപിയുടെ ഓഫീസിന്റെ പേരില്‍ മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് പണം തട്ടിയെടുക്കാൻ ശ്രമിച്ച കേസില്‍ രണ്ട് പേർ കോഴിക്കോട് സൈബർ പോലീസിന്റെ പിടിയിലായി. ഡല്‍ഹി സ്വദേശികളായ നിതിൻ കുമാർ, ഗൗരവ് എന്നിവരാണ് അറസ്റ്റിലായത്. കേരളത്തില്‍ ഉടൻ മന്ത്രിസഭാ പുനഃസംഘടന ഉണ്ടാകുമെന്നും 3 കോടി രൂപ നല്‍കിയാല്‍ മന്ത്രിസ്ഥാനം ലഭിക്കുമെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്.
എലത്തൂർ എംഎല്‍എ വിദ്യ ബാലകൃഷ്ണന്റെ വാട്സാപ്പ് നമ്പറിലേക്കാണ് “പ്രിയങ്ക ഗാന്ധിയുടെ ഓഫീസില്‍ നിന്ന്” എന്ന പേരില്‍ ഫോണ്‍ കോള്‍ എത്തിയത്. ഇംഗ്ലീഷിലായിരുന്നു തട്ടിപ്പുകാരുടെ സംസാരം. പണം നല്‍കി എങ്ങനെയാണ് മന്ത്രിയാകുന്നത് എന്ന് എംഎല്‍എ തിരിച്ചുചോദിച്ചപ്പോള്‍ തട്ടിപ്പുസംഘം മുഴുവൻ പദ്ധതിയും വിശദീകരിച്ചു. സംശയത്തെ തുടർന്ന് പ്രിയങ്ക ഗാന്ധിയുടെ ഓഫീസുമായി ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞത്. പാർട്ടി നിർദ്ദേശത്തെ തുടർന്ന് കഴിഞ്ഞ 11ന് പരാതി നല്‍കി.
പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇവർ ഡല്‍ഹിയില്‍ എത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. സിം ഉടമയുടെ മൊഴി പോലീസ് പൂർണമായി വിശ്വസിച്ചിട്ടില്ല. സിം കാർഡ് കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം നടത്താനുള്ള നീക്കത്തിലാണ് അന്വേഷണസംഘം.
SUMMARY: Fraud involving a promise of a ministerial post to MLA Vidya Balakrishnan; two arrested
















