തിരുവനന്തപുരം: ശബരിമല സ്വർണകൊള്ള കേസുമായി ബന്ധപ്പെട്ട് മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിനെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കസ്റ്റഡിയില്‍ എടുത്തു. തിരുവനന്തപുരത്തെ വീട്ടില്‍ നിന്ന് വ്യാഴാഴ്ച രാവിലെയാണ് കസ്റ്റഡിയില്‍ എടുത്തത്. തുടർന്ന് ക്രൈം ബ്രാഞ്ച് ഓഫീസിലേക്ക് കൊണ്ടുപോയി.
ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വർണപാളികള്‍ ചട്ടം ലംഘിച്ച് ചെന്നൈയിലേക്ക് കൊണ്ടുപോയതില്‍ പ്രശാന്തിനും പങ്കുണ്ടെന്ന് എസ്ഐടി കണ്ടെത്തിയിരുന്നു. ഇതുസംബന്ധിച്ച തെളിവുകള്‍ അടങ്ങിയ റിപ്പോർട്ട് എസ്ഐടി ഹൈക്കോടതിയില്‍ സമർപ്പിക്കുകയും ചെയ്തിരുന്നു. ക്രിമിനല്‍ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രശാന്തിനെതിരെ എസ്ഐടി ചുമത്തിയിരിക്കുന്നത്. ഏതു നിമിഷവും അറസ്റ്റ് ഉണ്ടാവുമെന്ന് പ്രശാന്ത് ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കസ്റ്റഡിയില്‍ എടുത്തത്.
തന്ത്രി കണ്ഠര് രാജീവര്, സ്പോണ്സർ ഉണ്ണികൃഷ്ണൻ പോറ്റി, മുൻ ദേവസ്വം ബോർഡ് അംഗം എ. അജികുമാർ, മുൻ ശബരിമല എക്സിക്യുട്ടീവ് ഓഫീസർ മുരാരി ബാബു, തിരുവാഭരണം കമ്മിഷണറായിരുന്ന രജിലാല്‍, ചെന്നൈ സ്മാർട്ട് ക്രിയേഷൻസ് ഉടമ പങ്കജ് ഭണ്ഡാരി എന്നിവരാണ് കേസില്‍ പങ്കുള്ള മറ്റുള്ളവർ.
SUMMARY: Sabarimala gold theft: Former Devaswom Board President P.S. Prashanth in SIT custody
















