ബെംഗളൂരു: ടിക്കറ്റ് തുക കഴിച്ച് ബാക്കി 10 രൂപ തിരികെ നൽകിയില്ലെന്ന തർക്കത്തെ തുടർന്ന് യാത്രക്കാരൻ ബസ് ഡ്രൈവറെയും കണ്ടക്ടറെയും ആക്രമിച്ചു. ദേവനഹള്ളിക്ക് സമീപം ബിഎംടിസി ബസില്‍ വെച്ചാണ് സംഭവം. ബിഎംടിസിയുടെ ദേവനഹള്ളി ഡിപ്പോയിലെ കണ്ടക്ടർ ഡിആർ നരേന്ദ്ര ബാബു, ഡ്രൈവർ നരസിംഹ റെഡ്ഡിയും എന്നിവര്‍ക്ക് നേരെയാണ് കയ്യേറ്റം ഉണ്ടായത്. സംഭവത്തിൽ ഇരുവർക്കും പരുക്കേറ്റതിനെ തുടർന്ന് ചികിത്സ തേടി. തര്‍ക്കത്തില്‍ ഇടപെട്ട യാത്രക്കാരില്‍ ഒരാള്‍ക്കും പരുക്കേറ്റു. ആക്രമണത്തിന് ശേഷം പ്രതി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു.
ദേവനഹള്ളി-യശ്വന്ത്പൂർ ടിടിഎംസി റൂട്ടിൽ സർവീസ് നടത്തുന്ന 298/MY/2 നമ്പർ ബസില്‍ കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം. പോലീസ് പറയുന്നതനുസരിച്ച്, ടിക്കറ്റ് എടുത്ത ശേഷം ബാക്കി 10 രൂപ ആവശ്യപ്പെട്ട യാത്രക്കാരനും ബസ് ജീവനക്കാരും തമ്മിൽ ആദ്യം വാക്കേറ്റമുണ്ടായി. തർക്കം രൂക്ഷമായതോടെ യാത്രക്കാരൻ ഡ്രൈവറെയും കണ്ടക്ടറെയും മർദിക്കുകയായിരുന്നുവെന്നാണ് പരാതി.
കണ്ടക്ടർ നരേന്ദ്ര ബാബുവിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബസിലെയും സമീപപ്രദേശങ്ങളിലെയും സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച് ആക്രമണം നടത്തിയ ആളെ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.
SUMMARY: Bus driver and conductor attacked in Bengaluru over dispute over not returning Rs 10
















