കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കൊയിലാണ്ടി നഗരസഭയിലെ നടേരി സ്വദേശിയായ 49 വയസ്സുകാരനാണ് രോഗബാധ കണ്ടെത്തിയത്. ആരോഗ്യനില മോശമായതിനെ തുടർന്ന് ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
നടേരി 21ാം വാര്‍ഡിലാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്‌തത്. രോഗി വീടുവിട്ട് പുറത്തെവിടെയെങ്കിലും പോയതായി വിവരമില്ല. ജലാശയങ്ങളില്‍ കുളിക്കുകയോ നീന്തുകയോ ചെയ്‌തതായും റിപ്പോര്‍ട്ടില്ലെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ മനസിലായത്. ഇവിടുത്തെ കിണറിലെ വെള്ളം പരിശോധനയ്ക്കായി ശേഖരിച്ചു. രോഗബാധ റിപ്പോർട്ട് ചെയ്‌തതിനെ തുടർന്ന് പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. രോഗം റിപ്പോർട്ട് ചെയ്‌ത സ്ഥലത്തിന്റെ പരിസരപ്രദേശങ്ങളിൽ ക്ലോറിനേഷൻ നടത്തി. ബോധവത്കരണ പ്രവർത്തനങ്ങളും ഊർജിതമാക്കിയതായും നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു.
രോഗബാധിത പ്രദേശത്തെ പരിസരങ്ങളിലുള്ള കിണറുകളിലും ജലാശയങ്ങളിലും അടിയന്തരമായി സൂപ്പർ ക്ലോറിനേഷൻ നടത്തി. പ്രദേശവാസികൾക്കിടയിൽ പനിയും മറ്റ് ലക്ഷണങ്ങളും ശ്രദ്ധയിൽപ്പെട്ടാൽ ഉടനടി ചികിൽസ തേടണമെന്ന മുന്നറിയിപ്പും ബോധവൽക്കരണവും ശക്തമാക്കിയതായി നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുന്നതും മുഖം കഴുകുന്നതും ഒഴിവാക്കണമെന്നും, ലക്ഷണങ്ങൾ കണ്ടാൽ സ്വയംചികിത്സയ്ക്ക് മുതിരാതെ ഉടൻ ഡോക്ടറെ കാണണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.
SUMMARY: Amoebic encephalitis strikes again in Kozhikode; 49-year-old man diagnosed with the disease
















