ബെംഗളൂരു: കഥ പറയുന്ന പാരമ്പര്യവും കഥയെഴുത്തിന്റെ രീതിയുടെയും സമ്മിശ്ര ആവിഷ്ക്കാരമാണ് എസ് കെ പൊറ്റെക്കാട്ടിന്റെ രചനകൾ എന്ന് പ്രശസ്ത നിരൂപകനും കാലടി സർവ്വകലാശാലയിലെ അദ്ധ്യാപകനുമായ ഡോ. എം സി അബ്ദുൾ നാസർ പറഞ്ഞു. കേരള സമാജം ദൂരവാണിനഗറിന്റെ പ്രതിമാസ സാഹിത്യ സംവാദ പരിപാടിയിൽ എസ് കെ പൊറ്റെക്കാട്ടിന്റെ സമഗ്ര സംഭാവനകളെ വിലയിരുത്തി “മലയാള കഥാ ലോകത്തിന്റെ വർത്തമാനം'” എന്ന വിഷയം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിചിത കഥ കേൾക്കാൻ ആരും താല്പര്യപ്പെടില്ല. അപരിചിതത്വം കഥ പറച്ചിലിന് അനിവാര്യമാണ്. പരിചിതമായതിനെ അപരിചിതമാക്കുന്നു എന്നതാണ് കഥ എഴുത്തിന്റെ സവിശേഷത. ഇത് രണ്ടും ചേർന്നതാണ് എസ് കെ പൊറ്റെക്കാട്ടിന്റെ കഥകൾ. വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ എഴുതിയ മലയാളത്തിലെ ആദ്യ കഥ ഒരു കള്ളന് പറ്റിയ അബദ്ധത്തെക്കുറിച്ചാണ്. അക്കാലത്തെ മറ്റൊരു കഥകൃത്തായ സുകുമാരൻ ബി എ എഴുതിയ കഥയും ഒരു മനുഷ്യന് പറ്റിയ അബദ്ധത്തെക്കുറിച്ചാണ്. ഒരാൾ എന്ത് കൊണ്ട് കള്ളനാകുന്നുവെന്നോ ഒരു സ്ത്രീ സ്വന്തം കൈക്കുഞ്ഞിനെ അപരിചിതന് നൽകി എന്ത് കൊണ്ട് രക്ഷപ്പെടുന്നു എന്നോ അല്ല, അതിലെ കൗതുകം മാത്രമായിരുന്നു മേല്പറഞ്ഞ ആദ്യകാല കഥകളുടെ പൊതു സ്വഭാവം.
1930 ആകുമ്പോഴേക്ക് ആ സ്ഥിതിക്ക് മാറ്റം വന്നു. എസ് കെ പൊറ്റെക്കാട്ട് കഥ എഴുതി തുടങ്ങിയത് 1930കളിലാണ്. 30കളിലെ സവിശേഷത മലയാളത്തിന്റെ നവോത്ഥാന എഴുത്തുകാർ എഴുതിത്തുടങ്ങിയ കാലമാണെന്നതാണ്. വൈക്കം മുഹമ്മദ് ബഷീറിനെയും, പൊൻകുന്നം വർക്കിയെയും, തകഴിയെയും, കാരൂരിനെയും, ലളിതാംബിക അന്തർജനത്തെയും പോലുള്ള എഴുത്തുകാരൊക്കെ എഴുതി തുടങ്ങുന്ന കാലമായിരുന്നു അത്. അവർ എഴുതിയത് മുഴുവൻ വിശപ്പിന്റെ കഥകൾ ആയിരുന്നു. വറുതിയുടെയും ആതുരതകളുടെയും കഥകൾ ആയിരുന്നു. ഒട്ടും പ്രസന്നമായിരുന്നില്ല ജീവിതാന്തരീക്ഷവും എഴുത്തിന്റെ അന്തരീക്ഷവും ഏറെക്കുറെ ദുരന്തപൂർണ്ണങ്ങളായ കഥകളാണ് എല്ലാവർക്കും പറയാനുണ്ടായിരുന്നത്. അത്രമേൽ കലുഷിതമായ ഒരു കാലമായിരുന്നു അത്. സ്വാഭാവികമായിട്ടും ആ കാലത്ത് കഥയെഴുതി തുടങ്ങിയ ഒരാൾ എന്ന നിലയ്ക്ക് പൊറ്റെക്കാട്ടിന്റെ കഥകളിലും ഇതു വരും. പൊറ്റെക്കാട്ടിന്റെ കഥകളിലുള്ള ഈ നവോത്ഥാന ആശയങ്ങൾ ഒരു അമ്മയ്ക്കു വേണ്ടി എഴുതിയിട്ടുള്ള കത്തുകളിൽ നിന്നാണ് എന്ന് പൊറ്റെക്കാട്ട് തിരിച്ചറിഞ്ഞിട്ടുണ്ട്. അപ്പോൾ തന്നെ പൊറ്റെക്കാട്ട് എഴുതിയ നവോത്ഥാന കഥകളിൽ നിറഞ്ഞുനിൽക്കുന്ന ഒരു അലൗകിക അന്തരീക്ഷം പൊറ്റെക്കാട്ടിന് എപ്പോഴും ഇഷ്ടമായിരുന്നു. കൂടാതെ മനോഹരമായ ഒരു കാല്പനിക അന്തരീക്ഷം എസ് കെ പൊറ്റെ ക്കാട്ടിന്റെ കഥകളിലൊക്കെയുണ്ട്. ആ കാല്പനിക അന്തരീക്ഷം ചെറിയക്കന്റെ കഥ പറച്ചിലിൽ നിന്നാണ് കടന്നു വന്നതെന്ന് എസ് കെ പൊറ്റെക്കാട്ട് തിരിച്ചറിയുന്നുണ്ടെന്നും അബ്ദുൾ നാസർ പറഞ്ഞു.
സമാജം പ്രസിഡണ്ട് മുരളീധരൻ നായർ അധ്യക്ഷത വഹിച്ചു. ഡെന്നിസ്പോൾ ആമുഖപ്രഭാഷണം നടത്തി. സി കുഞ്ഞപ്പൻ മുഖ്യാതിഥിയെ പരിചയപ്പെടുത്തി. സമാജം ട്രഷറർ എം കെ ചന്ദ്രൻ മുഖ്യ അതിഥിയെ പൂച്ചെണ്ട് നൽകി ആദരിച്ചു. സുധാകരൻ രാമന്തളി സംവാദം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ടി ഇ കലിസ്റ്റസ്, കെ ചന്ദ്രശേഖരൻ നായർ എന്നിവർ സംസാരിച്ചു.
സുധാകരൻ രാമന്തളി സംവാദം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. പൊന്നമ്മ ദാസ്, അനിത മധു, പി ഗീത എന്നിവർ എസ് കെ പൊറ്റെ ക്കാടിന്റെ ഭ്രാന്തൻ നായ, നദീതീരത്തിൽ, കാട്ടുചെമ്പകം എന്നീ കഥകൾ യഥാക്രമം അവതരിപ്പിച്ചു. എസ് കെ പൊറ്റക്കാടിന്റെ പ്രശസ്ത കഥകളിൽ ഒന്നായ മെയിൽ റണ്ണർ എന്ന കഥയുടെ സമൂഹ വായനയിൽ അബ്ദുൽ അഹദ്, അബ്ദുൽ വാഹിദ്, സൗദ റഹിമാൻ, വി കെ സുരേന്ദ്രൻ, ഷീബ രാജൻ, ആർദ്ര രാജ്, ആര്യ സജീവ്, ദിവ്യ സുരേഷ്, സരസ്വതി രവീന്ദ്രൻ, ദോഷി മുത്തു, അനിത മധു, രതി സുരേഷ്, ഷൈനാ സുരേഷ് എന്നിവർ പങ്കെടുത്തു. സംഗീത രാമചന്ദ്രൻ, തങ്കമ്മ സുകുമാരൻ, ഉണ്ണികൃഷ്ണൻ അരിക്കത്ത്, അനിൽ മിത്രാനന്ദപുരം, കൽപ്പന പ്രദീപൻ എന്നിവർ കവിതകൾ ആലപിച്ചു. ഷമീമ, ദേവകി സഹദേവൻ, കെ കൃഷ്ണമ്മ എന്നിവർ എസ് ജാനകിയമ്മ പാടിയ പാട്ടുകൾ ആലപിച്ചു.
SUMMARY: Kerala Samajam Dooravani Nagar’s monthly literary discussion program
















