ബെംഗളൂരു: ഓണക്കാലത്തെ യാത്രാത്തിരക്ക് പരിഗണിച്ച് കേരള ആർ.ടി.സി പ്രത്യേക അധിക അന്തർസംസ്ഥാന സർവീസുകൾ ഏർപ്പെടുത്തി. ആഗസ്‌ത് 18 മുതൽ സെപ്‌തംബർ രണ്ടുവരെ വിവിധ കേന്ദ്രങ്ങളിൽനിന്ന് ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും അവിടെനിന്ന് തിരിച്ചും അധിക സർവീസുകൾ നടത്തും.
കേരളത്തില്‍ നിന്ന് ബെംഗളൂരു, മൈസൂരു, ചെന്നൈ നഗരങ്ങളിലേക്ക് ഈമാസം പതിനെട്ട് മുതല്‍ സെപ്തംബര്‍ ഒന്ന് വരെയും തിരികെ കേരളത്തിലേക്ക് 19 മുതല്‍ സെപ്തംബര്‍ രണ്ട് വരെയുമാണ് പ്രത്യേക സര്‍വീസുകള്‍ ഉള്ളത്. ബെംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് എട്ടും കണ്ണൂരിലേക്ക് നാലും എറണാകുളത്തേക്ക് നാലും തൃശൂരിലേക്ക് മൂന്നും കോട്ടയത്തേക്ക് രണ്ടും ബസുകള്‍ സര്‍വീസ് നടത്തും.
ഇതിനു പുറമെ മലപ്പുറം, ആലപ്പുഴ, കൊല്ലം, കൊട്ടാരക്കര, പുനലൂര്‍, ചേര്‍ത്തല, ഹരിപ്പാട്, പയ്യന്നൂര്‍, കാഞ്ഞങ്ങാട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കും ബെംഗളൂരുവില്‍ നിന്ന് സൂപ്പര്‍ ഡീലക്സ്, സ്പെഷ്യല്‍ ഫാസ്റ്റ് സര്‍വീസുകള്‍ ഒരുക്കിയിട്ടുണ്ട്. മൈസൂരുവില്‍ നിന്ന് കണ്ണൂരിലേക്ക് രണ്ടും എറണാകുളം, തൃശൂര്‍ എന്നിവിടങ്ങളിലേക്ക് ഓരോ ബസും സര്‍വീസ് നടത്തും.ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് സൂപ്പര്‍ ഡീലക്സും എറണാകുളത്തേക്ക് മള്‍ട്ടി ആക്സില്‍ എ സിയുമാണ് സര്‍വീസ് നടത്തുക. ഈ നഗരങ്ങളില്‍ നിന്ന് തിരികെ മേല്‍പ്പറഞ്ഞ സ്ഥലങ്ങളിലേക്കും സമാന രീതിയില്‍ സര്‍വീസുകള്‍ ക്രമീകരിച്ചിട്ടുണ്ട്.
www.keralartc.com, Ente KSRTC Neo OPRS മൊബൈൽ ആപ് എന്നിവയിൽ ഓൺലൈനായും കെഎസ്ആർടിസി റിസർവേഷൻ കൗണ്ടറുകൾ വഴിയും ബുക്ക്‌ചെയ്യാം. യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്നതനുസരിച്ച് കൂടുതല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.
















