കണ്ണൂർ: പോലീസിനെ വെല്ലുവിളിച്ച് ഒളിവിലായിരുന്ന ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കി പിടിയിൽ. കണ്ണൂരിൽ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. നേരത്തെ ഇയാൾ കണ്ണൂരിൽ നിന്ന് കടന്നുകളഞ്ഞതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഒളിവിലിലിരുന്നുകൊണ്ട് തന്നെ പിടിക്കാനായി പോലീസിനെയും ആഭ്യന്തര മന്ത്രിയേയും വെല്ലുവിളിച്ചിരുന്ന ഇയാൾക്കെതിരെ മൂന്ന് കേസുകളാണുള്ളത്.
പുലർച്ചെ രണ്ട് മണിയോടെയാണ് അർജുൻ ആയങ്കി പിടിയിലായത്. കണ്ണൂർ താളിക്കാവിലെ അഭിഭാഷക ദമ്പതികളുടെ വീട്ടിൽ ഒളിവിലിരിക്കുകയായിരുന്നു. ഡിഐജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സാഹസികമായാണ് അർജുൻ ആയങ്കിയെ പിടികൂടിയത്. വാറണ്ടില്ലാതെ അർജുൻ ആയങ്കിയെ അറസ്റ്റ് ചെയ്യാനാവില്ലെന്ന നിലപാടായിരുന്നു അഭിഭാഷക ദമ്പതികൾ സ്വീകരിച്ചത്. ഇതിനിടയിൽ അപ്പാർട്ട്മെൻ്റിൽ നിന്ന് പുറത്തേക്കിറങ്ങി രക്ഷപെടാൻ ശ്രമിച്ച അർജുൻ ആയങ്കിയെ പൊലീസ് പിടികൂടുകയായിരുന്നു.
അർജുൻ ആയങ്കിക്കായി കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപക തെരച്ചിൽ നടത്തിയിരുന്നു. ഇതിനിടെ അർജുന് ഒളിവിൽ പോകാൻ ഉപയോഗിച്ചിരുന്ന കാർ പോലീസ് കണ്ണൂരിൽ നിന്ന് കണ്ടെടുത്തിരുന്നു. ഡിസിസി പ്രസിഡൻ്റ് നൽകിയ പരാതിയിൽ കണ്ണൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം അർജുൻ ആയങ്കിയെ കോടതിയിൽ ഹാജരാക്കും.ആഭ്യന്തരമന്ത്രിയെ വെല്ലുവിളിച്ചെന്ന പരാതിയില്‍ കണ്ണൂർ സൈബർ പോലീസ് ആണ് അർജുൻ ആയങ്കിക്കെതിരെ കേസെടുത്തത്. .
















