ബെംഗളൂരു: നഗരത്തിലെ ത്രീസ്റ്റാർ, ഫൈവ്‌സ്റ്റാർ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പ്രത്യേക പരിശോധനയിൽ 1,089 കിലോഗ്രാം ഭക്ഷ്യവസ്തുക്കളും മറ്റ് ഉൽപ്പന്നങ്ങളും പിടിച്ചെടുത്തു. മൂന്ന് ദിവസം നീണ്ട പ്രത്യേക പരിശോധനയിലാണ് മാനദണ്ഡങ്ങൾ ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് ഇത്രയും സാധനങ്ങൾ പിടിച്ചെടുത്തത്.
കർണാടക ഭക്ഷ്യസുരക്ഷാ-ഔഷധ ഭരണവകുപ്പിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. നഗരത്തിലെ 60 ത്രീസ്റ്റാർ, ഫൈവ്‌സ്റ്റാർ ഹോട്ടലുകളിലാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം, കാലാവധി, സൂക്ഷിക്കുന്ന രീതി, അടുക്കളയിലെ ശുചിത്വം തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും പരിശോധിച്ചത്.
പരിശോധനയ്ക്കിടെ കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ പാലിക്കാത്ത നിരവധി സാധനങ്ങൾ കണ്ടെത്തി. ഉപയോഗിക്കാൻ യോഗ്യമല്ലാത്തതായി കണ്ടെത്തിയവ ഉൾപ്പെടെ ആകെ 1,089 കിലോഗ്രാം സാധനങ്ങളാണ് പിടിച്ചെടുത്തത്. നിയമലംഘനം കണ്ടെത്തിയ ഹോട്ടലുകൾക്ക് അധികൃതർ നോട്ടീസ് നൽകുകയും തുടർനടപടികൾ ആരംഭിക്കുകയും ചെയ്തു.
ഹോട്ടലുകളിലും ഭക്ഷണശാലകളിലും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനാണ് പ്രത്യേക പരിശോധന സംഘടിപ്പിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. നഗരത്തിലെ ഹോട്ടൽ-ഭക്ഷണശാല മേഖലയിൽ ഇത്തരം പരിശോധനകൾ തുടരുമെന്നും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നിയമപ്രകാരമുള്ള നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
SUMMARY: 60 star hotels in Bengaluru inspected; 1,089 kg of food items seized
















