തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്സ് നടത്തിവന്ന സമരപ്പന്തൽ പോലീസ് ബലം പ്രയോഗിച്ച് പൊളിച്ചുനീക്കി. സമരപ്പന്തലിൽ നിരാഹാര സമരം അനുഷ്ഠിച്ചിരുന്ന വളർമതിയെ കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. സമരപ്പന്തൽ ഒഴിയണമെന്ന് ആവശ്യപ്പെട്ട് സമയപരിധി അവസാനിച്ചതിനെ തുടർന്നാണ് രാത്രി വൈകി അടിയന്തര നടപടിയുണ്ടായത്. സമരം ആരംഭിച്ച് 129ാം ദിവസമാണ് പോലിസിന്റെ നിർണായക നീക്കം.
സമരസമിതി നേതാവ് വളർമതിയുടെ നിരാഹാരസമരം പതിനഞ്ചാം ദിവസം പിന്നിട്ടു. ഡോക്ടർമാർ ഇന്ന് സമരപ്പന്തലിലെത്തി വളർമതിയുടെ ആരോഗ്യനില പരിശോധിച്ചിരുന്നു. തുടർന്നാണ് ബലംപ്രയോഗിച്ച് സമരപ്പന്തലിൽ നിന്ന് വളർമതിയെ മാറ്റിയത്. രാത്രി 9.20 ഓടെയാണ് പൊലിസ് സംഘം സമരപ്പന്തലിലേക്കെത്തിയത്. വളർമതിയെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ സമരപ്പന്തൽ പൊളിച്ചുമാറ്റുകയായിരുന്നു. മുഖ്യമന്ത്രി വി.ഡി.സതീശനെതിരായ ബോർഡും പോലിസ് നീക്കം ചെയ്തു.
പോലീസ് നീക്കത്തിനെതിരെ റാങ്ക് ഹോൾഡർമാരും പിന്തുണയുമായെത്തിയ രാഷ്ട്രീയ നേതാക്കളും സ്ഥലത്ത് കടുത്ത പ്രതിഷേധത്തിലാണ്. നടപടി തടയാൻ ശ്രമിച്ച റാങ്ക് ഹോൾഡർമാരെയും പ്രവർത്തകരെയും പോലീസ് ബലം പ്രയോഗിച്ച് സംഭവസ്ഥലത്തുനിന്ന് മാറ്റി. മുൻകൂട്ടി കൃത്യമായ മുന്നറിയിപ്പില്ലാതെ രാത്രിയുടെ മറവിൽ നടത്തിയ പോലീസ് അതിക്രമം ജനാധിപത്യവിരുദ്ധമാണെന്ന് റാങ്ക് ഹോൾഡേഴ്സ് ആരോപിച്ചു. നിരാഹാര സമരം മറ്റൊരാള്‍ ഏറ്റെടുക്കുമെന്നും ഉദ്യോഗാര്‍ഥികള്‍ അറിയിച്ചു.
SUMMARY: Police dismantle LPST protest tent; Valarmathi shifted to hospital.















