സംഗ്രൂർ: പഞ്ചാബിലെ സംഗ്രൂർ ജില്ലയില്‍ ഫ്ലൈഓവർ മതിലിലിടിച്ച് സർക്കാർ ബസ് അപകടത്തില്‍പ്പെട്ട് മൂന്ന് യാത്രക്കാർ മരിച്ചു. 24 പേർക്ക് പരുക്കേറ്റു. ബുധനാഴ്ച പുലർച്ചെ 4.30ഓടെയാണ് അപകടം. ധുരിയില്‍ നിന്ന് ചണ്ഡീഗഢിലേക്ക് യാത്രക്കാരുമായി പോവുകയായിരുന്ന പെപ്സു റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ (പിആർടിസി) ബസാണ് അപകടത്തില്‍പ്പെട്ടത്. ഫ്ലൈഓവറിന്റെ മതിലിലേക്ക് ബസ് ഇടിച്ചുകയറിയതോടെ വാഹനത്തിന് വലിയ തോതില്‍ കേടുപാടുകള്‍ സംഭവിച്ചു.
നിരവധി യാത്രക്കാർ ബസിനുള്ളില്‍ കുടുങ്ങി. നാട്ടുകാരുടെയും അതുവഴി കടന്നുപോയവരുടെയും സഹായത്തോടെ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി യാത്രക്കാരെ പുറത്തെടുത്തു. പരുക്കേറ്റവരെ ആംബുലൻസുകളില്‍ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. അപകടത്തെത്തുടർന്ന് 21 പേരെയാണ് ആദ്യം സംഗ്രൂരിലെ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗുരുതരമായി പരുക്കേറ്റ 10 മുതല്‍ 15 വരെ പേരെ വിദഗ്ധ ചികിത്സയ്ക്കായി പട്യാലയിലെ രാജീന്ദ്ര ആശുപത്രിയിലേക്ക് മാറ്റി. മറ്റ് പരുക്കേറ്റവർ സംഗ്രൂരിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ചിലരുടെ നില ഗുരുതരമാണെന്നാണ് മെഡിക്കല്‍ അധികൃതർ അറിയിച്ചത്.
SUMMARY: Bus crashes into flyover wall; 3 dead, 24 injured















