കാബൂൾ: അഫ്ഗാനിസ്താനിൽ താലിബാൻ അധികാരം പിടിച്ചതിന് പിന്നാലെ 24 ലക്ഷത്തോളം പെൺകുട്ടികൾക്ക് സെക്കൻഡറി വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടതായി യുനെസ്കോയുടെ റിപ്പോർട്ട്. അധികാരം പിടിച്ച് അഞ്ചുകൊല്ലമാകുമ്പോഴത്തെ കണക്കുകളാണിത്. താലിബാൻ ഭരണകൂടം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് ആശങ്കാജനകമായ ഈ കണക്കുകൾ പുറത്തുവന്നിരിക്കുന്നത്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2 ലക്ഷം പെൺകുട്ടികൾ കൂടി വിദ്യാഭ്യാസത്തിന് പുറത്തായതായാണ് യുനെസ്കോ വ്യക്തമാക്കുന്നത്. ഈ നില തുടരുകയാണെങ്കിൽ 2030-ഓടെ സ്കൂളുകളിൽ നിന്ന് പുറത്താക്കപ്പെടുന്ന പെൺകുട്ടികളുടെ എണ്ണം 40 ലക്ഷമായി ഉയരുമെന്നും ഐക്യരാഷ്ട്രസഭയുടെ സാംസ്കാരിക ഏജൻസി മുന്നറിയിപ്പ് നൽകുന്നു.
സെക്കൻഡറി, ഉന്നത വിദ്യാഭ്യാസത്തിൽനിന്ന് പെൺകുട്ടികളെയും സ്ത്രീകളെയും ഔദ്യോഗികമായി വിലക്കുന്ന ലോകത്തിലെ ഏക രാജ്യമാണ് അഫ്ഗാനിസ്താനെന്നും യുനെസ്കോ ചൂണ്ടിക്കാണിക്കുന്നു. തുടർച്ചയായ നിയന്ത്രണങ്ങൾ അഫ്ഗാൻ സ്ത്രീകളുടെയും കുട്ടികളുടെയും മൗലികാവകാശങ്ങളുടെ ഗുരുതരമായ ലംഘനമാണെന്ന് വിലയിരുത്തിയ യുനെസ്കോ, ഉപാധിരഹിതമായി സെക്കൻഡറി, ഉന്നതവിദ്യാഭ്യാസം എന്നിവയ്ക്കുള്ള സൗകര്യം ഏർപ്പെടുത്തിക്കൊടുക്കാൻ താലിബാൻ അധികൃതരോട് അഭ്യർഥിക്കുകയും ചെയ്തിട്ടുണ്ട്. 2025 ഫെബ്രുവരി-മാർച്ചിൽ 2,190 പേരെ വീടുവീടാന്തരം സന്ദർശിച്ചും 2026 ഏപ്രിൽ-മേയിൽ 2,811 പേരെ ഫോണിൽ ബന്ധപ്പെട്ടുമാണ് റിപ്പോർട്ട് തയാറാക്കിയത്.
ഒറ്റപ്പെടൽ അടക്കമുള്ള പ്രശ്നങ്ങളാൽ തങ്ങളുടെ മാനസിക നില മോശമാണെന്ന് പത്തിൽ ഏഴു വനിതകളും അറിയിച്ചു. സ്ത്രീ ജനസംഖ്യയിൽ പാതിയും മാസത്തിൽ രണ്ടോ അതിൽത്താഴയോ തവണ മാത്രമാണ് വീടിനു പുറത്തിറങ്ങുന്നത്. പുരുഷന്മാരോടൊപ്പമല്ലാതെ വീടിനു പുറത്തിറങ്ങാൻ ഭയമാണെന്ന് സർവേയിൽ പങ്കെടുത്ത നാലിൽമൂന്നു പേരും പറഞ്ഞു.
രണ്ടുപതിറ്റാണ്ട് നീണ്ട യുദ്ധത്തിന് പിന്നാലെ യുഎസും നാറ്റോയുടെ സുരക്ഷാസേനയും സമ്പൂർണമായി പിൻവാങ്ങിയതോടെ 2021 ഓഗസ്റ്റ് പതിനഞ്ചാം തീയതിയാണ് അഫ്ഗാനിസ്താനിൽ താലിബാൻ അധികാരം പിടിച്ചെടുക്കുന്നത്. താലിബാൻ ഭരണകൂടം അധികാരം പിടിച്ചെടുത്തതോടെ പെൺകുട്ടികളുടെയും സ്ത്രീകളുടെയും അവകാശങ്ങൾക്ക് മേൽ വലിയ നിയന്ത്രണങ്ങളാണ് നിലവിൽ വന്നത്.
SUMMARY: Five years of Taliban; 2.4 million girls out of school, women face unparalleled terror















