ബെംഗളൂരു: മൂന്നാമത് ബുക്ക് ബ്രഹ്മ സാഹിത്യോത്സവത്തിന് ബെംഗളൂരുവില്‍ തുടക്കമായി. പ്രധാന വേദിയായ സെൻറ് ജോൺസ് ഓഡിറ്റോറിയത്തില്‍ വെള്ളിയാഴ്ച രാവിലെ നടന്ന ചടങ്ങിൽ ഫെസ്റ്റിവൽ ഡയറക്ടർ സതീഷ് ചപ്പാരികെയുടെ സ്വാഗത പ്രസംഗത്തോടയാണു മൂന്ന് ദിവസങ്ങളിലായി നടക്കുന്ന അക്ഷരോത്സവത്തിന് തുടക്കം കുറിച്ചത് തുടര്‍ന്ന് കന്നഡ, ഇംഗ്ലീഷ്, തെലുങ്ക്, തമിഴ്, ബംഗാളി, മലയാളം എന്നീ ഭാഷകളില്‍ ഒമ്പത് വേദികളിലായി ഭാഷ, സാഹിത്യം, സംസ്കാരം, സമകാലിക സമൂഹം എന്നിവ അടിസ്ഥാനമാക്കി വിവിധ സെഷനുകള്‍ നടന്നു.
ഭാഷാ മേധാവിത്വം: ഇന്ത്യൻ ഭാഷകളും ഫെഡറൽ ഭാവനയും’ എന്ന സെഷനില്‍ മുതിർന്ന എഴുത്തുകാരായ എൻ.എസ്.മാധവൻ, എം.എസ്.ആശാദേവി, ഒ.എൽ.നാഗഭൂഷണ സ്വാമി, കേശവ് ഗുഹ എന്നിവർ പങ്കെടുത്തു. ദിവ്യ കലവല മോഡറേറ്ററായിരുന്നു. ഭാഷാപരമായ ആധിപത്യം, ഇന്ത്യൻ ഭാഷകൾ തമ്മിലുള്ള ബന്ധം, വിവർത്തനം, എഴുത്തിനെ രൂപപ്പെടുത്തുന്ന ഘടകങ്ങൾ എന്നിവയായിരുന്നു ഈ സെഷനിലെ പ്രധാന വിഷയങ്ങൾ. ഇംഗ്ലീഷിന്റെയും ഹിന്ദിയുടെയും വർദ്ധിച്ചുവരുന്ന ഉപയോഗത്തിനിടയിൽ പ്രാദേശിക ഭാഷാ എഴുത്തുകാർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും സെഷന്‍ ചർച്ചചെയ്തു.
മഥന, അക്ഷര വേദികളിൽ വിവിധ ഇന്ത്യൻ ഭാഷകളിലെ സാഹിത്യത്തെ കേന്ദ്രീകരിച്ചുള്ള ചർച്ചകൾ നടന്നു. മലയാളം സെഷനില്‍ നോവലിലെ അനുഭവലോകം എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ എഴുത്തുകാരായ ഇ സന്തോഷ് കുമാർ, പി വി ഷാജികുമാർ, ബെന്യാമിൻ എന്നിവര്‍ പങ്കെടുത്തു. സര്‍ഗ്ഗപ്രക്രിയയില്‍ അനുഭവങ്ങൾ, ചിന്തകൾ എന്നിവ എത്രത്തോളം സ്വാധീനം ചെലുത്തുന്നുണ്ടെന്ന് സെഷന്‍ വിലയിരുത്തി. ഡെന്നീസ് പോൾ മോഡറേറ്ററായിരുന്നു.

ഉച്ചയ്ക്ക് നടന്ന ‘എഴുത്തും വായനയും’ സെഷനിൽ എഴുത്തുകാരായ സോണിയ ചെറിയാൻ, ബിന്ദു സജീവ്, രമ പിഷാരടി, സതീഷ് തോട്ടശ്ശേരി എന്നിവർ പങ്കെടുത്തു. വായന തങ്ങളുടെ എഴുത്തിനെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് എഴുത്തുകാർ വിശദീകരിച്ചു. മുഹമ്മദ് കുനിങ്ങാട് ആയിരുന്നു പരിപാടിയുടെ മോഡറേറ്റർ.

വൈകിട്ട് നടന്ന ‘അക്ഷരവിനിമയം വിവർത്തനത്തിലൂടെ’ എന്ന സെഷനിൽ പ്രമുഖ വിവർത്തകരായ കെ. മോഹൻ കുണ്ഠാർ, സുധാകരൻ രാമന്തളി, വിഷ്ണുമംഗലം കുമാർ എന്നിവർ പങ്കെടുത്തു. ഒരു സാഹിത്യകൃതി മറ്റൊരു ഭാഷയിലേക്ക് വിവർത്തനം ചെയ്യപ്പെടുമ്പോൾ കേവലം വാക്കുകൾ മാത്രമല്ല, വ്യത്യസ്ത സംസ്കാരങ്ങളും ചിന്തകളും മനുഷ്യാനുഭവങ്ങളുമാണ് കൈമാറ്റം ചെയ്യപ്പെടുന്നതെന്ന് സെഷൻ വിലയിരുത്തി. മായ ബി. നായർ ആയിരുന്നു പരിപാടിയുടെ മോഡറേറ്റർ.

മുഖാമുഖി വേദിയിൽ നടന്ന മറ്റു സെഷനുകൾ വായനക്കാർക്ക് എഴുത്തുകാരുമായി നേരിട്ട് സംവദിക്കാനും, അവരുടെ സർഗ്ഗാത്മക അനുഭവങ്ങളെയും കാഴ്ചപ്പാടുകളെയും കുറിച്ച് കൂടുതൽ ഉൾക്കാഴ്ചകൾ നേടാനും അവസരമൊരുക്കി.
അനാവരണ വേദിയിൽ അടുത്തിടെ വിവിധ ഭാഷകളിലായി പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ പ്രകാശനങ്ങൾ നടന്നു. ഇ സന്തോഷ് കുമാറിന്റെ തപോമയിയുടെ അച്ഛന്‍ എന്ന നോവലിന്റെ പ്രത്യേക പതിപ്പ് വേദിയില്‍ പ്രകാശനം ചെയ്തു. ടോണി സേവിയര്‍, രാഹുല്‍ രാധാകൃഷന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. പെരുമാൾ മുരുകന്റെ തമിഴ് നോവല്‍ പൂനാച്ചിയുടെ മലയാള പരിഭാഷയുടെ പ്രകാശനം മലയാള എഴുത്തുകാരന്‍ ജേക്കബ് അബ്രാഹം നിര്‍വഹിച്ചു.
മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന സഹിത്യോത്സവം നാളെ സമാപിക്കും. കന്നഡ, മലയാളം, തെലുങ്ക്, തമിഴ്, ഇംഗ്ലീഷ് ഭാഷകളിലായി 400 ലേറെ ഇന്ത്യൻ സാഹിത്യകാരന്മാർ പങ്കെടുക്കുന്ന 200 ഓളം ക്യൂറേറ്റഡ് സെഷനുകളാണ് ഇത്തവണ നടക്കുന്നത്.
SUMMARY:Book Brahma Literary Festival gets off to a glorious start
















