ബെംഗളൂരു: ബാഗലൂർ മെയിൻ റോഡിൽ ആമസോൺ ഓഫീസിന്റെ ഗേറ്റിന് മുന്നിലെ നടപ്പാതയിൽ സ്ഥാപിച്ചിരുന്ന വൈദ്യുതി ട്രാൻസ്ഫോർമർ ഇന്ന് രാവിലെ 9.49ഓടെ പൊട്ടിത്തെറിച്ച് രണ്ട് കാൽനട യാത്രക്കാർക്ക് പരുക്കേറ്റു.
യെലഹങ്ക ഓൾഡ് ടൗൺ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
ട്രാൻസ്ഫോർമർ പൊട്ടിത്തെറിക്കുമ്പോൾ നിരവധി പേർ അതുവഴി കാൽനടയായി കടന്നുപോകുകയായിരുന്നു.
അപ്രതീക്ഷിതമായി വലിയ ശബ്ദത്തോടെ ട്രാൻസ്ഫോർമർ ബോക്സ് പൊട്ടിത്തെറിച്ചതോടെ സമീപത്തുണ്ടായിരുന്നവരിൽ പരിഭ്രാന്തിയുണ്ടായി. പൊട്ടിത്തെറിയുടെ ആഘാതത്തിൽ സമീപത്തുണ്ടായിരുന്ന ഒരു കാൽനട യാത്രക്കാരൻ വീഴുകയും കൈകൾക്ക് ഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്തു.
മുഹമ്മദ് അഫ്രോസ് എന്നയാളിനാണ് പരുക്കേറ്റത്. അദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ അപകടനില തരണം ചെയ്തതായി വടക്കുകിഴക്കൻ ബെംഗളൂരു ഡെപ്യൂട്ടി പോലീസ് കമ്മിഷണർ മിഥുൻ കുമാർ സതേഡ് അറിയിച്ചു.
മറ്റൊരു കാൽനട യാത്രക്കാരനും നിസാര പരിക്കേറ്റിട്ടുണ്ട്.
സംഭവസമയത്ത് സമീപത്തുകൂടി നടന്നുപോയിരുന്ന ഒരു വിദ്യാർഥിനി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കുട്ടികളെ സ്കൂളിൽ എത്തിക്കുന്നതിനായി അതുവഴി കാറിൽ പോയിരുന്ന ഒരു രക്ഷിതാവിന്റെ ഡാഷ്‌ക്യാമറയിൽ ട്രാൻസ്ഫോർമർ പൊട്ടിത്തെറിക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. പിന്നീട് ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.
വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ട്രാൻസ്ഫോർമറിലുണ്ടായ സാങ്കേതിക തകരാറാണോ പൊട്ടിത്തെറിക്ക് കാരണമെന്ന് പരിശോധിച്ചുവരികയാണ്. വൈദ്യുതി ഉപകരണത്തിന്റെ അറ്റകുറ്റപ്പണി, പരിപാലനം എന്നിവയിൽ വീഴ്ചയുണ്ടായോ എന്നും അധികൃതർ പരിശോധിക്കുന്നുണ്ട്.
SUMMARY: Transformer explodes in front of Amazon office in Bengaluru; two injured.
















