ബെംഗളൂരു: മെട്രോ യാത്രക്കാരുടെ പാർക്കിങ് പ്രശ്നത്തിന് പരിഹാരം കാണുന്നതിനായി ബെംഗളൂരുവിലെ 12 മെട്രോ സ്റ്റേഷനുകളിൽ കൂടി പുതിയ പാർക്കിങ് സൗകര്യങ്ങൾ ഒരുക്കാൻ ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് നടപടി ആരംഭിച്ചു. മെട്രോ സ്റ്റേഷനുകളിലേക്ക് സ്വന്തം വാഹനങ്ങളിൽ എത്തുന്ന യാത്രക്കാർക്ക് കൂടുതൽ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി.
പുതിയ പാർക്കിങ് സംവിധാനത്തിൽ ആകെ 2,424 ഇരുചക്ര വാഹനങ്ങൾക്കും 87 കാറുകൾക്കും പാർക്ക് ചെയ്യാനുള്ള സൗകര്യമുണ്ടാകും. മെട്രോ സ്റ്റേഷനുകൾക്ക് സമീപം വാഹനങ്ങൾ പാർക്ക് ചെയ്യാൻ മതിയായ സ്ഥലമില്ലാത്തത് യാത്രക്കാർ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ്. പുതിയ സൗകര്യങ്ങൾ നിലവിൽ വരുന്നതോടെ മെട്രോ ഉപയോഗിക്കുന്നവർക്ക് വാഹനങ്ങൾ സുരക്ഷിതമായി പാർക്ക് ചെയ്ത് യാത്ര തുടരാൻ സാധിക്കും. പാർക്കിങ് നിരക്കും ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ നിർദേശിച്ചിട്ടുണ്ട്.
ഇരുചക്ര വാഹനങ്ങൾക്ക് ആദ്യ നാല് മണിക്കൂറിന് 15 രൂപ ആയിരിക്കും നിരക്ക്. തുടർന്ന് ഓരോ അധിക മണിക്കൂറിനും 5 രൂപ വീതം ഈടാക്കും. ഒരു ദിവസത്തേക്കുള്ള പരമാവധി നിരക്ക് 30 രൂപ ആയിരിക്കും.
കാറുകൾക്കും ജീപ്പുകൾക്കും ആദ്യ നാല് മണിക്കൂറിന് 30 രൂപ ആയിരിക്കും നിരക്ക്. തുടർന്ന് ഓരോ അധിക മണിക്കൂറിനും 10 രൂപ വീതം ഈടാക്കും. കാറുകൾക്ക് ഒരു ദിവസത്തെ പരമാവധി പാർക്കിങ് നിരക്ക് 60 രൂപയായി നിശ്ചയിക്കാനാണ് നിർദേശം.
പാർക്കിങ് സൗകര്യം ഒരുക്കുന്ന 12 മെട്രോ സ്റ്റേഷനുകൾ യഥാക്രമം നല്ലൂരഹള്ളി, ബാലഗംഗാധരനാഥ സ്വാമിജി ഹോസഹള്ളി, പട്ടണഗെരെ, മാദവര, ചിക്കബിദരകല്ലു, മന്ത്രിസ്ക്വയർ, രാഗിഗുഡ്ഡ, ബി.ടി.എം. ലേഔട്ട്, താവരക്കരെ, ഐ.ഐ.ടി.-ബി, ഹുളിമാവ്, കലേന അഗ്രഹാര എന്നിവയാണ്. ഈ 12 സ്റ്റേഷനുകളിലായി ആകെ 2,424 ഇരുചക്ര വാഹനങ്ങൾക്കും 87 കാറുകൾക്കും പാർക്കിങ് സൗകര്യം ഒരുക്കാനാണ് ബി.എം.ആർ.സി.എൽ പദ്ധതിയിടുന്നത്.
SUMMARY: Parking facilities are being arranged at 12 more metro stations in Bengaluru.















