ബെംഗളൂരു: ബെംഗളൂരുവിന് പുറത്തുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കൂടുതല്‍ അവസരം നല്‍കുന്നതിനായി കര്‍ണാടക സര്‍ക്കാര്‍ നടപ്പിലാകുന്ന ‘കെ-കോംബിനേറ്റര്‍’ പദ്ധതി മംഗളൂരുവില്‍ ആരംഭിച്ചു. പദ്ധതിയുടെ നടത്തിപ്പ് ചുമതലയുള്ള ടൈ-മംഗളൂരുവിന്റെ പ്രസിഡന്റ് ശ്യാംപ്രസാദ് ഹെബ്ബാർ വൈസ് പ്രസിഡന്റ് സുയോഗ് ഷെട്ടി എന്നിവര്‍ മംഗളൂരുവില്‍ നടത്തിയ പത്ര സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്
തീരദേശ കര്‍ണാടകയിലെ പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പരിശീലനം, വിദഗ്ധരുടെ സഹായം, നിക്ഷേപകരുമായി ബന്ധപ്പെടാനുള്ള അവസരം എന്നിവ പദ്ധതിയിലൂടെ ലഭിക്കും.
പ്രാരംഭ ഘട്ടത്തിലുള്ള സ്റ്റാര്‍ട്ടപ്പുകളെയാണ് പ്രധാനമായും പദ്ധതിയില്‍ ഉള്‍പ്പെടുത്തുക. അഞ്ച് വര്‍ഷത്തേക്ക് നടപ്പാക്കുന്ന പദ്ധതിക്ക് 9.26 കോടി സര്‍ക്കാര്‍ ഗ്രാന്റായി അനുവദിച്ചിട്ടുണ്ട്. അര്‍ഹരായ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 10 ലക്ഷം വരെ സാമ്പത്തിക സഹായവും ലഭിക്കും.
ബെംഗളൂരുവില്‍ മാത്രം കേന്ദ്രീകരിക്കാതെ മംഗളൂരു ഉള്‍പ്പെടെയുള്ള നഗരങ്ങളിലും സ്റ്റാര്‍ട്ടപ്പ് മേഖല വളര്‍ത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.
















