കാസറഗോഡ്: യുക്രെയ്‌നില്‍ ചരക്കുകപ്പലിന് നേരേയുണ്ടായ റഷ്യൻ ആക്രമണത്തില്‍ കൊല്ലപ്പെട്ട കാസറഗോഡ് വെള്ളരിക്കുണ്ട് സ്വദേശി അഖില്‍ ജോയലിന്റെ (26) മൃതദേഹം വീട്ടിലെത്തിച്ചു. ബെംഗളൂരു വഴി ഉച്ചയ്ക്ക് 12.50-ഓടെയാണ് ഒരു മാസത്തിലേറെ നീണ്ട കാത്തിരിപ്പിനൊടുവില്‍ മൃതദേഹം ജന്മനാടായ വെള്ളരിക്കുണ്ടില്‍ എത്തിച്ചത്.
ജൂലൈ 19-നാണ് യുക്രൈനിലെ ഒഡേസ തീരത്തുവെച്ച് അഖില്‍ ഫസ്റ്റ് ഓഫീസറായി സേവനമനുഷ്ഠിച്ചിരുന്ന ‘ഗോള്‍ഡൻ ലിയോ’ എന്ന ചരക്കുകപ്പലിന് നേരെ ആക്രമണമുണ്ടാകുന്നത്. അപകടത്തില്‍ കപ്പലിലുണ്ടായിരുന്ന അഖില്‍ ഉള്‍പ്പെടെയുള്ളവർ കൊല്ലപ്പെടുകയായിരുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും നോർക്കയുടെയും ഇടപെടലിനെ തുടർന്നാണ് നടപടിക്രമങ്ങള്‍ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനായത്.
വെള്ളരിക്കുണ്ട് എ.കെ.ജി നഗറിലെ ജോയല്‍ – സാലി ദമ്പതികളുടെ മകനാണ് അഖില്‍. മൃതദേഹം ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ മൂന്നു മണി വരെ വെള്ളരിക്കുണ്ട് ലിറ്റില്‍ ഫ്ലവർ ഫൊറോന പള്ളി പരിസരത്ത് പൊതുദർശനത്തിന് വെക്കും. തുടർന്ന് വീട്ടിലെ പ്രാർത്ഥനാ ശുശ്രൂഷകള്‍ക്ക് ശേഷം പള്ളി സെമിത്തേരിയില്‍ സംസ്കാരം നടക്കും.
SUMMARY: The mortal remains of Akhil Joel, who was killed in a ship attack in Ukraine, have been brought home
















