കൊച്ചി: സ്ത്രീകളെക്കുറിച്ച് വീണ്ടും വിവാദ പരാമർശവുമായി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. ഖുറാനില്‍ സ്ത്രീകള്‍ വീട്ടില്‍ അടങ്ങിയൊതുങ്ങി കഴിയണമെന്നാണ് പഠിപ്പിക്കുന്നതെന്നും പൊതുവേദികളില്‍ സ്ത്രീകള്‍ ഇറങ്ങിയാല്‍ വലിയ നാശമുണ്ടാകുമെന്നും കാന്തപുരം നിർദേശിച്ചു. കൊച്ചിയില്‍ നടന്ന പ്രവാചക പ്രകീർത്തന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീകള്‍ പൊതുവേദികളില്‍ ഇറങ്ങരുതെന്ന് പറയുന്നത് അവരോടുള്ള ബഹുമാനം കൊണ്ടാണെന്നും കാന്തപുരം ന്യായീകരിച്ചു. അന്യപുരുഷന്മാർക്കിടയില്‍ സ്ത്രീകള്‍ എത്തുന്ന സാഹചര്യം ഒഴിവാക്കുന്നതിനാണ് ഇസ്ലാം പർദ്ദ ഏർപ്പെടുത്തിയത്. ഇത്തരം കാര്യങ്ങളില്‍ മതം പഠിപ്പിക്കുന്ന നിലപാടാണ് താൻ പറയുന്നതെന്നും കാന്തപുരം വ്യക്തമാക്കി.തന്റെ പരാമർശങ്ങളെ വിമർശിക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്താല്‍ ഭയന്ന് പിൻമാറില്ലെന്നും മതത്തെക്കുറിച്ച് കൃത്യമായി പഠിച്ചവരാണ് തങ്ങളെന്നും മുസ്ലിം സമുദായത്തോട് ഇത്തരം കാര്യങ്ങള്‍ പറയാനുള്ള അവകാശമുണ്ടെന്നും കാന്തപുരം അവകാശപ്പെട്ടു.
ഇത്തരം നിലപാടുകള്‍ പറയാൻ തനിക്ക് എന്ത് അധികാരമാണുള്ളതെന്ന് ചില സംഘടനകള്‍ ചോദിക്കാറുണ്ടെന്നും എന്നാല്‍ എതിർപ്പുകളെ ഭയന്ന് നിലപാടുകളില്‍ നിന്ന് പിന്നോട്ടുപോകില്ലെന്നും കാന്തപുരം വ്യക്തമാക്കി.
SUMMARY: Kanthapuram stands firm on his stance that women should live quietly at home and that their entry into the public sphere leads to great ruin
















