തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി.സതീശനെ വഴിയില്‍ തടഞ്ഞ് അവഹേളിച്ചെന്ന കേസില്‍ അറസ്റ്റിലായ ഡിസിസി മുന്‍ അംഗം ചേന്തി അനിലിന് കോടതി ജാമ്യം അനുവദിച്ചു. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ചേന്തി അനിലിന്റെ കസ്റ്റഡി അപേക്ഷ ഇന്ന് അവസാനിക്കാനിരിക്കെയാണ് ജാമ്യം. അന്വേഷണവുമായി സഹകരിക്കണമെന്ന ഉപാധിയിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാക്കണമെന്നും സമാന കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കരുതെന്നും ഉപാധിയുണ്ട്. തിരുവനന്തപുരം ഡിസിസി മുന്‍ അംഗം കൂടിയായ ചേന്തി അനിലിന്റെ ശബ്ദ സാമ്പിള്‍ ഇന്ന് ശേഖരിച്ചിരുന്നു. തിരുവനന്തപുരം എഫ്എസ്എല് ലാബിലാണ് സാമ്പിള്‍ ശേഖരിച്ചത്. മുഖ്യമന്ത്രിയോട് തട്ടിക്കയറുന്ന ദൃശ്യങ്ങളിലെ ശബ്ദവുമായി താരതമ്യം ചെയ്യാനാണ് സാമ്പിള്‍ ശേഖരിച്ചത്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു മുഖ്യമന്ത്രിയുടെ വാഹനം ചേന്തി അനിലിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞത്. ചേന്തി ശ്രീ നാരായണ സാംസ്കാരിക നിലയത്തിലെ പരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു നടപടി. മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൈകാണിച്ച് നിര്‍ത്തുകയായിരുന്നു.
സംഭവം വിവാദമായതിന് പിന്നാലെ ചേന്തി അനില്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, തടഞ്ഞുവെയ്ക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയായിരുന്നു കേസെടുത്തത്. ഇതിന് പിന്നാലെ ചേന്തി അനില്‍ അടക്കമുള്ളവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സംഭവം വിവാദമായതോടെ ചേന്തി അനിലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.
SUMMARY: Incident involving the blocking of the Chief Minister’s vehicle: Bail granted to Chenthi Anil
















