തൃശ്ശൂർ: കയ്പമംഗലത്ത് വാഹനാപകടത്തിൽ മരിച്ച വിദ്യാർഥികൾ ലഹരി ഉപയോഗിച്ചതായി സൂചന. പോസ്റ്റുമോർട്ടത്തിലാണ് ഇതുസംബന്ധിച്ച സൂചന ലഭിച്ചത്. മരിച്ച വിദ്യാർഥികൾ മദ്യപിച്ചിരുന്നതായാണ് പ്രാഥമിക നിഗമനം എന്ന് പോസ്റ്റുമോർട്ടത്തിന് നേതൃത്വം നൽകിയ തൃശ്ശൂർ മെഡിക്കൽ കോളേജ് ഫൊറൻസിക് വിഭാഗം മേധാവി ഡോ. ഹിതേഷ് ശങ്കർ പറഞ്ഞു. കൂടുതൽ പരിശോധനയ്ക്കായി സാമ്പിളുകൾ ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം വരുന്നതോടെ ലഹരി ഉപയോഗം സ്ഥിരീകരിക്കാനാകും. രാസലഹരി ഉപയോഗത്തെ കുറിച്ച് അറിയാനുള്ള പരിശോധനകളും നടത്തുന്നുണ്ട്.
വാഹനാപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന മറ്റ് വിവരങ്ങള്‍ ലഭിച്ചത്. ശനിയാഴ്ച രാത്രി തളിക്കുളത്തെ ഒരു ഹോട്ടലില്‍ ഭക്ഷണം കഴിക്കാനിറങ്ങിയ സംഘം അവിടെയുണ്ടായിരുന്നവരുമായി വലിയ രീതിയിലുള്ള തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. വാക്കുതര്‍ക്കം പിന്നീട് രൂക്ഷമായ കൈയാങ്കളിയിലാണ് കലാശിച്ചത്.
ഹോട്ടലിലെ പ്രശ്നം വഷളായതോടെ നാട്ടുകാര്‍ വാടാനപ്പള്ളി പോലീസില്‍ വിവരമറിയിച്ചു. പോലീസ് ഉടന്‍ തന്നെ സ്ഥലത്തെത്തുമെന്ന് ഉറപ്പായതോടെയാണ് വിദ്യാര്‍ഥികള്‍ തിടുക്കത്തില്‍ കാറില്‍ക്കയറി അവിടെനിന്നും രക്ഷപ്പെട്ടത്. പോലീസിന്റെ പിടിയിലാകുമെന്ന ഭയത്താല്‍ ദേശീയപാതയിലൂടെ അമിതവേഗതയില്‍ വാഹനം ഓടിച്ചുപോയതാണ് വന്‍ ദുരന്തത്തില്‍ കലാശിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നത്.
ശനിയാഴ്ച പുലര്‍ച്ചെ 12 മണിയോടെയാണ് നാടിനെ നടുക്കിയ അപകടം നടന്നത്. കയ്പമംഗലം ദേശീയപാതയിലെ പനമ്പിക്കുന്ന് സെന്ററില്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിലേക്ക് വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന കാര്‍ അതിവേഗത്തില്‍ ഇടിച്ചുകയറുകയായിരുന്നു. തളിക്കുളത്തുനിന്നും അമിതവേഗതയില്‍ പാഞ്ഞെത്തിയ കാറിന് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണം. കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു തരിപ്പണമായിരുന്നു. മുന്‍ഭാഗം ഉള്‍പ്പെടെ ലോറിയുടെ അടിയിലേക്ക് ഇടിച്ചുകയറിയ വാഹനം വെട്ടിപ്പൊളിച്ചാണ് ഉള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. കയറ്റം കയറി ഇറങ്ങുന്ന നേരെയുള്ള (സ്ട്രൈറ്റ്) റോഡായതിനാല്‍ വാഹനത്തിന് നല്ല വേഗതയുണ്ടായിരുന്നു എന്നത് അപകടത്തിന്റെ തീവ്രത വര്‍ദ്ധിപ്പിച്ചു.
തമിഴ്നാട് ഡിണ്ടിഗലിലെ പി.എസ്.എന്‍.എ. എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. സേലം സ്വദേശികളായ വിശ്വ, സന്തോഷ്, മധുര സ്വദേശികളായ പ്രസന്ന, മുരളീകൃഷ്ണന്, ദിണ്ടിഗല്‍ സ്വദേശികളായ ജോഷ്വ, ജീവ എന്നിവര്‍ക്ക് പുറമേ സൂര്യ, യുവസഞ്ജിത് എന്നിവരുള്‍പ്പെടെ ഏഴ് വിദ്യാര്‍ഥികളും കാര്‍ ഡ്രൈവറുമാണ് ദാരുണമായി മരിച്ചത്.
SUMMARY: Kaipamangalam accident; Students consumed drugs, argued with locals, got into a fight
















