അമരാവതി: അസഹ്യമായ വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ച യുവതിയുടെ വയറ്റില്‍നിന്ന് ഡോക്ടർമാർ പുറത്തെടുത്തത് 14 പേനകളും അഞ്ച് സ്പൂണുകളും ഒരു മെഴുകുതിരിയും. ആന്ധ്രപ്രദേശിലെ പാലനാട് ജില്ലയിലാണ് സംഭവം. 33കാരിയുടെ വയറ്റില്‍നിന്നാണ് ഇരുപതോളം അപൂർവ്വ വസ്തുക്കള്‍ ലാപറോസ്കോപിക് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്. യുവതിക്ക് കഠിനമായ വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് വീട്ടുകാർ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചത്.
പരിശോധനകള്‍ക്കൊടുവില്‍ ഉള്ളില്‍ ഇത്തരം വസ്തുക്കള്‍ കണ്ടെത്തിയതോടെ വയറിന്റെ ഒരു ഭാഗത്ത് ചെറിയ ദ്വാരമുണ്ടാക്കിയാണ് ഡോക്ടർമാർ ഇവ പുറത്തെടുത്തത്. പുറത്തെടുത്ത 14 പേനകളില്‍ ഒരെണ്ണം മൂടിയില്ലാത്ത അവസ്ഥയിലായിരുന്നു. ഈ പേനയുടെ കൂർത്ത അറ്റം വയറിനുള്ളില്‍ തുളച്ചുകയറിയതാണ് യുവതിക്ക് കടുത്ത വേദനയുണ്ടാക്കാൻ കാരണമെന്നാണ് കരുതുന്നത്.
മാതാശ്രീ ആശുപത്രിയിലെ ശസ്ത്രക്രിയ വിദഗ്ധൻ പി. രാമചന്ദ്ര റെഡ്ഡിയുടെ നേതൃത്വത്തിലായിരുന്നു ഈ സങ്കീർണ്ണമായ ശസ്ത്രക്രിയ നടന്നത്. എന്നാല്‍ ഇത്രയധികം സാധനങ്ങള്‍ യുവതി എങ്ങനെ വിഴുങ്ങിയെന്ന കാര്യം വ്യക്തമല്ല. പെത്‌ലൂരിവാരിപാലേം സ്വദേശിനിയായ യുവതിക്ക് കഴിഞ്ഞ 10 വർഷമായി മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് പിതാവ് വെളിപ്പെടുത്തി. ഭക്ഷണയോഗ്യമല്ലാത്ത സാധനങ്ങള്‍ വിഴുങ്ങിയതിന് പിന്നില്‍ ഈ അവസ്ഥയാകാനാണ് സാധ്യതയെന്ന് ഡോക്ടർമാർ കരുതുന്നു.
SUMMARY: Excruciating stomach pain; doctors removed 14 pens, five spoons, and a candle from the stomach of a young woman who arrived at the hospital
















