കോഴിക്കോട്: കൈക്കൂലി വാങ്ങിയെന്ന ഇഡി റിപ്പോർട്ട് നിഷേധിച്ച് മുഹമ്മദ് റിയാസ്. വ്യക്തിഹത്യ ചെയ്യാൻ ലക്ഷ്യമിട്ട് ബോധപൂർവം മെനഞ്ഞ കള്ളക്കഥയാണിതെന്നും നിയമ പോരാട്ടം തുടരുമെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ റിയാസ് വ്യക്തമാക്കി. മാധ്യമങ്ങളില്‍ വന്ന വിവരങ്ങള്‍ പൂർണ്ണമായും അസംബന്ധമാണെന്നും തന്നെ വ്യക്തിഹത്യ ചെയ്യാൻ ലക്ഷ്യമിട്ട് ബോധപൂർവ്വം മെനഞ്ഞെടുത്ത കള്ളക്കഥയാണെന്നും അദ്ദേഹം വ്യക്തമാക്കി.
‘ഇന്നത്തെ മാധ്യമങ്ങളില്‍ ഇ.ഡി. അന്വേഷണവുമായി ബന്ധപ്പെട്ട് പുതിയ അസംബന്ധങ്ങള്‍ ഉണ്ട്. ഇ.ഡി. ചോർത്തിക്കൊടുത്ത റിപ്പോർട്ടില്‍ അത്തരം കാര്യങ്ങള്‍ ഉണ്ടെങ്കില്‍, അത് എന്നെ വ്യക്തിഹത്യ ചെയ്യാൻ ലക്ഷ്യമിട്ട് ബോധപൂർവ്വം മെനഞ്ഞ കള്ളക്കഥയാണ്. ഇത്തരം കാര്യങ്ങള്‍ വീണ ഇ.ഡിക്കു മുന്നില്‍ സമ്മതിച്ചു എന്ന് ഇ.ഡി ചോർത്തി നല്‍കിയ വാർത്തയില്‍ പറയുന്നുണ്ട്. ഇത് പച്ചക്കള്ളമാണ്. ഇ.ഡി. അന്വേഷണം എന്ന പേരില്‍ ചോർത്തി കൊടുത്ത ഇത്തരം അസംബന്ധ വിവരങ്ങളിലൂടെ ജീവിക്കുന്ന മനുഷ്യരുടെ പച്ചയിറച്ചി തിന്നു രസിക്കുന്നവരുടെ ആട്ടം തുടരട്ടെ. ഇതിനെതിരെ നിയമപരമായി പോരാടും,’ പി.എ. മുഹമ്മദ് റിയാസ് വ്യക്തമാക്കി
മുഹമ്മദ് റിയാസ് മന്ത്രിയായിരിക്കെ 20.5 കോടി രൂപ അനധികൃതമായി സമ്പാദിച്ചെന്നും ഇതില്‍ ഒരു ഭാഗം ദുബായിലേക്ക് കടത്തിയെന്നുമാണ് ഇ.ഡി. ചൂണ്ടിക്കാണിക്കുന്നതെന്നായിരുന്നു മാധ്യമവാർത്തകള്‍. ഹവാല ഇടപാട് സംശയിക്കുന്നതായി ഇ.ഡി കത്തില്‍ സൂചിപ്പിക്കുന്നുണ്ടെന്നും, 2024-25 ലെ പണമിടപാടിന്റെ വിവരങ്ങളും തെളിവുകളും മൊഴികളും അടങ്ങിയ 25 പേജുള്ള കത്ത് സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയിട്ടുണ്ടെന്നുമാണ് ഇ.ഡി കേന്ദ്രങ്ങള്‍ സ്ഥിരീകരിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിനെതിരെയാണ് ഇപ്പോള്‍ ശക്തമായ പ്രതിരോധവുമായി എല്‍.ഡി.എഫും മുഹമ്മദ് റിയാസും രംഗത്തെത്തിയിരിക്കുന്നത്.
SUMMARY: Mohammed Riyas reacts to news regarding the ED investigation
















