ഹൈദരാബാദ്: റാപ്പിഡോ ബൈക്ക് ടാക്സിയിൽ ബസ് ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം. ഹൈദരാബാദ് സ്വദേശിനി ഹേമദുർഗ(26)യാണ് മരിച്ചത്. അമീർപേട്ട് ശ്രീനഗർ കോളനിയിലെ ബിഗ് ബസാറിൽ കഴിഞ്ഞ ദിവസമായിരുന്നു അപകടം. തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ടിജിഎസ്ആർടിസി) ബസിടിച്ചാണ് അപകടം.
ബഞ്ചാര ഹിൽസിലെ കാർ ഷോറൂമിലെ ജീവനക്കാരിയായിരുന്നു ഹേമദുർഗ. റിപ്പയർ ചെയ്ത മൊബൈൽ ഫോൺ വാങ്ങാനെത്തി ഓൺലൈൻ ബൈക്ക് ടാക്സിയിൽ മടങ്ങവേ ബസ് ബൈക്കിൽ ഇടിക്കുകയായിരുന്നു. ബൈക്കിലും മറ്റൊരു സ്കൂട്ടറിലും ബസ് ഇടിച്ചു. ഇതിനിടെ ബൈക്കിൽനിന്ന് റോഡിലേക്ക് വീണ ഹേമദുർഗയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി.
അപകടത്തിൽ റാപ്പിഡോ ഡ്രൈവർക്കും പരുക്കേറ്റു. സംഭവസമയത്ത് ഹേമദുർഗ ഹെൽമെറ്റ് ധരിച്ചിരുന്നില്ലെന്നാണ് സൂചന. അപകടത്തിന് ശേഷം പഞ്ചഗുട്ട പോലീസ് സ്ഥലത്തെത്തി ഹേമദുർഗയുടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി അന്വേഷണം ആരംഭിച്ചു. ബസ് ഡ്രൈവറെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
SUMMARY: Young woman dies tragically after bus hits Rapido bike taxi.
















