പത്തനംതിട്ട: പത്തനംതിട്ട കോന്നി മെഡിക്കല്‍ കോളേജ് ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാപ്പിഴവ് ആരോപണം. കൂടല്‍ സ്വദേശിനിയായ പതിനാറുകാരിക്ക് നല്‍കിയത് 88കാരിയുടെ എക്സ് റേ. ഫിലിം പരിശോധിച്ച ഡോക്ടറും ഇത് തിരിച്ചറിയാതെ ചികിത്സ നിർദേശിച്ചതായും പരാതിയുണ്ട്. ഈ മാസം 14നാണ് ശ്വാസംമുട്ടലിനെ തുടർന്ന് പെണ്‍കുട്ടി പിതാവിനൊപ്പം ആശുപത്രിയിലെത്തിയത്.
പരിശോധനയ്ക്കിടെ എക്സ്റേ എടുക്കാൻ ഡോക്ടർ നിർദേശിച്ചു. തുടർന്ന് ആശുപത്രിയില്‍ നടത്തിയ പരിശോധനയ്ക്ക് ശേഷം ലഭിച്ച ഫിലിമിലാണ് പിഴവ് സംഭവിച്ചതെന്നാണ് വിവരം. നട്ടെല്ലിന് വളവുള്ള 86 വയസ്സുകാരിക്ക് എടുത്ത എക്സ്റേ ഫിലിമാണ് 16 കാരിക്ക് മാറി നല്‍കിയതെന്നാണ് ആരോപണം. ഫിലിമില്‍ രോഗിയുടെ പേരും പ്രായവും രേഖപ്പെടുത്തിയിരുന്നതായും പറയുന്നു. എന്നാല്‍ ഇത് ശ്രദ്ധയില്‍പ്പെടാതെ ഡോക്ടർ എക്സ്റേ പരിശോധിച്ച് പെണ്‍കുട്ടിക്ക് മരുന്ന് നിർദേശിച്ചു.
ശ്വാസതടസ്സത്തിനും വേദനയ്ക്കുമുള്ള മരുന്നുകളാണ് ഡോക്ടർ കുറിച്ചുനല്‍കിയത്. പിന്നീട് നടത്തിയ പരിശോധനയിലാണ് എക്സ്റേ ഫിലിം മാറിയതായി മനസ്സിലായതെന്നാണ് വിവരം. സംഭവത്തില്‍ ആശുപത്രി അധികൃതർ വിശദീകരണം തേടിയിട്ടുണ്ട്. എക്സ്റേ ഫിലിം മാറാനിടയായ സാഹചര്യം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ആശുപത്രി തലത്തില്‍ പരിശോധന നടക്കുകയാണ്.
SUMMARY: 16-year-old given 88-year-old’s X-ray; complaint against Konni Medical College Hospital
















