നഗോയ: ജപ്പാനിലെ ഐച്ചി-നഗോയയില്‍ നടക്കുന്ന ഏഷ്യൻ ഗെയിംസിന് ഔദ്യോഗിക തുടക്കമായി. പലോമ മിസുഹോ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന ചടങ്ങുകള്‍ നടക്കുന്നത്. ഇരട്ട ഒളിമ്പിക് മെഡല്‍ ജേതാവ് മനു ഭാക്കറും കബഡി താരം പവൻ ഷെറാവത്തുമാണ് ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യയുടെ പതാക ഉയർത്തുന്നത്. ഷോട്ട്പുട്ട് താരം തജീന്ദർപാല്‍ സിംഗ് ടൂറിന് പകരക്കാരനായാണ് പവൻ ഷെറാവത്തിനെ പതാകവാഹകനായി തിരഞ്ഞെടുത്തത്.
17,000ത്തിലേറെ കായിക താരങ്ങളും ഒഫീഷ്യലുകളുമാണ് ഇത്തവണ ഏഷ്യൻ ഗെയിംസില്‍ പങ്കെടുക്കുന്നത്. പ്രതിസന്ധികളില്‍നിന്ന് പ്രതീക്ഷയോടെ തിരിച്ചെത്തി പലസ്തീനും നേപ്പാളും മത്സരങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. ഇന്ത്യയുടെ ഒളിമ്പിക് സ്വർണ മെഡല്‍ ജേതാവ് നീരജ് ചോപ്ര ഇത്തവണ ഏഷ്യൻ ഗെയിംസിനില്ല. കണങ്കാലിലെ ലിഗമെന്റ് പരിക്കിനെ തുടർന്ന് കഴിഞ്ഞ മാസമാണ് ഈ സീസണിലെ മത്സരങ്ങള്‍ അവസാനിപ്പിക്കുന്നതായി താരം പ്രഖ്യാപിച്ചത്.
പരുക്ക് കാരണം നീരജിന് ഇത് മൂന്നാമത്തെ ഏഷ്യൻ ഗെയിംസാണ് നഷ്ടമാകുന്നത്. നഗോയയില്‍ 499 ഇന്ത്യൻ താരങ്ങളാണ് വിവിധ ഇനങ്ങളില്‍ മത്സരിക്കുന്നത്. ആദ്യം പ്രഖ്യാപിച്ച 503 അംഗ സംഘത്തില്‍നിന്ന് നാല് പേർ പിന്മാറി. ടീമില്‍ 267 പുരുഷ താരങ്ങളും 232 വനിതാ താരങ്ങളുമാണുള്ളത്. 36 കായിക ഇനങ്ങളിലാണ് ഇന്ത്യ മത്സരിക്കുന്നത്.കഴിഞ്ഞ ഏഷ്യൻ ഗെയിംസില്‍ 35 ഇനങ്ങളിലായി 661 ഇന്ത്യൻ താരങ്ങള്‍ മത്സരിച്ചിരുന്നു. ഇത്തവണ 74 താരങ്ങളുള്ള അത്‌ലറ്റിക്‌സിനാണ് ഏറ്റവും വലിയ പ്രാതിനിധ്യം. ഹോക്കിയില്‍ 40 പേരും ക്രിക്കറ്റില്‍ 30 പേരും കബഡിയില്‍ 24 പേരും ഷൂട്ടിങ്ങില്‍ 30 പേരുമാണ് ഇന്ത്യൻ സംഘത്തിലുള്ളത്.
SUMMARY: 20th Asian Games kick off in Japan; Manu Bhaker and Pawan Sehrawat carry the Indian flag during the march past
















