ബെംഗളൂരു: വെറും 10 ലക്ഷം രൂപ നൽകിയാൽ ഒരു കോടി രൂപ വിലമതിക്കുന്ന ഭൂമി സ്വന്തമാക്കാമെന്ന് വിശ്വസിപ്പിച്ച് നിരവധി പേരിൽ നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുത്തെന്ന പരാതിയിൽ ഹൊസ്‌കോട്ടെ പോലീസ് അഞ്ച് പേരെ അറസ്റ്റ് ചെയ്തു. യലഹൻകഹള്ളി സ്വദേശിയായ ശശികുമാർ, സഹായികളായ നാഗേഷ്, പ്രമീള, അംബുജ, വെങ്കടരവണ്ണപ്പ എന്നിവരാണ് അറസ്റ്റിലായത്.
ശശികുമാർ, ആണ് കേസിലെ പ്രധാന സൂത്രധാരനെന്നും ഹൊസ്‌കോട്ടിലും സമീപപ്രദേശങ്ങളിലും നിരവധി പേരുമായി വർഷങ്ങളായി ബന്ധം സ്ഥാപിച്ച് വിശ്വാസം നേടിയ ശേഷമാണ് ശശികുമാർ തട്ടിപ്പ് നടത്തിയതെന്നും പോലീസ് പറഞ്ഞു. റിയൽ എസ്റ്റേറ്റ് മേഖലയിലുള്ളവരെയും സാമ്പത്തികമായി ശേഷിയുള്ളവരെയുമാണ് പ്രധാനമായും ലക്ഷ്യമിട്ടത്. ഒരു കോടി രൂപയോളം വിലവരുന്ന ഭൂമി വെറും 10 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കാനുള്ള അവസരമുണ്ടെന്ന് പറഞ്ഞാണ് ഇയാൾ ആളുകളെ സമീപിച്ചിരുന്നത്.
ഇതിനായി വിവിധ സ്ഥലങ്ങളിലേക്ക് ആളുകളെ കൊണ്ടുപോയി ഭൂമികൾ കാണിക്കുകയും ഇവ ബെനാമി സ്വത്തുക്കളാണെന്ന് അവകാശപ്പെടുകയും ചെയ്തതായി പോലീസ് പറഞ്ഞു. ചില സന്ദർഭങ്ങളിൽ ഈ സ്വത്തുക്കൾ അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ജെ. ജയലളിതയുമായി ബന്ധപ്പെട്ട ബെനാമി സ്വത്തുക്കളാണെന്നും അവ സ്വന്തമാക്കാനുള്ള അവസരമാണ് തങ്ങൾ നൽകുന്നതെന്നും പ്രതികൾ പറഞ്ഞതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഈ സ്വത്തുക്കൾ യഥാർഥത്തിൽ ജയലളിതയുമായി ബന്ധപ്പെട്ടതാണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.
കുറഞ്ഞ തുകയ്ക്ക് വലിയ മൂല്യമുള്ള ഭൂമി ലഭിക്കുമെന്ന വാഗ്ദാനം വിശ്വസിച്ചാണ് പലരും പണം നൽകിയത്. പണം പണമായും ചെക്കായും സ്വർണാഭരണങ്ങളായും സ്വീകരിച്ചതായും പരാതിയിൽ പറയുന്നു. തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് പ്രതികൾ വാഹനങ്ങളും ഭൂമിയും വാങ്ങിയതായും അന്വേഷണ സംഘം കണ്ടെത്തി
പണം നൽകിയവർ പിന്നീട് തങ്ങളുടെ നിക്ഷേപം തിരികെ ആവശ്യപ്പെട്ടപ്പോൾ ബൗൺസർമാരെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ഇതോടെ പലരും പോലീസിനെ സമീപിക്കാൻ ആദ്യത്തിൽ മടിച്ചിരുന്നു.
ശശികുമാറിനെതിരായ ആദ്യ പരാതിയോടെയാണ് കേസിന്റെ അന്വേഷണം ആരംഭിച്ചത്. കഴിഞ്ഞ മാസം ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ഹൊസ്‌കോട്ടെ പോലീസ് ഇയാളെ ചോദ്യം ചെയ്ത് അറസ്റ്റ് ചെയ്തു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ സംഘത്തിലെ മറ്റ് അംഗങ്ങളുടെ പങ്കിനെക്കുറിച്ച് വിവരങ്ങൾ ലഭിച്ചതോടെയാണ് നാഗേഷ്, പ്രമീള, അംബുജ, വെങ്കടരവണ്ണപ്പ എന്നിവരെ കൂടി അറസ്റ്റ് ചെയ്തത്. സംഘം ഇതുവരെ എത്ര പേരിൽ നിന്ന് എത്ര രൂപ കൈപ്പറ്റിയെന്നത് പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്. തട്ടിപ്പിനിരയായവരുടെ എണ്ണം ഇനിയും ഉയർന്നേക്കാമെന്നാണ് നിഗമനം.
















