കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയില്‍ കൊല്ലപ്പെട്ട രണ്ട് മലയാളി യുവതികളുടെ മൃതദേഹങ്ങള്‍ വിദേശത്തെ നിയമനടപടികള്‍ പൂർത്തിയാക്കി തിങ്കളാഴ്ച രാവിലെ എട്ടു മണിയോടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിക്കും. തൃശൂർ മുടിക്കോട് സ്വദേശി അഞ്ജന ഹരി, തിരുവനന്തപുരം കേശവദാസപുരം സ്വദേശി ആൻമേരി മാത്യു എന്നിവരുടെ മൃതദേഹങ്ങളാണ് നാട്ടിലെത്തിക്കുന്നത്.
കഴിഞ്ഞ ഓഗസ്റ്റ് 28-നായിരുന്നു ഇരുവരും കൊല്ലപ്പെട്ടത്. അഞ്ജനയുടെ സുഹൃത്തും കോട്ടയം സ്വദേശിനിയുമായ അനില എന്ന യുവതിയാണ് കൊലപാതകങ്ങള്‍ക്ക് പിന്നിലെന്നാണ് കണ്ടെത്തല്‍. പോസ്റ്റ്മോർട്ടം, എംബാം ചെയ്യല്‍ ഉള്‍പ്പെടെയുള്ള സങ്കീർണ്ണമായ നടപടികള്‍ പ്രവാസി കൂട്ടായ്മകളുടെയും നോർക്കയുടെയും ഏകോപനത്തില്‍ പൂർത്തിയാക്കിയാണ് മൃതദേഹങ്ങള്‍ അയച്ചത്.
നെടുമ്പാശ്ശേരിയില്‍ ഏറ്റുവാങ്ങുന്ന അഞ്ജനയുടെ മൃതദേഹം തൃശൂരിലെ വസതിയിലെത്തിച്ച് തിങ്കളാഴ്ച വൈകീട്ടോടെ വീട്ടുവളപ്പില്‍ സംസ്കരിക്കും. ആൻമേരിയുടെ മൃതദേഹം ഭർത്താവിന്റെ നാടായ കോട്ടയത്തേക്ക് കൊണ്ടുപോകും. ചൊവ്വാഴ്ച പന്നിമറ്റം സെന്റ് ഇഗ്നേഷ്യസ് ദേവാലയ സെമിത്തേരിയിലാണ് ആൻമേരിയുടെ സംസ്കാര ചടങ്ങുകള്‍ നടക്കുക.
SUMMARY: The bodies of the Malayali women killed in California will be brought to Kochi on Monday















