കോഴിക്കോട്: ഗാർഹിക ആവശ്യത്തിനുള്ള സബ്‌സിഡി പാചകവാതക (എല്‍.പി.ജി) റീഫില്ലുകള്‍ക്ക് ഒക്ടോബർ ഒന്നു മുതല്‍ ആധാർ അധിഷ്ഠിത ബയോമെട്രിക് ഓതന്‍റിക്കേഷൻ (ഇ-കെ.വൈ.സി) നിർബന്ധമാക്കുന്നു. ഇ-കെ.വൈ.സി പൂർത്തിയാക്കാത്ത ഉപഭോക്താക്കള്‍ക്ക് 14.2 കിലോഗ്രാം ഭാരമുള്ള സബ്‌സിഡി സിലിണ്ടറുകള്‍ ലഭ്യമാകില്ല. ഇവർക്ക് വിപണി വിലയില്‍ അഞ്ച് കിലോ, 10 കിലോ അളവുകളിലുള്ള ചെറിയ സിലിണ്ടറുകള്‍ മാത്രമേ വിതരണം ചെയ്യൂ എന്ന് അധികൃതർ വ്യക്തമാക്കി.
നിശ്ചിത സമയപരിധിക്കുള്ളില്‍ ആധാർ ബയോമെട്രിക് പൂർത്തിയാക്കുന്ന ഉപഭോക്താക്കള്‍ക്ക് മാത്രമായിരിക്കും സബ്‌സിഡി നിരക്കില്‍ ഗാർഹിക ആവശ്യത്തിനുള്ള എല്‍.പി.ജി റീഫില്ലുകള്‍ ലഭിക്കുക. ബയോമെട്രിക് ഓതന്‍റിക്കേഷൻ പൂർത്തിയാക്കാൻ സാധിക്കാത്തവർക്കോ അതിന് സന്നദ്ധരല്ലാത്തവർക്കോ സബ്‌സിഡി ആനുകൂല്യങ്ങള്‍ നഷ്ടപ്പെടും.
ഇ-കെ.വൈ.സി പൂർത്തിയാക്കാത്ത കുടുംബങ്ങള്‍ക്ക് ഇനി മുതല്‍ വിപണിയിലെ കൂടിയ വില നല്‍കേണ്ടിവരുമെന്ന് മാത്രമല്ല, വലിയ സിലിണ്ടറുകള്‍ക്ക് പകരം ചെറിയ അളവിലുള്ള സിലിണ്ടറുകള്‍ വാങ്ങി പാചകവാതക ആവശ്യങ്ങള്‍ നിറവേറ്റേണ്ടിയും വരും. അതേസമയം, ഇതിനകം ആധാർ വിരലടയാള/ബയോമെട്രിക് പരിശോധന വിജയകരമായി പൂർത്തിയാക്കിയ ഉപഭോക്താക്കള്‍ക്ക് തടസ്സമില്ലാതെ മുൻപത്തെപ്പോലെ തന്നെ നിശ്ചിത സബ്‌സിഡി നിരക്കില്‍ 14.2 കിലോ സിലിണ്ടറുകള്‍ ലഭ്യമാകും.
എല്‍.പി.ജി വിതരണത്തിലെ ക്രമക്കേടുകള്‍ തടയുന്നതിനും യഥാർത്ഥ ഗുണഭോക്താക്കള്‍ക്ക് മാത്രം സബ്‌സിഡി ലഭ്യമാക്കുന്നതിനുമാണ് കേന്ദ്ര സർക്കാർ ഈ നടപടി കർശനമാക്കുന്നത്.
















