ബെംഗളൂരു: കുശാൽനഗർ–മടിക്കേരി ദേശീയപാതയിൽ ആനെകാട് സമീപം കാർ, ബൈക്ക്, പിക്കപ്പ് വാഹനം എന്നിവ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. ഏഴ് പേർക്ക് പരുക്കേറ്റു. ഇതിൽ ചിലരുടെ നില ഗുരുതമാണെന്നാണ് റിപ്പോർട്ട്.
ഞായറാഴ്ച രാത്രി ആനെകാട് ഭാഗത്താണ് അപകടമുണ്ടായത്. കുശാലനഗറിൽ നിന്ന് മടിക്കേരിയിലേക്ക് പോകുകയായിരുന്ന സ്വിഫ്റ്റ് കാർ ബൈക്കിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിക്കുകയായിരുന്നു. തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട കാർ എതിർദിശയിൽ വന്ന പിക്കപ്പ് വാഹനത്തിലും ഇടിച്ചു.
അപകടത്തിൽ സ്വിഫ്റ്റ് കാർ ഓടിച്ചിരുന്ന ഹൊസക്കോട്ട സ്വദേശിയും ഇലക്ട്രീഷ്യനുമായ രതൻ എന്ന ഉണ്ണി (36), അദ്ദേഹത്തിന്റെ സഹപ്രവർത്തകനായ ആദർശ് (26), ഹൊദ്ദൂർ സ്വദേശിയും വനംവകുപ്പിലെ കരാർ ജീവനക്കാരനുമായ കുമാർ (42) എന്നിവരാണ് മരിച്ചത്. കുമാറിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു.
അപകടത്തിൽ കാറിലുണ്ടായിരുന്ന സുവിൻ, ചന്ദ്രശേഖർ, അജയ് എന്നിവരുൾപ്പെടെ ഏഴ് പേർക്ക് പരുക്കേറ്റു. പരിരുക്കേറ്റവരെ ആദ്യം കുശാലനഗറിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ച ശേഷം ഗുരുതരാവസ്ഥയിലുള്ളവരെ മൈസൂരു, മടിക്കേരി എന്നിവിടങ്ങളിലെ ആശുപത്രികളിലേക്ക് മാറ്റി.
ഗുഡ്ഡെഹൊസൂരിൽ നടന്ന ഗണേശ വിഗ്രഹ നിമജ്ജന പരിപാടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. ഇടിയുടെ ആഘാതത്തിൽ മൂന്ന് വാഹനങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചു.
വിവരം ലഭിച്ചതിനെ തുടർന്ന് കുശാലനഗർ പോലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. അപകടത്തിന്റെ കൃത്യമായ കാരണം, വാഹനത്തിന്റെ വേഗത, മറികടക്കാനുള്ള ശ്രമം എന്നിവ സംബന്ധിച്ച് പോലീസ് അന്വേഷണം തുടരുകയാണ്.
SUMMARY: Road accident on the Kushalnagar–Madikeri route; three dead, seven injured.
















