തിരുവനന്തപുരം: സിഎംആര്‍എല്‍- എക്സാലോജിക് സാമ്പത്തിക ഇടപാടു കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ ഇഡി നല്കിയ കത്തില്‍ സര്‍ക്കാര്‍ ഇന്ന് തീരുമാനമെടുത്തേക്കും. മുഖ്യമന്ത്രി വിഡി സതീശനും ആഭ്യന്ത്രമന്ത്രി രമേശ് ചെന്നിത്തലയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയശേഷമാകും തീരുമാനം. വസ്തുതാപരിശോധന നടത്താനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാഷ്ട്രീയ പ്രതികാരമെന്ന ആക്ഷേപം ഉയരാനുള്ള സാധ്യത കൂടി മുന്നില്‍ക്കണ്ടാകും സര്‍ക്കാര്‍ തീരുമാനമെടുക്കുക.
സിഎംആര്‍എല്‍ പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ മകള്‍ ടി വീണയ്ക്ക് നല്കിയ 3.28 കോടി രൂപ പിണറായി വിജയനുള്ള കൈക്കൂലി ആണെന്നാണ് ഇഡി ആരോപിക്കുന്നത്. മകള്‍ വഴി പിണറായി വിജയന് കൈക്കൂലി പണം വാങ്ങിയതിന് തെളിവുണ്ടെന്നും, അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാമെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് ടി ആസിഫ് അലിയും സര്‍ക്കാരിന് നിയമോപദേശം നല്‍കിയിട്ടുണ്ട്. പിണറായി വിജയന്റെ മകള്‍ ടി വീണ, ഭര്‍ത്താവും മുന്‍മന്ത്രിയുമായ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെയും കേസെടുക്കാമെന്ന് ഡിജിപി നിയമോപദേശത്തില്‍ വ്യക്തമാക്കുന്നു.
കേസിൽ വിജിലൻസ് അന്വേഷണമോ, ക്രൈംബ്രാഞ്ച് അന്വേഷണമോ, അതോ പ്രത്യേക അന്വേഷണ സംഘത്തെയോ നിയോഗിക്കണോ എന്നതിൽ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും തമ്മിൽ നടത്തുന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം അന്തിമ പ്രഖ്യാപനമുണ്ടാകും. മറ്റു ആരോപണങ്ങളിലും പി.എ. മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ളവർക്കെതിരെ അന്വേഷണം നടത്താമെന്ന് എജി വ്യക്തമാക്കിയിട്ടുണ്ട്. ഇഡി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നേരിട്ട് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയോ അല്ലെങ്കിൽ പ്രാഥമിക അന്വേഷണത്തിന് ശേഷം തുടര്‍നടപടികൾ സ്വീകരിക്കുകയോ ചെയ്യാം.
SUMMARY: CMRL-Exalogic financial transaction: Government decision on ED letter today.
















