ടോക്കിയോ: ജപ്പാനില്‍ കനത്ത മഴയോടൊപ്പം വീശിയടിച്ച ‘ദുജുവാന്‍’ ചുഴലിക്കാറ്റില്‍ 6 പേര്‍ മരിച്ചു. ആറുപേരെ കാണാതായതായും റിപോര്‍ട്ടുണ്ട്. കനഗാവ, ചിബ പ്രവിശ്യകളിലുണ്ടായ മണ്ണിടിച്ചിലിലാണ് മരണങ്ങള്‍ സംഭവിച്ചത്. ചുഴലിക്കാറ്റ് മൂലം വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെടുകയും നൂറുകണക്കിന് വിമാന സര്‍വീസുകള്‍ റദ്ദാക്കേണ്ടി വരികയും ചെയ്തു. ജപ്പാന്റെ പസഫിക് തീരത്തുകൂടി കടന്നുപോയ ചുഴലിക്കാറ്റ് വൻ നാശനഷ്ടമാണ് ജപ്പാനിൽ സൃഷ്ടിച്ചത്. കനത്ത മഴയെത്തുടർന്ന് ചിബ പ്രവിശ്യയിലെ അമ്പത്തെണ്ണായിരത്തോളം വീടുകളിൽ വൈദ്യുതി ബന്ധം നഷ്ടമായി. നിരവധി വീടുകളിലേക്ക് വെള്ളം കയറി.
ടോക്കിയോ ഉൾപ്പെടെ കിഴക്കൻ പ്രവിശ്യയിൽ കാറ്റ് അധികമായി ബാധിക്കാതെ പോയത് ഗെയിസ് വേദികളെ സുരക്ഷിതമാക്കി. ഐച്ചി നഗോയ മേഖലകളിൽ കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടാക്കിയിട്ടില്ല. പരക്കെ പരിഭ്രാന്തിയും അനിശ്ചിതത്വവും തീര്‍ത്തുവെങ്കിലും കാറ്റ് പെട്ടെന്ന് ശമിച്ചതും ആശ്വാസമായി
ജപ്പാനിൽ സിൽവർ വീക്ക് എന്ന പേരിൽ അറിയപ്പെടുന്ന അവധിക്കാലത്താണ് ഈ പ്രകൃതിദുരന്തം ഉണ്ടായത്. ഓഗസ്റ്റിലും സെപ്റ്റംബർ തുടക്കത്തിലും കനത്ത മഴ നേരിട്ട ചിബ പ്രവിശ്യയെയാണ് ഈ കൊടുങ്കാറ്റും ഏറ്റവും കൂടുതൽ ബാധിച്ചിട്ടുള്ളത്. ചിബയിൽ മാത്രം റോഡ് പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന അമ്പത്തൊന്നുകാരൻ ഉൾപ്പെടെ അഞ്ചുപേർ മരണപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട മറ്റുള്ളവർ 70നും 80നും ഇടയിൽ പ്രായമുള്ളവരാണ്. ടോക്കിയോയ്ക്ക് സമീപമുള്ള കനഗാവ പ്രവിശ്യയിലെ യോക്കോസുക, മിയുര എന്നിവിടങ്ങളിൽ തുടർച്ചയായ മണ്ണടിച്ചിലുകൾ ഉണ്ടായി. കാണാതായവർക്കായി പോലീസ് തിരച്ചിൽ തുടരുകയും ചെയ്യുകയാണ്.
















