കൊല്ലം: നീണ്ടകരയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് കടലില്‍ കാണാതായ ഗൗതം കൃഷ്ണയുടെ രൂപം മരത്തടിയില്‍ കൊത്തിയെടുത്ത് അന്ത്യകർമങ്ങള്‍ ചെയ്ത് അമ്മ രേഷ്മ. ഗൗതമിന്റെ തടിയില്‍ കൊത്തിയെടുത്ത രൂപം ചിതയില്‍ ദഹിപ്പിച്ച് കർമങ്ങള്‍ പൂർത്തിയാക്കി. ജൂലൈ 31ന് പുലർച്ചെയാണ് മീൻപിടിത്തത്തിനിടെ ഗൗതം ഉള്‍പ്പെടെ 14 പേരുണ്ടായിരുന്ന വള്ളം തിരയില്‍പ്പെട്ട് മറിഞ്ഞത്.
മകനെ കാണാതായിട്ട് ഇന്ന് 55 ദിനങ്ങള്‍ പിന്നിടുകയാണ്. അവൻ മടങ്ങിവരുമെന്ന പ്രതീക്ഷകള്‍ അവസാനിച്ചതോടെയാണ് അന്ത്യകർമങ്ങള്‍ ചെയ്യാൻ രേഷ്മ തീരുമാനിച്ചത്. തിരച്ചില്‍ കാര്യക്ഷമമായിരുന്നുവെങ്കില്‍ ഈയൊരു അവസ്ഥ ഉണ്ടാകില്ലായിരുന്നുവെന്ന് രേഷ്മ പറയുന്നു.
അതേസമയം അപകടത്തില്‍ ഗൗതമിന്റെ പിതാവ് രാധാകൃഷ്ണനും (46), മുത്തച്ഛൻ പുത്തൻതുറ പൂമുഖം വീട്ടില്‍ യു.രാജീവനും (74) മരണപ്പെട്ടിരുന്നു. രാജീവൻ സംഭവസ്ഥലത്തുതന്നെ മരിച്ചു. രാധാകൃഷ്ണന്റെ മൃതദേഹം ശനിയാഴ്ച പുലർച്ചെയും ലഭിച്ചു. ഇരുവരുടെയും അന്ത്യകർമങ്ങള്‍ പൂർത്തിയായെങ്കിലും ഗൗതം കൃഷ്ണയ്ക്കായി തിരച്ചില്‍ തുടരുകയായിരുന്നു.
ഇതിനിടെ അധികൃതരുടെ ഭാഗത്തുള്ള മെല്ലെപ്പോക്കില്‍ നാട്ടുകാരും ബന്ധുക്കളും പ്രതിഷേധിച്ചിരുന്നു. തിരച്ചിലിലെ അനാസ്ഥ ചോദ്യം ചെയ്ത് ഗൗതമിന്റെ അമ്മ രേഷ്മ കോസ്റ്റല്‍ പോലീസ് സ്റ്റേഷനിലെത്തി പ്രതിഷേധിച്ചതോടെ തിരച്ചില്‍ കൂടുതല്‍ ഊർജിതമാക്കി. കോസ്റ്റല്‍ പോലീസിന്റെയും മറൈൻ എൻഫോഴ്സ്മെന്റിന്റെയും നേതൃത്വത്തില്‍ അന്വേഷണം നടത്തിയെങ്കിലും ഗൗതമിനെ കണ്ടെത്താനായില്ല.
SUMMARY: 55-day wait comes to an end; last rites performed for Gautham Krishna
















