മൈസൂരു: കർണാടകയുടെ പ്രശസ്തമായ മൈസൂരു ദസറ മഹോത്സവത്തിന് ഒക്ടോബർ 11ന് തുടക്കമാകും. 10 ദിവസം നീളുന്ന ആഘോഷങ്ങൾക്ക് കൊപ്പാളിലെ ഗവി സിദ്ധേശ്വര മഠാധിപതി അഭിനവ ഗവിശിദ്ധേശ്വര മഹാസ്വാമി ഉദ്ഘാടനം നിർവഹിക്കും. മുഖ്യമന്ത്രി ഡി.കെ. ശിവകുമാറാണ് നിയമസഭയിൽ ഇക്കാര്യം അറിയിച്ചത്. ക്ഷണം സ്വീകരിച്ച് ദസറ ഉദ്ഘാടനം ചെയ്യാൻ മഹാസ്വാമി സമ്മതിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
ഒക്ടോബർ 11ന് ആരംഭിക്കുന്ന ആഘോഷങ്ങൾ ഒക്ടോബർ 21ന് വിജയദശമി ഘോഷയാത്രയോടെ സമാപിക്കും. ചാമുണ്ഡി കുന്നിലെ ചാമുണ്ഡേശ്വരി ക്ഷേത്രപരിസരത്താണ് ഉദ്ഘാടന ചടങ്ങ് നടക്കുക. രാവിലെ 11.50 മുതൽ ഉച്ചയ്ക്ക് 12.13 വരെയുള്ള ധനുർലഗ്ന സമയമാണ് ഉദ്ഘാടനത്തിനായി നിശ്ചയിച്ചിരിക്കുന്നതെന്ന് ദസറ സംഘാടകർ അറിയിച്ചു.
ദസറയുടെ ഭാഗമായി കായികമേള, ഭക്ഷ്യമേള, പുഷ്പമേള, സാംസ്കാരിക പരിപാടികൾ തുടങ്ങിയവയും നടക്കും. ഒക്ടോബർ 11 മുതൽ 20 വരെ കുപ്പണ്ണ പാർക്കിൽ നടക്കുന്ന പുഷ്പമേളയിൽ സ്വാഭാവിക പൂക്കൾ ഉപയോഗിച്ച് വിധാൻ സൗധയുടെ 25 അടി ഉയരമുള്ള മാതൃക ഒരുക്കും. ‘ജനാധിപത്യത്തിന്റെ ഉത്സവം’ എന്നതാണ് ഇത്തവണത്തെ പുഷ്പമേളയുടെ പ്രമേയം..
ദസറയുടെ പ്രധാന ആകർഷണങ്ങളിലൊന്നായ ജംബൂസവാരിയും വിജയദശമി ദിനമായ ഒക്ടോബർ 21ന് നടക്കും. ടോർച്ച് ലൈറ്റ് പരേഡ്, ഡ്രോൺ പ്രദർശനം തുടങ്ങിയ പരിപാടികൾക്കും ഇത്തവണ ടിക്കറ്റ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. സ്വർണക്കാർഡിന് 6,500, രൂപ ജംബൂസവാരി കാണാനുള്ള ടിക്കറ്റിന് 3,500, രൂപ ടോർച്ച് ലൈറ്റ് പരേഡിന് 1,500, രൂപ ഡ്രോൺ പ്രദർശനത്തിന് 1,000 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.
ദസറയ്ക്ക് മുന്നോടിയായി മൈസൂരു നഗരത്തിൽ റോഡ് അറ്റകുറ്റപ്പണി, നടപ്പാത വികസനം, പാർക്ക് നവീകരണം, ശുചീകരണം, അലങ്കാരം തുടങ്ങിയ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. നഗര സൗന്ദര്യവൽക്കരണത്തിനായി മൈസൂരു സിറ്റി കോർപ്പറേഷൻ ഏകദേശം 6 കോടി ചെലവഴിക്കുന്നുണ്ട്. പ്രധാന ദസറ പാതകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലുമാണ് പ്രത്യേക ശ്രദ്ധ നൽകുന്നത്.
അതേസമയം, കാവേരി നദിയുടെ സാംസ്കാരിക പ്രാധാന്യം ഉയർത്തിക്കാട്ടുന്ന കാവേരി ആരതി ഒക്ടോബർ 11 മുതൽ 16 വരെ കൃഷ്ണരാജ സാഗർ അണക്കെട്ടിൽ നടക്കും. ശ്രീരംഗപട്ടണ ദസറയുടെ ഭാഗമായാണ് ആറുദിവസത്തെ പരിപാടി സംഘടിപ്പിക്കുന്നത്.
വലിയ തോതിൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന മൈസൂരു ദസറയ്ക്കായി നഗരത്തിൽ ഗതാഗതം, സുരക്ഷ, കുടിവെള്ളം, ശുചിത്വം, പൊതുശൗചാലയങ്ങൾ തുടങ്ങിയ സൗകര്യങ്ങളും ഒരുക്കുന്നുണ്ട്.
ആഘോഷങ്ങൾ സുഗമമായി നടത്തുന്നതിനുള്ള വിവിധ വകുപ്പുകളുടെ തയ്യാറെടുപ്പുകളും ഇതിനകം ആരംഭിച്ചിട്ടുണ്ട്.
SUMMARY: Mysore Dussehra will begin on October 11 and will be inaugurated by Gavishiddeswara Mahaswamy
















