തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ ഗാർഹിക പാചകവാതക കണക്ഷന് അപേക്ഷിക്കുന്നവർക്ക് ഇനി 14.2 കിലോഗ്രാമിന്റെ പരമ്പരാഗത സിലിണ്ടറിന് പകരം 10 കിലോഗ്രാമിന്റെ കോംപസിറ്റ് ഗ്യാസ് സിലിണ്ടറാണ് ലഭിക്കുക. ഇതോടൊപ്പം കണക്‌ഷൻ നിരക്കുകളും വർധിപ്പിച്ചിട്ടുണ്ട്. പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് കേന്ദ്രം നടപ്പാക്കിയ പരിഷ്കരണങ്ങളുടെ ഭാഗമായാണ് എണ്ണക്കമ്പനികൾ കേരളത്തിലും പുതിയ സംവിധാനം നടപ്പാക്കുന്നത്.
10 കിലോഗ്രാം സിലിണ്ടർ റീഫിൽ ചെയ്യാൻ 1,500 രൂപയിലേറെയാണ് നിലവിലെ ചെലവ്. നിലവിലുള്ള സബ്‌സിഡി സിലിണ്ടറുകൾ നിറക്കാൻ കേരളത്തിൽ 960 രൂപവരെയാണ് ഈടാക്കുന്നത്. ഇത് കണക്കിലെടുക്കുമ്പോൾ, പഴയതുമായി താരതമ്യം ചെയ്യുമ്പോൾ സിലിണ്ടറിന് ഇരട്ടിയിലേറെ വിലവർധനയാണ് ഉണ്ടായിരിക്കുന്നത്. മാത്രമല്ല, സിലിണ്ടറിന്റെ അളവ് 14.2 കിലോഗ്രാമിൽ നിന്ന് 10 കിലോഗ്രാമായി കുറയുന്നതിനാൽ ഉപയോക്താക്കൾക്ക് പ്രതിവർഷം കൂടുതൽ സിലിണ്ടറുകൾ വേണ്ടിവരുമെന്നും ആശങ്കയേറുന്നു.
കേരളത്തില്‍ കഴിഞ്ഞ മാസങ്ങളിലായി ഇതു നടപ്പാക്കിത്തുടങ്ങിയിട്ടുണ്ട്. 10 കിലോഗ്രാമിന്റെ പുതിയ കണക്ഷനും റഗുലേറ്ററും മറ്റും ലഭിക്കാനും 5000 രൂപ വരെയാണ് നിരക്ക്. മുന്‍പ് ഗാര്‍ഹിക സിലിണ്ടറിനുള്ള പുതിയ കണക്ഷന് 4000 രൂപ വരെയായിരുന്നു നിരക്ക്.
















