കാഠ്മണ്ഡു: നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം. ഗൂർഖ ജില്ലയിലെ ചുംനുബ്രി ഗ്രാമത്തിലുണ്ടായ പ്രളയത്തില്‍ 35-ലധികം വീടുകളും പാലങ്ങളും ഒലിച്ചുപോവുകയും പ്രാദേശിക ജലവൈദ്യുത പദ്ധതിക്ക് കടുത്ത കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. ത്രിശൂലി നദിയുടെ കൈവഴിയായ ബുധി ഗന്ധകി നദിയില്‍ ജലനിരപ്പ് പെട്ടെന്ന് ഉയർന്നതാണ് ദുരന്തത്തിന് കാരണമായത്.
രാവിലെ 6:30-ന് 3.66 മീറ്ററായിരുന്ന ജലനിരപ്പ് രാവിലെ 8:40 ഓടെ അപകടനിലയും കടന്ന് 8.43 മീറ്ററായി കുതിച്ചുയരുകയായിരുന്നുവെന്ന് നേപ്പാളിലെ നാഷണല്‍ ഡിസാസ്റ്റർ റിസ്ക് റിഡക്ഷൻ ആൻഡ് മാനേജ്‌മെന്റ് അതോറിറ്റി വ്യക്തമാക്കി. വെറും 10 മിനിറ്റിനുള്ളില്‍ ജലനിരപ്പ് രണ്ടു മീറ്ററിലധികം ഉയർന്നുവെന്നും, ഗതാഗത-വാർത്താവിനിമയ ബന്ധങ്ങള്‍ വിച്ഛേദിക്കപ്പെട്ടതിനാല്‍ കൂടുതല്‍ നാശനഷ്ടങ്ങളുടെ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും അധികൃതർ അറിയിച്ചു.
മഴയേക്കാള്‍ ഉപരി, നദിയിലെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെട്ട് പിന്നീട് ഒന്നിച്ച് കരകവിഞ്ഞതാണ് പെട്ടെന്നുള്ള ഈ വെള്ളപ്പൊക്കത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ ഇതുവരെ ജീവഹാനിയൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
SUMMARY: Flash floods strike Nepal again; over 35 houses and bridges washed away
















