ആലപ്പുഴ: മരുമകൻ ഭാര്യാമാതാവിനെ കുത്തിക്കൊന്നു. നൂറനാട് ഇടക്കുന്നം നെല്ലു വിളയിൽ ജയകുമാരി (45) ആണ് മരിച്ചത്. ജയകുമാരിയുടെ മരുമകൻ ആലപ്പുഴ പഴവീട് സ്വദേശി ജോജി ജോസഫ് (30) ആണ് കുത്തിയത്. ഇന്ന് പുലർച്ചെ അഞ്ചു മണിയോടെയാണ് സംഭവം.
ജയകുമാരിയുടെ ഭർത്താവ് ക്ഷേത്രത്തിൽ താത്ക്കാലിക ശുചീകരണ തൊഴിലാളിയായ ജയകുമാർ ജോലിക്കായി പുറത്തുപോയ സമയത്താണ് സംഭവം. ജയകുമാരിയുടെ മകൾ അർച്ചനയുടെ ഭർത്താവാണ് ജോജി. പ്രണയവിവാഹിതരായ ജോജിയും അർച്ചനയും ഇപ്പോൾ പിണങ്ങിക്കഴിയുകയാണ്. കുട്ടിയെ കാണണമെന്ന് പറഞ്ഞ് വീട്ടിലെത്തിയ പ്രതി, വാതിൽ തുറന്നയുടൻ അർച്ചനയെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ച ജയകുമാരിയെ കൈവശമുണ്ടായിരുന്ന കത്തികൊണ്ട് കുത്തുകയായിരുന്നു.
കരച്ചിൽ കേട്ടെത്തിയ നാട്ടുകാർ ജയകുമാരിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകത്തിന് പിന്നാലെ രക്ഷപ്പെട്ട പ്രതിയെ ആലപ്പുഴയിൽനിന്നാണ് പോലീസ് പിടികൂടിയത്.
ജോജിയുടെ ഉപദ്രവത്തെ തുടർന്ന് അർച്ചന നൂറനാട്ടെ സ്വന്തം വീട്ടിലായിരുന്നു താമസം. ജോജിയുടെ മർദനത്തിൽ പരുക്കേറ്റ അർച്ചന കഴിഞ്ഞ മാസം നൂറനാട് പോലീസിൽ പരാതി നൽകിയിരുന്നു.
SUMMARY: Woman dies after being stabbed by son-in-law while trying to stop him from attacking her daughter; incident in Alappuzha.
















