സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ

ചെറുകഥ ◼️ നവീൻ എസ്

പിതാ രക്ഷതി കൗമാരേ, ഭർത്താ രക്ഷതി യൗവനേ, പുത്രോ രക്ഷതി വാർദ്ധക്യേ, ന സ്ത്രീ സ്വാതന്ത്രമർഹതി – മനുസ്മൃതി

ഒന്ന്◼️
ആയുസ്സെരിഞ്ഞു തീരാറായ വിറകു കൊള്ളികൾ ആളിക്കത്തുന്നുണ്ടായിരുന്നു. തീക്കൂന തുപ്പുന്ന അവസാന തുള്ളി ചൂടും വലിച്ചെടുക്കാനെന്നോണം നാരായണി മുന്നോട്ടാഞ്ഞ്‌, തന്റെ മെല്ലിച്ച കൈകൾ തീനാളങ്ങൾക്ക് നേരെ നീട്ടിപ്പിടിച്ചു. കട്ടിയുടുപ്പുകളുടെ മൂന്നു നിര കവചവും ഭേദിച്ച് തണുപ്പിന്റെ സൂചി മുനകൾ എല്ലുകളിൽ കുത്തിയിറങ്ങുന്നതായി അവൾക്കനുഭവപ്പെട്ടു. രാജ്യത്തെ തന്നെ ഏറ്റവുമുയർന്ന കൊടുമുടികളൊന്നിന്റെ ബേസ് ക്യാമ്പിലായിരുന്നു അവളന്നേരം.
ടെന്റിന് മുന്നിൽ തയ്യാറാക്കിയ ആ വിറകുകൂനക്കരികിൽ ഇപ്പോഴവൾ തനിച്ചാണ്. എന്നാൽ, അല്പം മുമ്പ് വരെ പല നാട്ടുകാരായ ഒരു ഡസൻ സ്ത്രീകൾ അതിന് ചുറ്റും പാട്ടുകൾ പാടി നൃത്തം ചെയ്യുന്നുണ്ടായിരുന്നു. ജീവിതത്തിലെ നിരവധി കീഴ്പ്പെടലുകൾക്ക് ശേഷം ആ കൊടുമുടിയെന്ന വലിയ ലക്ഷ്യം കീഴടക്കി സ്വയം അടയാളപ്പെടുത്താൻ ഒരുമ്പെട്ടിറങ്ങിയവരായിരുന്നു അവർ. ജീവിതത്തിന്റെ നല്ല പാതി മറ്റുള്ളവർക്കായി ജീവിച്ചതിന് ശേഷം, രണ്ടാം പാതി സ്വന്തം ഇഷ്ടങ്ങൾക്കായി മാറ്റി വെക്കാൻ ചങ്കൂറ്റം കാണിച്ചവർ ചേർന്നപ്പോഴത് “സെക്കന്റ്‌ ഹാഫ്” എന്ന പെൺകൂട്ടായ്മയായി. കടമ്പകൾ പലതും മറികടന്ന്, മാസങ്ങൾ നീണ്ട പരിശീലനം നേടിയാണ് ഈ കൊടുമുടി കീഴടക്കാൻ അവരെത്തിയിട്ടുള്ളത്. എന്നാൽ, വെള്ളം ചേർക്കാത്ത നിശ്ചയദാർഢ്യവും യൂട്യൂബ് വീഡിയോകൾ കണ്ടു മാത്രമുള്ള പരിശീലനവുമായെത്തിയ നാരായണി എന്ന അറുപതുകാരി തികച്ചും അപ്രതീക്ഷിതമായി ആ കൂട്ടായ്മയിലേക്ക് വന്ന് ചേരുകയായിരുന്നു.

കയറ്റത്തിന്റെ മൂന്നാം ദിനമാണ് നാരായണി ആ സംഘത്തെ കണ്ടുമുട്ടുന്നത്. ആയാസപ്പെട്ടു കയറുന്ന തങ്ങൾക്കരികിലൂടെ വെറും ബേസിക് ഹൈക്കിങ്ങ് ഗിയറുകളുമായി വളരെ ചുറുചുറുക്കോടെ കയറിപ്പോകുന്നത് കണ്ടാണ് സംഘത്തിലെ ചിലർ നാരായണിയെ ശ്രദ്ധിച്ചത്. അവളുടെ പ്രായം കൂടിയറിഞ്ഞപ്പോൾ അവരുടെ കൗതുകം അതിശയത്തിന് വഴിമാറി. അത്രയും പ്രായമേറിയ ഒരാളെ, അതും വനിതയെ, കൊടുമുടി കയറ്റാൻ സാധിച്ചാലുള്ള ബിസിനസ്‌ സാധ്യത തിരിച്ചറിഞ്ഞ സംഘത്തിന്റെ ഹൈക്കിങ്ങ് ഏജൻസി നാരായണിയെ സ്പോൺസർ ചെയ്യാമെന്ന് തീരുമാനിച്ചതോടെ നാരായണിയും സംഘത്തിലൊരാളായി. കയറ്റത്തിനിടയിൽ തളർന്നു പോകുന്ന അംഗങ്ങൾക്ക് സഹായവും ആത്മവിശ്വാസവുമേകിക്കൊണ്ട് അവൾ വളരെ വേഗം തന്നെ ആ കൂട്ടായ്മയിൽ ഇഴുകിച്ചേർന്നു. അങ്ങനെ, ബേസ് ക്യാമ്പ് വരെയെങ്കിലുമെത്തുക എന്ന ലക്ഷ്യത്തോടെ കയറ്റം തുടങ്ങിയ നാരായണി, ഏജൻസിയുടെ സ്വാധീനം വഴി അനുമതിയും മറ്റു സൗകര്യങ്ങളും ലഭ്യമായതോടെ, കൊടുമുടി കീഴടക്കാൻ സർവാത്മനാ തയ്യാറായതാണ്.

പക്ഷെ, സംഭവിച്ചത് മറ്റൊന്നായിരുന്നു.

ബേസ്ക്യാമ്പിൽ നിന്നും കയറ്റത്തിന്റെ അടുത്ത ഘട്ടം ആരംഭിക്കുന്നതിന്റെ തലേന്നത്തെ ആഘോഷരാവിൽ പാട്ടും നൃത്തവുമൊക്കെ കഴിഞ്ഞ്, എല്ലാവരും യാത്രയുടെ അനുഭവങ്ങൾ പങ്കിടുകയായിരുന്നു. മൈക്ക് പലകൈ മറിഞ്ഞ് നാരായണിയിലെത്തി.

“സുഹൃത്തുക്കളെ, എന്റെ കയറ്റം ഞാനിവിടെ അവസാനിപ്പിക്കുകയാണ്. കൊടുമുടി കീഴടക്കി വരുന്ന നിങ്ങളെയും കാത്ത് താഴെയുണ്ടാകും. ദയവായി മറ്റൊന്നും എന്നോടിപ്പോൾ ചോദിക്കരുത്. എല്ലാവർക്കും ഭാവുകങ്ങൾ.”

ഉറച്ച ശബ്ദത്തിൽ ഇത്രയും പറഞ്ഞ ശേഷം നാരായണി ടെന്റിനുള്ളിലേക്ക് കയറിപ്പോയി. അവൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലെന്ന് എല്ലാവർക്കുമറിയാം. വയസ്സ് അറുപതായിട്ടും ആ സംഘത്തിൽ ഏറ്റവും ഫിറ്റ്‌ അവളാണെന്ന് ഒപ്പമുള്ള മെഡിക്കൽ ഓഫീസർ ഇന്നും കൂടി സാക്ഷ്യപ്പെടുത്തിയതാണ്. മറ്റെന്താണ് കാരണമെന്ന് ചോദിക്കാനുള്ള സാവകാശം പോലും അവൾ നൽകിയില്ല. ആഘോഷത്തിന്റെ ആളിക്കത്തൽ പെട്ടെന്നണഞ്ഞു പോയതോടെ മറ്റുള്ളവരും താന്താങ്ങളുടെ ടെന്റുകളിലേക്ക് മടങ്ങി.

എത്ര തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം കിട്ടാതെ വന്നതോടെയാണ് നാരായണി വീണ്ടും പുറത്തിറങ്ങിയത്. തണുപ്പ് വല്ലാതെ കൂടിയിട്ടുണ്ട്. ബാക്കി കിടന്ന കമ്പുകൾ കൂടി തീക്കൂനയിലേക്ക്‌ വാരിയിട്ടിട്ട് അവൾ അടുത്ത് ചെന്നിരുന്നു.
അങ്ങു താഴെ കട്ടപിടിച്ചു കിടക്കുന്ന ഇരുട്ടിലും അവിടവിടെയായി വെളിച്ചപ്പൊട്ടുകൾ കാണാനുണ്ട്. അതിലേക്ക് കണ്ണു നട്ടിരിക്കെ, ഓർമ്മകളുടെ വെളിച്ചപ്പൊട്ടുകൾ തിരഞ്ഞ് അവൾ മറവിയുടെ മലമടക്കുകളിറങ്ങിത്തുടങ്ങി.

രണ്ട്◼️
നാല് കുന്നുകൾ അതിരിടുന്ന ആ നാടിന് കുന്നടിയൂരെന്നല്ലാതെ മറ്റെന്ത് പേര് വരാനാണ്. ആ കുന്നുകൾ ഓടിക്കയറുന്ന ഒരു പാവാടക്കാരിയെ അവൾക്കിപ്പോൾ കാണാം – ‘നാണി’ എന്ന ചെല്ലപ്പേരുള്ള നാരായണി, ആ നാട്ടിലെ ഒരേയൊരു ജൻമിത്തറവാട്ടിലെ കാരണവരുടെ മകൾ. സമപ്രായക്കാരായ പെൺകുട്ടികൾ കക്കെറിഞ്ഞും ഒളിച്ചും പാത്തും നേരം കൊന്നപ്പോൾ അവൾ കുന്നുകൾ കയറിമറിഞ്ഞു. അച്ഛനമ്മമാരുടെ ഭീഷണികൾക്കും സ്നേഹോപദേശങ്ങൾക്കും അവളെ തടയാനായില്ല. അവസരം കിട്ടുമ്പോഴൊക്കെ മെല്ലിച്ച കാലുകൾ അവളേയും വലിച്ച് കുന്നുകളിലേക്കോടി. ജന്മിയുടെ പാടത്തും പറമ്പിലും പണിയെടുത്തിരുന്നവരുടെ മക്കൾ അവൾക്കൊപ്പം മത്സരിച്ചോടി. ആണത്തത്തിന് മുറിവേറ്റതിന്റെ വാശിയിൽ എത്ര തന്നെ കുതിച്ചോടിയിട്ടും കറുമ്പൻ കാലുകൾക്ക് പക്ഷെ അവളെ തോൽപ്പിക്കാനായില്ല; ഒരിക്കലൊഴിച്ച്. ആ തോൽവിയോടെ അവളുടെ കാലുകൾ എന്നേക്കുമായി ബന്ധിക്കപ്പെടുകയും ചെയ്തു.

പ്രേതശല്യമുള്ളതിനാൽ പകൽ നേരത്ത് പോലും ആരും കയറാൻ മടിക്കുന്ന പറങ്കിക്കുന്നിലേക്കായിരുന്നു അന്നവൾ ഓടിക്കയറിയത്. ഒപ്പം, സഹപാഠിയും ഉറ്റകൂട്ടുകാരനുമായ കരുണൻ മാത്രം. കുന്നിന്റെ ഉച്ചിയിലെ കാറ്റിന് പറങ്കിമാങ്ങയുടെ മത്തുള്ള മണം. കുനിഞ്ഞു നിന്ന് കിതപ്പാറ്റുന്നതിനിടയിലാണതുണ്ടായത്. കാറ്റ് കവിളിലുരസിയതാണെന്നാണ് കരുതിയത്. മുഖമുയർത്തിയത് കരുണന്റെ പേടിച്ചരണ്ട കണ്ണുകളിലേക്കാണ്. കവിൾ പറങ്കിനീരേറ്റ പോലെ പൊള്ളി. അവളുടെ അലർച്ച കേട്ടോടിയെത്തിയത് കുന്നിൻചെരുവിൽ റാക്ക് വാറ്റുന്ന തമിഴൻമാരാണ്. കരുണന്റെ കാലുകൾ കുന്നിനപ്പുറത്തേക്ക് ഓടിയിറങ്ങുന്നത് നാണി കൊതിയോടെ നോക്കി നിന്നു. അവൾക്കവനെ ഓടിത്തോൽപ്പിക്കണമായിരുന്നു. പിന്നീടാരും കരുണനെ ആ നാട്ടിൽ കണ്ടിട്ടില്ല.

കീഴ്ജാതിക്കാരനാൽ അപമാനിക്കപ്പെട്ടതിനുള്ള ശിക്ഷയായി അച്ഛൻ വിധിച്ചത് വിവാഹമായിരുന്നു. പട്ടാളക്കാരനായിരുന്ന ഭർത്താവിനൊപ്പം നാട് വിട്ടു പോകുമ്പോൾ അവൾക്ക് പ്രായം പതിനാറ് തികഞ്ഞതേയുണ്ടായിരുന്നുള്ളു.
രാജ്യത്തിന്റെ വടക്കുള്ള ആ പട്ടാള ക്വാർട്ടേർസിൽ അവളെ ആകെ കൊതിപ്പിച്ചത് ജനാലയുടെ ചതുരവടിവിലൂടെ കാണാവുന്ന നീലമലകളായിരുന്നു. പുതുമോടി മാറുന്നതിന് മുമ്പേ, ആ നീലമലകളെ അടുത്തു കാണാനുള്ള ആഗ്രഹം അവൾ ഭർത്താവിനോടറിയിച്ചതാണ്. മറുപടിയായി അയാളൊന്ന് ചിരിക്കുക മാത്രം ചെയ്തു. പിറ്റേന്ന്, ആ ജനാല ഇനിയൊരിക്കലും തുറക്കാനാവാത്ത വിധം ഭദ്രമായി അടച്ചുറപ്പിച്ചിരുന്നു. അന്ന് തൊട്ട്, മാറി മാറി നിന്ന ക്വാർട്ടേർസുകളുടെ മഞ്ഞച്ച ചുവരുകൾ അവളുടെ ജീവിതത്തിന് അതിരിട്ടു.അധികം വൈകാതെ ഒരമ്മ കൂടിയായതോടെ നാണിയെ അവൾക്ക് പൂർണ്ണമായി നഷ്ടപ്പെട്ടിരുന്നു.

പട്ടാളക്കാരൻ റിട്ടയറായതോടെ നാട്ടിലേക്ക് മടങ്ങിയ അവർ കുന്നടിയൂരിൽ വീതം കിട്ടിയ വസ്തുവിലാണ് വീട് വെച്ചത്. അപ്പോഴേക്കും കുന്നുകൾ നിരന്നുണ്ടായ ആറുവരിപ്പാതയിലൂടെ വാഹനങ്ങൾ കുതിച്ചു പാഞ്ഞു തുടങ്ങിയിരുന്നു. റോഡിനിരുവശത്തും തല പൊക്കി നിൽക്കുന്ന ബഹുനില കെട്ടിടങ്ങളുമായി നാട് കണ്ടാലറിയാത്ത വിധം മാറിയിരുന്നു. എന്തിന്, കുന്നടിയൂരെന്ന പഴഞ്ചൻ പേരും “പ്രശാന്തി നഗർ” എന്ന് പരിഷ്കരിക്കപ്പെട്ടിരുന്നു.

എന്നെങ്കിലും ഭർത്താവിനെ ഒരു മുറിയിൽ അടച്ചിരുത്തി കഴിഞ്ഞ നാല് ദശാബ്ദത്തോളം താനനുഭവിച്ച ശ്വാസംമുട്ടലിന്റെ ഒരംശമെങ്കിലും അനുഭവിപ്പിക്കണമെന്ന് അവൾ ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്നുവെന്നത് നേരാണ്. എന്നാൽ, നാട്ടിലെത്തി ഒരു മാസം തികയുന്നതിന് മുമ്പെ സ്ട്രോക്ക് വന്ന് ഒരു വശം തളർന്ന് അയാൾ കിടപ്പിലായപ്പോൾ ശരിക്കും തകർന്നു പോയത് അവളാണ്; സ്വന്തം മണ്ണിൽ തിരിച്ചെത്തിയാൽ സ്വത്വം വീണ്ടെടുക്കാമെന്ന അവളുടെ സ്വപ്നങ്ങളാണ്. അവൾ തിരിച്ചെത്തിയതറിഞ്ഞ് ബന്ധം പുന:സ്ഥാപിക്കാനെത്തിയ ബന്ധുക്കളും പഴയ ചില സുഹൃത്തുക്കളും അവളുടെ തണുപ്പൻ പ്രതികരണവും ഭർത്താവിന്റെ രസക്കേടും തിരിച്ചറിഞ്ഞ് വരാതായതോടെ, ആ വിശാലമായ വീടിനകത്തും പട്ടാള ക്വാർട്ടേർസിന്റെ ഇടുക്കം അവൾക്കനുഭവപ്പെട്ടു തുടങ്ങി.

ഭർത്താവിന്റെ മരണശേഷം മകനൊപ്പം ബാംഗ്ലൂരിലേക്ക് പോകാനെടുത്ത തീരുമാനമാണ് നാരായണിയുടെ ജീവിതം മാറ്റിമറിച്ചത്. നിരവധി നിലകളുള്ള പല ബ്ലോക്കുകളായി പരന്നു കിടക്കുന്ന ആ അപാർട്ട്മെന്റ് സമുച്ചയത്തിൽ കുന്നടിയൂരേക്കാളധികം മനുഷ്യരുണ്ടാവുമെന്ന് അവൾക്ക് തോന്നി. അവളെപ്പോലെ, നാടുപേക്ഷിച്ച് ജീവിതസായന്തനം മക്കൾക്കൊപ്പം ചിലവഴിക്കാൻ നിർബന്ധിതരായ കുറെയേറെപ്പേരുണ്ടായിരുന്നു അക്കൂട്ടത്തിൽ. ദിവസവും കാലത്തും വൈകിട്ടുമുള്ള നടത്തവും പേരക്കുട്ടികളുടെ കളിസ്ഥലത്തിന് ചുറ്റുമിരുന്നുള്ള സൊറ പറച്ചിലും യോഗാ ക്ലാസുമൊക്കെ അത്തരക്കാരുമായി സൗഹൃദം സ്ഥാപിക്കാൻ അവൾക്കവസരമൊരുക്കി.

കോവിഡ് കാലത്തെ അടച്ചിടലിന്റെ ഭീതി മറക്കുവാനെന്നോണം ആളുകൾ യാത്രകളെ പ്രണയിച്ചു തുടങ്ങിയ കാലത്താണ് അപാർട്മെന്റിലെ താമസക്കാർക്കൊപ്പം അവളും യാത്രകൾ പോയിത്തുടങ്ങിയത്. തുടക്കത്തിൽ ക്ഷേത്ര ദർശനങ്ങളും ചില ഉദ്യാനയാത്രകളുമായിരുന്നെങ്കിലും, കൂട്ടായ്മ വിപുലമായതോടെ ദൂരയാത്രകൾക്ക് പദ്ധതിയിട്ടതാണ്. നാരായണിയും അതൊരുപാട് ആഗ്രഹിച്ചതായിരുന്നു. പക്ഷെ, മകൻ സമ്മതിച്ചില്ല. വളരെ പതിഞ്ഞ സ്വരത്തിൽ, ഒരു യന്ത്രത്തിന്റെ കണിശതയോടെ, കാര്യകാരണങ്ങൾ സഹിതമാവും അവൻ എതിരുപറയുന്നത്. അവൾക്കത് ഖണ്ഠിക്കാനുമാവില്ല. ഭർത്താവിന്റെ ഫാമിലി പെൻഷൻ വരുന്ന ബാങ്ക് അക്കൗണ്ടിന്റെ നിയന്ത്രണം നേരത്തെ തന്നെ മകൻ ഏറ്റെടുത്തിരുന്നു. മുമ്പ് അതിൽ ബുദ്ധിമുട്ടൊന്നും തോന്നിയിരുന്നില്ലെങ്കിലും ഇനി അവന്റെ സമ്മതമില്ലാതെ തന്റെ ഇഷ്ടങ്ങൾ നടത്താനാവില്ലെന്ന തിരിച്ചറിവ് അവളെ ഭയപ്പെടുത്തി.

അങ്ങനയിരിക്കെയാണ്, കോവിഡാനന്തര പ്രതിസന്ധികൾ കാരണം മകന്റെ കമ്പനി ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിച്ചത്. അതോടെ, അവൻ കാലങ്ങളായി ആഗ്രഹിക്കുന്ന പോലെ അമേരിക്കയിലേക്ക് മാറാനുള്ള സുവർണ്ണാവസരവും ലഭിച്ചു. ഭാര്യയേയും മകനേയും ഒപ്പം കൊണ്ട് പോകുന്നതിനാൽ ബാംഗൂരിലെ ഫ്ലാറ്റ് വിൽക്കാനായിരുന്നു മകന്റെ തീരുമാനം. കമ്പനിയുടെ പോളിസിയനുസരിച്ച് അമ്മ ‘കുടുംബം’ എന്ന വിശേഷണത്തിന് പുറത്തായതിനാൽ വിസ ഉടനെയൊന്നും ലഭിക്കില്ലെന്നും അതിനാൽ നാട്ടിലൊരു ഹോംനഴ്സിനെ ഏർപ്പാടാക്കാമെന്നും അവൻ തീരുമാനിച്ചു കഴിഞ്ഞിരുന്നു.

“അമ്മക്ക് ഈ ഫ്ലാറ്റ് വാങ്ങിച്ച് ഇവിടെത്തന്നെ താമസിച്ചു കൂടെ?” എന്ന് ചോദിച്ചത് മരുമകളായിരുന്നു. നാരായണിക്ക് നാട്ടിലേക്ക് തിരിച്ചു പോകാൻ അൽപം പോലും താൽപര്യമില്ലെന്ന് മനസിലാക്കിയിട്ടാണ് അവൾ അങ്ങനെയൊരു സാധ്യത തുറന്നിട്ടത്. “രണ്ട് തലകൾ-നാല് മുലകൾ” എന്നൊക്കെ പ്രാസമൊപ്പിച്ചുള്ള പറച്ചിൽ കേൾക്കാൻ രസമാണ്; എന്നാൽ ഒരു പെണ്ണിന്റെ മനസ്സ് മറ്റൊരു പെണ്ണിനോളം ആരറിയാനാണ്? ആദ്യമെതിർത്തെങ്കിലും, ബാംഗ്ലൂരിലെ പ്രൈം ലൊക്കേഷനിലെ ഫ്ലാറ്റ് കൈവിട്ടു പോകില്ലെന്ന പ്രായോഗിക ബുദ്ധി മകനെ കൊണ്ട് ഒടുവിൽ സമ്മതം മൂളിച്ചു. അങ്ങനെ നാട്ടിലെ വീടും സ്ഥലവും വിറ്റു കിട്ടിയ തുക മകന് നൽകി നാരായണി ഫ്ലാറ്റ് സ്വന്തം പേരിൽ റജിസ്റ്റർ ചെയ്യിപ്പിച്ചു.

ജീവിതത്തിന്റെ ഭദ്രമായി കൊട്ടിയടക്കപ്പെട്ട ജാലകങ്ങളോരോന്നായി തുറക്കാൻ അവൾ തുടങ്ങുകയായിരുന്നു. ഇനിയും പൂർണ്ണമായി മറന്നിട്ടില്ലാത്ത ചില ഇഷ്ടങ്ങൾ പേറുന്ന കാലുകൾ അവളെയും വലിച്ചു ഉയരങ്ങൾ കീഴടക്കുവാൻ വെമ്പി. ആ ഇഷ്ടങ്ങൾ വീണ്ടെടുക്കാൻ, കുന്നുകളാൽ ചുറ്റപ്പെട്ട ബാംഗ്ലൂരിനേക്കാൾ അനുയോജ്യമായ സ്ഥലം മറ്റേതാണ്? അങ്ങനെ അവളുടെ ആഴ്ച്ചയറുതികൾ ട്രെക്കിങ്ങിന്റേതായി. ഒരോ കയറ്റവും ജീവിതത്തെ കൂടുതൽ സ്നേഹിക്കാൻ അവളെ പഠിപ്പിച്ചു. അത്തരം ചില യാത്രകളിലൊപ്പമുണ്ടായിരുന്നവരിൽ നിന്നാണ്, അമ്പത്തൊൻപതാം വയസ്സിൽ വിധവയായ ശേഷം വലിയ പരിശീലനമൊന്നും കൂടാതെ എവറസ്റ്റ്‌ ബേസ് ക്യാമ്പ് വരെയെത്തിയ കണ്ണൂരിൽ നിന്നുള്ള ഒരു തുന്നൽക്കാരിയെ പറ്റി കേട്ടത്. അവരെ കുറിച്ചുള്ള വാർത്തകളും അവരുടെ ഇന്റർവ്യൂകളും നാരായണിക്ക് പ്രചോദനമായി. പണ്ട് പട്ടാള ക്വാർട്ടർസിന്റെ ജനാലയിലൂടെ കൊതിപ്പിച്ച നീലമലകൾ അവളെ മാടി വിളിച്ചു.

മൂന്ന്◼️
വീശിയടിക്കുന്ന ശീതകാറ്റിനോട് പിടിച്ചു നിൽക്കാനാവാതെ തീനാളങ്ങൾ തളർന്നു തുടങ്ങിയിട്ടുണ്ട്. തണുപ്പ് സഹിക്കാനാവുന്നില്ല. നാരായണി പതിയെ എഴുന്നേറ്റ് ടെൻറ്റിലേക്ക് നടക്കാനൊരുങ്ങി.

“എന്താ നാണീ… ഉറക്കൊന്നൂലെ?”

പൊടുന്നനെ ഇരുട്ടിൽ നിന്നുയർന്ന ശബ്ദം കേട്ട് അവൾ ഞെട്ടിത്തിരിഞ്ഞു.
ഇവിടെയാരാണ് തന്നെ നാണിയെന്ന് വിളിക്കാൻ?
ഓർമ്മകളിൽ നിന്നും ഇനിയും പുറത്ത് കടന്നില്ലേയെന്ന് പെട്ടെന്നവൾക്ക് സംശയമായി.
അല്ല…അതാ ഒരു ടോർച്ച് വെട്ടം. ഒപ്പം അടുത്തടുത്ത് വരുന്ന കാലടി ശബ്ദം.
മുന്നിലതാ ആറടിപ്പൊക്കത്തിൽ ഇരുട്ട് പോലൊരു മനുഷ്യൻ.

“മനസിലായോ എന്നെ?”

അയാൾ അൽപം കൂടി മുന്നോട്ട് കയറി നിന്നു കൊണ്ട് ചോദിച്ചു. വിടർന്ന ചിരിയിൽ തെളിഞ്ഞ പല്ലുകൾ തീനാളത്തിന്റെ വെട്ടത്തിൽ വെട്ടിത്തിളങ്ങി.
ആ ശബ്ദം…ആ ചിരി…അവളുടെ ഓർമ്മകളുടെ ഇരുട്ടറകളിൽ വെളിച്ചം തൂവി.
“കരു…കരുണനല്ലേ…?”
തണുപ്പേറ്റാകണം, അതോ ഭയത്താലോ, അവളുടെ ശബ്ദം പതറിയിരുന്നു.
വീണ്ടും അതേ നിറചിരി.

“തണുപ്പിലിങ്ങനെ നിൽക്കണ്ട, വരൂ”
അവൾ അയാൾക്ക്‌ പുറകെ ടെൻറ്റിലേക്ക് നടന്നു.
“എന്നാലും നീയെങ്ങനെ ഇവിടെ…ഇപ്പോ…?”

അവൾക്ക് അതിശയം മറച്ചു വെക്കാനായില്ല. ഭൂതകാലത്തിലൊന്നു മുങ്ങി നിവർന്നപ്പോഴേക്കും അവിടെ നിന്നൊരാൾ, അതും ഒട്ടും പ്രതീക്ഷിക്കാത്തൊരാൾ, മുന്നിൽ പ്രത്യക്ഷപ്പെട്ടത് അവൾക്കിനിയും ഉൾക്കൊള്ളാനായിട്ടില്ല.
“ഞാനല്ലേ നിങ്ങളുടെ സമ്മിറ്റ് ഗൈഡ്. ഇനിയങ്ങോട്ടുള്ള കയറ്റം ഞാൻ നയിക്കും.”
കരുണൻ സിനിമ സ്റ്റൈലിൽ പറഞ്ഞു.

“ഏഹ്…മറ്റൊരു പേരാണല്ലോ പറഞ്ഞിരുന്നത്”
വിശ്വാസം വരാതെ അവൾ ഫോണെടുത്ത് നോക്കി.
“കരുൺ വിശ്വകർമ എന്നല്ലേ…അത് ഞാൻ തന്നെ. പഴയ കരുണൻ കെ.പി.”

അയാൾ കണ്ണിറുക്കി കാണിച്ചു കൊണ്ട് തുടർന്നു:
“നാണീ കേരളത്തിന്റെ അതിർത്തി വിട്ടാൽ ആദ്യ പേരിനെക്കാൾ പ്രാധാന്യം രണ്ടാം പേരിനാണ്. ജോലി തെണ്ടി അലയുമ്പോൾ ഞാൻ കണ്ടുമുട്ടിയ മറ്റൊരു മലയാളിയിൽ നിന്ന് പഠിച്ച പാഠമാണത്. കുടുംബത്തിന്റെ കുലത്തൊഴിൽ കൊല്ലപ്പണിയാണെന്ന് പറഞ്ഞപ്പോൾ അയാൾ തന്നെയാണ് പേരിന്റെ വാലായി ‘വിശ്വകർമ’ കൊരുത്തത്. പിന്നീട് ‘കരുണൻ’ ലോപിച്ചു ‘കരുൺ’ ആയി. എന്തായാലും ഇപ്പോ പേരിനൊരു സ്റ്റൈലൊക്കെയുണ്ടല്ലേ?“

ചിരിച്ചു കൊണ്ടാണ് അയാളത് പറഞ്ഞതെങ്കിലും കണ്ണുകളിൽ ആ ചിരിയില്ലെന്നത് അവൾ ശ്രദ്ധിച്ചു.

”ഇത്രയും കാലം നീ എവിടെ ആയിരുന്നു കരുണാ? പിന്നെ നാട്ടിലേക്ക് വന്നിട്ടേയില്ലെന്നാണല്ലോ കേട്ടത്. അ…അന്ന്…ഞാൻ കാരണമല്ലേ നിനക്ക് നാട് വിട്ട് പോകേണ്ടി വന്നത്. പെട്ടെന്നുണ്ടായ ദേഷ്യത്തിന് അലറിപ്പോയതാ. അത് കേൾക്കാൻ പറങ്കിക്കുന്നിൽ ആളുണ്ടാവുമെന്നാരു കരുതി.“

”എന്താ നാണീ…അന്ന് ഞാൻ കാണിച്ചതിന് അത്രയൊന്നും കിട്ടിയാൽ പോരാ. പ്രായത്തിന്റെ ഓരോ വിവരക്കേട്. നീ ക്ഷമിക്ക്. അല്ലെങ്കിലും ഞാനാ നാട് വിടാൻ തീരുമാനിച്ചിരുന്നതാ. അതൊരു കാരണമായെന്നേയുള്ളു.“

കുന്നിറങ്ങിയുള്ള ഓട്ടം ആദ്യം മംഗലാപുരത്തും പിന്നെ ബോംബെയിലും ചെന്നെത്തിയതും പല ജോലികൾ ചെയ്ത് ഒടുവിൽ ഫോട്ടോഗ്രാഫറായതും അങ്ങനെ പലർക്കൊപ്പം കാടും മലയും കയറിയതും ഒരിക്കൽ കാട്ടാനക്ക് മുന്നിൽ പെട്ട് തലനാരിഴയ്ക്ക് ജീവൻ രക്ഷപെട്ടതും ക്യാമറ നഷ്ടപ്പെട്ടതും ഒടുവിൽ സുഹൃത്തുക്കളുടെ സഹായത്തോടെ ട്രക്കിങ്ങിലേക്ക് തിരിഞ്ഞതുമെല്ലാം അയാൾ ചുരുക്കിപ്പറഞ്ഞു.
“എന്നാലും നിന്നെ ഇങ്ങനൊരു മലമുകളിൽ ഞാൻ സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിരുന്നില്ല.”

“അതെന്താ…പണ്ട് നിങ്ങൾ ചെക്കന്മാരെയൊക്കെ തോൽപ്പിച്ച് ഞാൻ കുന്നുകൾ ഓടിക്കയറിയിരുന്നതൊക്കെ മറന്നോ?”
നാണി മുഖം കൂർപ്പിച്ചു.

“പിന്നെ…അതൊക്കെ മറക്ക്വോ. എന്നാലും ഇപ്പോ നീ അമ്മയും അമ്മൂമ്മയുമൊക്കെയായി എവിടെയെങ്കിലും അടങ്ങിയൊതുങ്ങി ഇരിപ്പാവുമെന്നാ ഞാൻ വിചാരിച്ചത്. പക്ഷെ, ലിസ്റ്റിലെ സി.കെ. നാരായണി എന്ന പേരും കുന്നടിയൂരെ വിലാസവും കണ്ടപ്പോൾ ഉറപ്പിച്ചതാ അത് നീയാവുമെന്ന്. അതല്ലേ ഈ പാതിരാത്രി

തന്നെ ചാടിപ്പുറപ്പെട്ടിങ്ങു വന്നത്.”
“കരുണൻ പറഞ്ഞത് ശെരിയാ. വീടിനുള്ളിൽ അടങ്ങിയൊതുങ്ങി ജീവിക്കുക തന്നെയായിരുന്നു ഞാൻ. മനസ്സിൽ തോന്നുന്ന പോലെ യാത്രകൾ ചെയ്യാൻ തുടങ്ങിയിട്ട് അധിക കാലമായില്ല.”

“യാത്രകൾ ചെയ്യാൻ തീരുമാനിച്ചതെന്തായാലും നന്നായി. പിന്നെന്തു പറ്റി ഇപ്പോ ഈ യാത്ര പൊടുന്നനെ അവസാനിപ്പിക്കാൻ? എന്തോ പേർസണൽ കാരണങ്ങളാണെന്നാണല്ലോ എന്റെ ടീം പറഞ്ഞത്. എന്നോട് പറയാനാകുന്നതാണോ?”
അവൾ മറുപടിയൊന്നും നൽകാതെ മുഖം താഴ്ത്തി ഇരുന്നതേയുള്ളു.
“സത്യം പറഞ്ഞാൽ, നീ ഇപ്പോ പിന്മാറുന്നത് കൊണ്ട് വലിയ നഷ്ടം ഞങ്ങളുടെ കമ്പനിക്കാണ്. അറുപതുകാരിയുടെ കൊടുമുടി കയറ്റം അത്രയേറെ പരസ്യം ചെയ്തിട്ടുണ്ട്. അതൊക്കെ കണ്ടാവണം അടുത്ത ബാച്ചുകളിലേക്ക് സീനിയർ സിറ്റിസൺസിന്റെ ഭാഗത്തു നിന്നും കുറെ പുതിയ എൻക്വയറീസുമുണ്ട്. ഈ വിവരം പുറത്തറിഞ്ഞാൽ അതെല്ലാം ക്യാൻസലാവാൻ സാധ്യതയുണ്ടെന്നാണ് മാനേജ്മെന്റ് വിചാരിക്കുന്നത്. അതിനാൽ, അവസാന ശ്രമമെന്ന നിലയിൽ നിനക്കൊരു കൗൺസിലിങ്ങ് തരാനുള്ള ചുമതല കൂടി എന്നെ ഏൽപ്പിച്ചിട്ടുണ്ട്. അതു കൊണ്ട് ചോദിച്ചതാ ഞാൻ; വിട്ടേക്ക്. അല്ലെങ്കിലും, മനസ്സും ശരീരവും പൂർണ്ണസജ്ജമാവാതെ ചെയ്യാനാവുന്നതല്ലല്ലോ ഇതൊന്നും.“

അവൻ പറഞ്ഞു നിർത്തിയപ്പോൾ നാണി മൊബൈലെടുത്ത് ഒരു വാട്സ്ആപ്പ് ഓഡിയോ മെസ്സേജ് പ്ലേ ചെയ്തു:

“നിങ്ങൾ പണ്ടെന്നെ സ്ഥിരം പറഞ്ഞു പഠിപ്പിക്കാറുണ്ടായിരുന്നല്ലോ – ആരും അറിയില്ലെന്ന് കരുതി കള്ളം പറയരുത്, ചെയ്യരുത്; നമ്മൾക്കു നേരെ സദാ തുറന്നു പിടിച്ച രണ്ടു കണ്ണുകൾ എവിടെയോ ഉണ്ടെന്നൊക്കെ. കറക്റ്റാ, കണ്ടില്ലേ നിങ്ങളുടെ കള്ളം കയ്യോടെ പിടിക്കപ്പെട്ടത്. ഒറ്റക്കായതിന്റെ സ്വാതന്ത്ര്യം ആഘോഷിക്കുകയാവുമല്ലേ; നിയന്ത്രിക്കാനിപ്പോ അച്ഛനും ഞാനുമൊന്നുമില്ലല്ലോ. തന്നിഷ്ടം പോലെ ആയിക്കോളു. എന്നാലും, ഈ വയസ്സാംകാലത്ത് ഇതെന്തിന്റെ കേടാണ്. എന്തെങ്കിലും സംഭവിച്ചാൽ ജോലിയും കുടുംബവുമൊക്കെ ഉപേക്ഷിച്ച് ഓടിയെത്താൻ ഞാൻ മാത്രേള്ളൂന്നോർക്കുന്നത് നല്ലതാണ്.“

”മകനാണ്…ഒന്നേയുള്ളു…അമേരിക്കയിലാ.“
എല്ലാം കേട്ട് അമ്പരന്ന് നിൽക്കുന്ന കരുണനോടായി നാണി തുടർന്നു:
”ഇഷ്ടം പോലെ ജീവിക്കേണ്ട പ്രായമൊക്കെ കഴിഞ്ഞെന്നാ അവൻ പറയുന്നത്. പക്ഷെ, എന്റെ ഇഷ്ടങ്ങളോട്, അച്ഛനെപ്പോലെ ഭയപ്പെടുത്തലോ ഭർത്താവിനെപ്പോലെ അവഗണനയോ അല്ല അവന്റെ രീതി കേട്ടോ. ഞാനെന്തെങ്കിലും ചെയ്യാനൊരുങ്ങിയാൽ, നേരിടേണ്ടി വരാവുന്ന പ്രശ്നങ്ങൾ, ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകളൊക്കെ പറഞ്ഞു വീർപ്പിച്ച് മാനസികമായങ്ങ് തളർത്തിക്കളയും. പിന്നെയെനിക്കതു ചെയ്യാനാവില്ല. ആദ്യമൊക്കെ മകന്റെ കരുതൽ എന്നു കരുതി സന്തോഷിച്ചിരുന്നു. അവന്റെ പതിഞ്ഞ ശബ്ദത്തിൽ പ്രതിഫലിക്കുന്ന അച്ഛന്റെയും ഭർത്താവിന്റെയും അധികാരസ്വരം തിരിച്ചറിയാൻ വൈകിപ്പോയി.
ഇതിപ്പോ അവനോടു പറയാതെ നടത്തിയ യാത്രയാണ്. കാശി-അയോദ്ധ്യ ഗ്രൂപ്പ്‌ ടൂർ എന്ന പേരിലാണ് യാത്ര പുറപ്പെട്ടത്. തീർത്ഥാടനമായത് കൊണ്ട് മകന് നൂറു സമ്മതമായിരുന്നു. പക്ഷെ, മരുമകൾക്കൊക്കെയറിയാം. അവളാണ് എല്ലാം അറേഞ്ച് ചെയ്തു തന്നത്. നിങ്ങളുടെ ആ പരസ്യം വൈറലായല്ലോ. അങ്ങനെയാവണം അവനറിഞ്ഞത്.“

അല്പനേരത്തേക്ക് ഇരുവരുമൊന്നും സംസാരിച്ചില്ല.
“നാണീ, ഞാനിനി സംസാരിക്കുന്നത് കമ്പനി പ്രതിനിധി ആയിട്ടല്ല. നിന്റെ പഴയ സുഹൃത്ത് കരുണനായിട്ടാണ്.

പണ്ട് പറങ്കിക്കുന്ന് കയറാൻ പേടിച്ചു നിന്ന എനിക്ക് ധൈര്യം തന്നത് നീയായിരുന്നു. നീ ഒപ്പമുണ്ടെന്ന ഒറ്റ ധൈര്യത്തിലാണ് ഞാനന്ന് ഓടിക്കയറിയത്. അന്ന് ഞാൻ കീഴടക്കിയത് പറങ്കിക്കുന്നിന്റെ ഉയരം മാത്രമായിരുന്നില്ല, എന്റെയുള്ളിലെ ഭയത്തിന്റെ കൊടുമുടിയെ കൂടിയായിരുന്നു. അഞ്ചാം വയസ്സിൽ, അച്ഛനുമമ്മയും പറങ്കിമാവിന്റെ ഒരേ കൊമ്പിൽ ഒരേ കയറിന്റെ രണ്ടറ്റത്തായി തൂങ്ങിയാടുന്നതു കണ്ടതു തൊട്ട് മനസ്സിൽ കയറിക്കൂടിയ പേടിയായിരുന്നു. പെട്ടെന്നതിൽ നിന്നും രക്ഷപെട്ടതിന്റെ വികാരത്തളിച്ചയിലാണ് നിന്നോടന്നങ്ങനെ ചെയ്തു പോയത് പോലും.

അന്നത്തെ അതേ നാണിയെ എനിക്കിപ്പോൾ കാണാം. മനസിനും ശരീരത്തിനും ഉറപ്പുള്ളത് കൊണ്ടാണ് നിനക്കീ അറുപതാം വയസ്സിൽ ഇവിടെ വരെ എത്താൻ സാധിച്ചത്. എത്രയൊക്കെ ആഗ്രഹിച്ചിട്ടും പല പ്രതിസന്ധികൾ കാരണം ചെറിയ യാത്രകൾക്കു പോലും പോകാനാവാതെ വീട്ടിലിരുന്നു പോകുന്ന ഒരുപാടു സ്ത്രീകളുണ്ട്. അവർക്ക് കൂടി പ്രചോദനമാവുന്നതാണ് നിന്റെ നേട്ടം. അത് വെറുതെയങ്ങനെ നഷ്ടപ്പെടുത്തിക്കളയരുത്.

പിന്നേ, നമ്മുടെ പിള്ളേർക്കൊക്കെ ഒരു വിചാരമുണ്ട് ഒരമ്പത് വയസ്സ് കഴിഞ്ഞാൽ ആവിയായി പോകുന്ന എന്തോ ആണ്‌ ഈ ഇഷ്ടങ്ങളും ആഗ്രഹങ്ങളുമെന്നൊക്കെ. അതൊന്ന് മാറ്റി കൊടുക്കണമല്ലോ. ഏതായാലും നിന്റെ മകനോട് ഞാനൊന്ന് സംസാരിച്ചു നോക്കട്ടെ. അമേരിക്കയിലിപ്പോ പകലാവുമല്ലോ. നമ്പർ തരൂ.“
കരുണൻ സാറ്റലൈറ്റ് ഫോൺ കയ്യിലെടുത്തു.
രണ്ടാമത്തെ ശ്രമത്തിലാണ് കണക്ടായത്.

”ഹലോ..മോനേ..ഞാൻ കരുൺ. നിങ്ങളുടെ അമ്മയുടെ ഗ്രൂപ്പിന്റെ ട്രെക്കിങ് ഗൈഡ് ആണ്‌. ഞങ്ങൾ പഴയ കളിക്കൂട്ടുകാർ കൂടിയാണ് കേട്ടോ. വർഷങ്ങൾക്ക് ശേഷമുള്ള കണ്ടുമുട്ടൽ വല്ലാത്ത സർപ്രൈസ് ആയി രണ്ടാൾക്കും. അപ്പോഴാണ്, മോന്റെ പെർമിഷനില്ലാത്തത് കൊണ്ട് അവൾ കയറ്റത്തിൽ നിന്നു പിന്മാറുകയാണെന്നറിഞ്ഞത്. മോനോടൊന്നു സംസാരിക്കാമെന്നു കരുതി വിളിച്ചതാ…ഈ പ്രായത്തിലും അമ്മക്ക്‌ ഇവിടെ വരെ കയറി എത്താൻ സാധിച്ചത് നിസ്സാര കാര്യമല്ല. കയറ്റം പൂർത്തിയാക്കാനുള്ള പൂർണ ആരോഗ്യമുണ്ടെന്ന് ഞങ്ങളുടെ ഡോക്ടർസ് സർട്ടിഫൈ ചെയ്തിട്ടുമുണ്ട്. പിന്നെ ഞങ്ങളൊക്കെ ഉണ്ടല്ലോ. മോൻ ടെൻഷനടിക്കേണ്ട. ശരിക്കും നിങ്ങൾ അഭിമാനിക്കുകയല്ലേ….“

കരുണനെ പൂർത്തിയാക്കാൻ വിടാതെ അപ്പുറത്ത് നിന്നും ശബ്ദമുയർന്നു:
”അമ്മയ്ക്കു ഫോൺ കൊടുക്കൂ…ഞാൻ അവരോട് സംസാരിച്ചോളാം“
ശബ്ദത്തിലെ പരുഷത തിരിച്ചറിഞ്ഞ കരുണൻ ഫോൺ വേഗം തന്നെ നാണിക്ക് നീട്ടി.
”ഓഹ്…ഇപ്പോ കളിക്കൂട്ടുകാരന്റെ കൂടെ ആയോ കറക്കം..ച്ഛെ…നിങ്ങൾ ആരെ കൊണ്ടൊക്കെ റെക്കമന്റ് ചെയിച്ചാലും എന്റെ സമ്മതം കിട്ടാൻ പോകുന്നില്ല. വേഗം തിരിച്ചു പോകാൻ നോക്കു…അതാണ് ഫൈനൽ.“
”അതിനു മോന്റെ സമ്മതം അമ്മയ്ക്ക് വേണ്ടെങ്കിലോ…“

നാണിയുടെ ഉറച്ച മറുപടി കേട്ട് കരുണൻ അവളെ അവിശ്വസനീയതയോടെ നോക്കി.
”നീയോർക്കുന്നോ, പണ്ട് നിന്റെ അച്ഛൻ നിന്നെ പട്ടാളത്തിൽ ചേരാനുള്ള പരീക്ഷകളെഴുതാൻ നിർബന്ധിക്കുമ്പോൾ നിന്റെ ആഗ്രഹം സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയി വിദേശത്ത് ജോലി ചെയ്യാനായിരുന്നു. അന്ന് നീയെന്റെ മുന്നിലത് പറഞ്ഞു കരഞ്ഞപ്പോൾ നിന്റെ കണ്ണിലെ ആഗ്രഹത്തിന്റെ തീവ്രത തിരിച്ചറിഞ്ഞാണ് ആദ്യമായും അവസാനമായും ഞാൻ അദേഹത്തോട് എതിർത്തു സംസാരിച്ചത്. നിന്റെയാ ആഗ്രഹത്തിന്റെ പതിന്മടങ്ങു തീവ്രതയോടെ ഈ കൊടുമുടിയുടെ അറ്റത്തെത്താൻ ഞാൻ ആഗ്രഹിക്കുന്നുണ്ട്. ഇത്രകാലം എനിക്ക് നഷ്ടപെട്ട സമയത്തെ വീണ്ടെടുക്കാനുള്ള ശ്രമം കൂടിയാണത്. അതൊന്നും പറഞ്ഞാൽ നിനക്ക് മനസിലാവില്ല. ഇനിയെങ്ങാനും നീ പറഞ്ഞ പോലെ ഇടയ്ക്കു ഞാൻ വീണു പോയാൽ, നീ വരേണ്ടി വരില്ല എന്നെ നോക്കാൻ. ഇവിടെ കാശിനു ആളെക്കിട്ടാനാണോ പ്രയാസം?“
ഫോൺ തിരികെ നൽകുമ്പോൾ അവളുടെ മുഖത്തു പടർന്ന പ്രശാന്തി അയാൾ വായിച്ചറിഞ്ഞു.

പത്താം നാൾ “സെക്കന്റ്‌ഹാഫ്” സംഘം കൊടുമുടിയുടെ തലപ്പത്തെത്തി. കുട്ടിക്കാലത്ത് കുന്നുകളുടെ മുകളിലെത്തിയാൽ ചെയ്യാറുള്ളതു പോലെ, കൈകൾ വിടർത്തി ആകാശത്തേക്ക് നോക്കി അവളങ്ങനെ നിന്നു. പിന്നെ, അടുത്ത് നിന്ന കരുണനെ കെട്ടിപ്പിടിച്ച് പതിറ്റാണ്ടുകൾ പഴക്കമുള്ള ഒരു കടം വീട്ടി. അപ്പോൾ അവിടെ വീശുന്ന കാറ്റിന് പറങ്കിമാങ്ങയുടെ ഗന്ധമാണെന്ന് കരുണന് തോന്നി.◼️

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നാരായണീയ ജ്ഞാനയജ്ഞം നാളെ മുതൽ

ബെംഗളൂരു: ബെംഗളൂരു സത്സംഗിന്റെ ആഭിമുഖ്യത്തിൽ സ്വാമി ഉദിത് ചൈതന്യയുടെ 7 ദിവസത്തെ...

ശ്രീനാരായണ സമിതിയിൽ വിദ്യാരംഭം നടത്തി

ബെംഗളൂരു: ശ്രീനാരായണ സമിതിയിൽ വിദ്യാരംഭം നടത്തി. ശ്രീനാരായണ സമിതിയുടെ ആഭിമുഖ്യത്തിൽ നവരാത്രി...

അതിതീവ്ര മഴയ്ക്ക് സാധ്യത; നാളെ മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ തുലാമഴ ശക്തമാകുന്നു. നാളെ മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്...

ആന്ധ്രയിൽ റോഡ് നിർമാണത്തിനിടെ തീപിടിത്തം; 7 പേർ മരിച്ചു

വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ അല്ലാൂരി സീതാരാമരാജു (ASR) ജില്ലയിൽ റോഡ് നിർമാണ പ്രവർത്തനത്തിനിടെയുണ്ടായ...

നാരായണീയ ജ്ഞാനയജ്ഞം നാളെ മുതൽ

ബെംഗളൂരു: ബെംഗളൂരു സത്സംഗിന്റെ ആഭിമുഖ്യത്തിൽ സ്വാമി ഉദിത് ചൈതന്യയുടെ 7 ദിവസത്തെ...

ശ്രീനാരായണ സമിതിയിൽ വിദ്യാരംഭം നടത്തി

ബെംഗളൂരു: ശ്രീനാരായണ സമിതിയിൽ വിദ്യാരംഭം നടത്തി. ശ്രീനാരായണ സമിതിയുടെ ആഭിമുഖ്യത്തിൽ നവരാത്രി...

അതിതീവ്ര മഴയ്ക്ക് സാധ്യത; നാളെ മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ തുലാമഴ ശക്തമാകുന്നു. നാളെ മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്...

ആന്ധ്രയിൽ റോഡ് നിർമാണത്തിനിടെ തീപിടിത്തം; 7 പേർ മരിച്ചു

വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ അല്ലാൂരി സീതാരാമരാജു (ASR) ജില്ലയിൽ റോഡ് നിർമാണ പ്രവർത്തനത്തിനിടെയുണ്ടായ...

ആഗോള ദൈവദശക പാരായണയജ്ഞം നാളെ

ബെംഗളൂരു: ബെംഗളൂരു ഗുരുഭക്ത കൂട്ടായ്മ സംഘടിപ്പിക്കുന്ന ആഗോള ദൈവദശക പാരായണം ഞായറാഴ്ച...

മലയാളി വിദ്യാർഥി കർണാടകയിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു

ബെംഗളൂരു: മലയാളി വിദ്യാർഥി കർണാടകയിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു കണ്ണൂർ ചമ്പാട്ട്...

ഖത്തർ കെ‌എം‌സിസി കവർച്ച; വ്യവസായി റസാഖ് റൊട്ടാനയെ മുസ്‌ലീംലീഗ് പുറത്താക്കി

കോഴിക്കോട്: ഖത്തറിലെ കെഎംസിസി ഓഫീസില്‍ നടന്ന കോടികളുടെ കവര്‍ച്ചാ കേസില്‍ ആരോപണം...

Related Articles

Popular Categories