ചെന്നൈ: തമിഴ്നാട്ടിൽ കനത്ത മഴ തുടരുന്നു. മഴക്കെടുതികളിൽ സംസ്ഥാനത്ത് ആറ് പേർക്ക് ജീവൻ നഷ്ടമായി. ദിണ്ടിഗലിൽ വെള്ളം നിറഞ്ഞ കുഴിയിൽ വീണു പ്രദേശവാസിയായ 45കാരിയും രാജസ്ഥാൻ സ്വദേശിയായ ഒന്നാം ക്ലാസ് വിദ്യാർഥിയും മരിച്ചു. കൃഷ്ണഗിരിയിൽ സ്കൂട്ടറിൽ യാത്ര ചെയ്ത 45കാരി വൈദ്യുതി കമ്പിയിൽ കുരുങ്ങി ഷോക്കേറ്റ് മരിച്ചു. നീലഗിരിയിൽ 24 മണിക്കൂറിൽ 62 സ്ഥലത്ത് മണ്ണിടിച്ചിലുണ്ടായി. ഊട്ടിയിൽ മരം വീടിന് മുകളിലേക്ക് വീണ് രണ്ടു പേർക്ക് പരിക്കേറ്റു.
ദിണ്ടിഗൽ, കോയമ്പത്തൂർ, രാമനാഥപുരം ജില്ലയിൽ ഇന്ന് സ്കൂളുകൾക്ക് അവധിയാണ്. നീലഗിരിയിൽ നാലു താലൂക്കിലും അവധി നൽകിയിട്ടുണ്ട്. മഴയും മണ്ണിടിച്ചിൽ ഭീഷണിയും ശക്തമായതിനാൽ കൊടൈക്കനാൽ ഫോറസ്റ്റ് ഡിവിഷന് കീഴിലുള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ ഇന്നും അടച്ചിടുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ബംഗാൾ ഉൾക്കടലിലെ തീവ്രന്യൂനമർദ്ദം ശക്തമാകുന്നതിനാൽ തമിഴ്‌നാട്ടിലെ രണ്ട് ജില്ലകളിൽ നിലവിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആന്ധ്രാ തീരത്തേക്ക് നീങ്ങുന്ന ചുഴലിക്കാറ്റ് ഭീഷണിയുടെ പശ്ചാത്തലത്തിൽ പുതുച്ചേരി, കാരയ്ക്കൽ മേഖലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി നൽകിയിട്ടുണ്ട്.
SUMMARY:Heavy rain; schools in three districts of Tamil Nadu are closed today.
















