കൊച്ചി: ചേരാനെല്ലൂരിൽ 17കാരനോടിച്ച കാറിടിച്ച് ഒരാൾ മരിച്ച കേസിൽ പിതാവിനെതിരേ കേസെടുത്ത് പോലിസ്. ഹൈക്കോടതിയുടെ അനുമതി തേടിയ ശേഷമാണ് 17കാരന്റെ പിതാവും വാഹന ഉടമയുമായ അഡീഷണൽ സെഷൻസ് ജഡ്ജി റിനോ ഫ്രാൻസിസ് സേവ്യറിനെതിരേ പോലിസ് കേസെടുത്തത്. പ്രായപൂർത്തിയാകാത്തയാൾക്ക് വാഹനം നൽകിയതിനെത്തുടർന്നുണ്ടായ അപകടത്തിൽ, ആർ.സി. ഓണർ എന്നനിലയിലാണ് ജഡ്ജിക്കെതിരേ കേസ് രജിസ്റ്റർചെയ്തത്.
സംഭവത്തില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. നടന്ന സംഭവങ്ങള്‍ ജുഡീഷ്യറിയ്ക്ക് അവമതിപ്പുണ്ടാക്കിയെന്ന് കോടതി വിലയിരുത്തി. ഹൈക്കോടതി രജിസ്ട്രിയോടാണ് റിപ്പോര്‍ട്ട് തേടിയത്. വാഹനത്തിന്റെ ആര് സി ഓണര്‍ ജഡ്ജിയാണോയെന്ന് പരിശോധിക്കുകയാണ്. അതില്‍ റിപ്പോര്‍ട്ട് ലഭിച്ചശേഷം ജഡ്ജിയെ സസ്പെന്‍ഡ് ചെയ്തേക്കുമെന്നാണ് വിവരം.
അതേസമയം, പ്രായപൂർത്തിയാകാത്ത പ്രതിയുടെ ജാമ്യം റദ്ദാക്കാനും പോലിസ് എറണാകുളം ജില്ലാ സെഷൻസ് കോടതിയിൽ അപേക്ഷ നൽകും. പ്രതിക്കെതിരെ പോലീസ് 181,183 മോട്ടോർ ആക്ട് ചുമത്തിയിട്ടുണ്ട്. ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചു, അമിതവേഗതിയിൽ വാഹനം ഓടിച്ചു എന്നിവയാണ് വകുപ്പുകൾ.
ഇതിനിടെ, 17കാരൻ അർധരാത്രി വാഹനവുമായി ഇറങ്ങിയത് റീൽസ് ചിത്രീകരിക്കാനാണെന്ന് പോലീസ് പറഞ്ഞു. അപകടം സംഭവിക്കുന്നതിന് മുമ്പ് ഇയാൾ 104 കിലോമീറ്റർ വേഗത്തിൽ വാഹനം ഓടിക്കുന്ന ദൃശ്യം പോലിസിനു ലഭിച്ചു. ഇയാൾ സ്ഥിരമായി വാഹനം ഓടിക്കുന്നയാളാണെന്നും പോലിസ് പറയുന്നു.
ഞായറാഴ്ച പുലർച്ചെയാണ് 17കാരൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രക്കാരനായ മഞ്ഞാലി സ്വദേശി ജയബാലകൃഷ്ണൻ (55) മരിച്ചത്. അപകടത്തിന് പിന്നാലെ 17 കാരനെ പോലിസ് കസ്റ്റഡിയിലെടുത്തെങ്കിലും വൈകുന്നേരത്തോടെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.
SUMMARY: Cheranalloor accident: Case registered against judge who owns the vehicle
















