തിരുവനന്തപുരം: കോവളം സ്പാ പീഡനക്കേസിൽ ഇടനിലക്കാരിയായി പ്രവർത്തിച്ചിരുന്ന വനിതയെ പോലീസ് അറസ്റ്റ് ചെയ്തു. നഗരൂർ ആരോഗ്യകേന്ദ്രത്തിലെ താൽക്കാലിക ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വി. മായയെ (42) ആണ് കോവളം പോലീസ് അറസ്റ്റ് ചെയ്തത്. ആന്ധ്രപ്രദേശ് സ്വദേശിയായ പെൺകുട്ടിയെയാണ് പീഡിപ്പിച്ചത്. കേസിൽ അറസ്റ്റിലായ ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപിന്റെ അടുത്ത സുഹൃത്താണ് മായ. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി.
പെൺകുട്ടിയെ കാണാനില്ലെന്ന പരാതിയിൽ പോലിസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന പീഡനം പുറത്തറിഞ്ഞത്. പെൺകുട്ടിയെ പോലിസ് കണ്ടെത്തി കോടതിയിൽ ഹാജരാക്കിയപ്പോൾ പരാതിക്കാർ സമർപ്പിച്ച രേഖകളിൽ 20 വയസായിരുന്നു. ഇതിൽ സംശയം തോന്നിയ പോലീസ് പെൺകുട്ടി പഠിച്ച സ്കൂളിന്റെ വിലാസം കണ്ടെത്തി വിവരങ്ങൾ തേടിതോടെയാണ് പെൺകുട്ടിയുടെ പ്രായം 16 വയസാണെന്ന് തെളിഞ്ഞത്.
തുടർന്ന് കൗൺസിലിങ്ങിന് വിധേയയാക്കിയതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. കോവളത്തെ സ്പാ നടത്തിപ്പുകാരായ നിശാന്ത്, സജിത്ത് കുമാർ എന്നിവരാണ് കേസിൽ ആദ്യം അറസ്റ്റിലായത്. ഇതിനുപിന്നാലെയാണ് നിശാന്തിന്റെ സ്പായുടെ ഉടമ ഹെൽത്ത് ഇൻസ്പെക്ടറായ അനുരൂപാണെന്ന് കണ്ടെത്തിയത്. തുടർന്ന് ഇയാളെയും പോലിസ് പിടികൂടി. ഒരുവർഷമായി മായയും അനുരൂപും സൗഹൃദത്തിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. അനുരൂപിന്റെ ഫോണിൽനിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് മായയെ അറസ്റ്റ് ചെയ്തത്. സ്പാ നടത്തിപ്പുകാരിൽനിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ ഒരു പങ്ക് മായയുടെ അക്കൗണ്ടിലേക്ക് എത്തിയിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത ആന്ധ്ര സ്വദേശിനിയായ പെൺകുട്ടിയെ സ്പായിലെത്തിച്ച ഇളയമ്മയെയും ഇവരോടൊപ്പം താമസിച്ചിരുന്ന യുവാവിനെയും ആന്ധ്രയിൽനിന്ന് അറസ്റ്റ് ചെയ്തിരുന്നു. സ്പാ നടത്തിപ്പുകാരായ സജിത്ത് കുമാർ (47), നിഷാന്ത് (46) എന്നിവരും കേസിൽ അറസ്റ്റിലായിട്ടുണ്ട്.
SUMMARY:Kovalam spa abuse case: Female Health Inspector arrested
















