ഡല്‍ഹി: ഏഷ്യൻ പാരാ ഗെയിംസില്‍ സ്വർണ മെഡല്‍ ജേതാവായ കായികതാരം ആത്മഹത്യ ചെയ്തു. നീരജ് യാദവ് (42) ആണ് വീട്ടില്‍ വച്ച് വിഷം കഴിച്ച് ജീവനൊടുക്കിയത്. ഇന്ത്യൻ പാരാ അത്ലലറ്റിക്സ് ടീം മുഖ്യ പരിശീലകൻ എസ്. സത്യനാരായണ സംഭവം സ്ഥിരീകരിച്ചു. ഉത്തേജക മരുന്ന് പരിശോധനയില്‍ പിടിക്കപ്പെട്ട് വിലക്ക് ലഭിച്ചതോടെ 2026 ഒക്റ്റോബർ ആദ്യം ജപ്പാനിലെ ഐച്ചി-നഗോയയില്‍ നടന്ന ഏഷ്യൻ പാരാ ഗെയിംസില്‍ പങ്കെടുക്കാൻ നീരജിന് സാധിച്ചിരുന്നില്ല.
ഇതേ തുടർന്ന് നീരജ് മാനസിക വിഷമത്തിലായിരുന്നുവെന്നാണ് വിവരം. ഷോട്ട് പുട്ട്, ഡിസ്കസ്, ജാവലിൻ തുടങ്ങിയവ അടങ്ങുന്ന എഫ് 55 വിഭാഗത്തിലാണ് നീരജ് മത്സരിച്ചിരുന്നത്. 2018ല്‍ ജക്കാർത്തയില്‍ നടന്ന ഏഷ്യൻ പാരാ ഗെയിംസില്‍ നീരജ് മൂന്ന് സ്വർണ മെഡലുകള്‍ നേടിയിരുന്നു. തുടർന്ന് 2023 ചൈനയിലെ ഹാങ്ഷൂവില്‍ നടന്ന പാരാ ഗെയിംസിലും രണ്ട് സ്വർണ മെഡലുകള്‍ കരസ്ഥമാക്കി.
എന്നാല്‍ ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയതോടെ 2023ല്‍ നേടിയ രണ്ട് സ്വർണ മെഡലുകള്‍ ഏഷ്യൻ പാരാലിംപിക് കമ്മിറ്റി തിരിച്ചുവാങ്ങിയിരുന്നു. ഇതോടെ സർക്കാരില്‍ നിന്ന് ക്യാഷ് അവാർഡും നീരജിന് ലഭിച്ചിരുന്നില്ല. ഏഴാം വയസില്‍ പോളിയോ ബാധിച്ചതിനെ തുടർന്ന് വീല്‍ചെയറിലാണ് നീരജ് കായിക മത്സരങ്ങളില്‍ പങ്കെടുത്തിരുന്നത്.
SUMMARY: Asian Para Games gold medalist Neeraj Yadav found dead
















